ഐഎൻഎംഒ നേതൃത്വത്തിലേക്ക് മൈഗ്രന്റ് നഴ്സസ് അയർലൻഡിന്റെ പ്രതിനിധികൾ

Mail This Article
ഡബ്ലിൻ ∙ അയർലൻഡിലെ നഴ്സുമാരുടെ ഏറ്റവും വലിയ ട്രേഡ് യൂണിയൻ ആയ ഐറിഷ് നഴ്സസ് ആൻഡ് മിഡ്‌വൈവ്സ് യൂണിയന്റെ ദേശീയ എക്സിക്യൂട്ടീവ് കൗൺസിലിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ മൈഗ്രന്റ് നഴ്സസ് അയർലൻഡ് പിന്തുണച്ച നാല് ഇന്ത്യക്കാർ എക്സിക്യൂട്ടീവ് കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. സംഘടനയുടെ ദേശീയ കൺവീനർ വർഗീസ് ജോയിയും മാറ്റർ പബ്ലിക് ഹോസ്പിറ്റൽ പ്രതിനിധിയായ ട്രീസ്സ പി ദേവസ്സ്യയും മാനേജ്‌മന്റ് സീറ്റുകളിലേക്കും സംഘടനയുടെ വാട്ടർഫോർഡ് പ്രതിനിധിയായ ശ്യാം കൃഷ്ണൻ ക്ലിനിക്കൽ സീറ്റിലേക്കും ആണ് വിജയിച്ചത്. ഇതുകൂടാതെ മൈഗ്രന്റ് നഴ്സസ് അയർലൻഡ് പിന്തുണച്ച ജിബിൻ മറ്റത്തിൽ സോമനും ക്ലിനിക്കൽ സീറ്റിലേക്ക് വിജയിച്ചു.
അയർലൻഡിലെ ഏകദേശം അമ്പതിനായിരത്തോളം നഴ്സുമാർക്കിടയിൽ നടന്ന വാശിയേറിയ തിരഞ്ഞെടുപ്പിലാണ് സംഘടന പിന്തുണച്ചവർ വിജയിച്ചത്. രണ്ടു വർഷത്തേക്കാണ് എക്സിക്യൂട്ടീവ് അംഗങ്ങളുടെ കാലാവധി. INMO-യുടെ എക്സിക്യൂട്ടീവ് കൗൺസിലിലേക്ക് ആദ്യമായിട്ടാണ് ഇന്ത്യക്കാർ തിരഞ്ഞെടുക്കപ്പെടുന്നത്.