അയർലൻഡിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി; സൈമൺ ഹാരിസ് ചുമതലയേറ്റു
Mail This Article
ഡബ്ലിൻ∙ അയർലൻഡ് പ്രധാനമന്ത്രിയായി ഉന്നത വിദ്യാഭ്യാസ മന്ത്രി സൈമൺ ഹാരിസ് തിരഞ്ഞെടുക്കപ്പെട്ടു. ഇന്ന് രാവിലെ 10.30ന് പാർലമെന്റിൽ ആരംഭിച്ച വോട്ടെടുപ്പിലാണ് സൈമൺ ഹാരിസ് തിരഞ്ഞെടുക്കപ്പെട്ടത്. പാർലമെന്റിന്റെ അധോസഭയായ അയർലൻഡ് ഡെയിൽ 69 നെതിരെ 88 വോട്ടുകളാണ് സൈമൺ ഹാരിസിന് ലഭിച്ചത്. തുടർന്ന് അയർലൻഡ് പ്രസിഡന്റ് മൈക്കൽ ഡി ഹിഗ്ഗിൻസുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി പദം ഏറ്റെടുത്തു.
അയർലൻഡിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായാണ് 37 കാരനായ സൈമൺ ഹാരിസ് ചുമതലയേറ്റത്. നിലവിൽ പ്രധാനമന്ത്രിയായിരുന്ന ഇന്ത്യൻ വംശജനായ ലിയോ വരദ്കർ മാർച്ച് 20 ന് രാജി വെച്ചതിനെ തുടർന്നാണ് പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കേണ്ട സാഹചര്യം ഉണ്ടായത്. ഇതേ തുടർന്ന് അയർലൻഡിൽ സഖ്യകക്ഷി സർക്കാരിനെ നയിക്കുന്ന ഫൈൻ ഗെയ്ൽ പാർട്ടിയുടെ നേതാവായി മാർച്ച് 24 ന് സൈമൺ ഹാരിസ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. നിലവിലുള്ള സര്‍ക്കാര്‍ ന്യൂനപഷം ആണെന്ന് സൈമൺ ഹാരിസ് ആശങ്കപ്പെട്ടിരുരുന്നു. എങ്കിലും ആകെയുള്ള 160 അഗങ്ങളിൽ സ്പീക്കർ ഒഴികെ വെറും 80 അംഗങ്ങളുടെ മാത്രം ഉണ്ടായിരുന്ന സൈമൺ ഹാരിസ് 8 വോട്ടുകൾ കൂടി പ്രതിപക്ഷത്ത് നിന്നും നേടി.
സുഗമമായ ഭരണത്തിന് പ്രതിപക്ഷത്തുള്ള സ്വതന്ത്ര എംപിമാരുടെ പിന്തുണ ഉറപ്പാക്കാൻ സൈമൺ ഹാരിസ് നടത്തിയ നീക്കത്തിന്റെ ഫലമായാണ് അധിക വോട്ടുകൾ നേടിയത്. ഒരു വർഷമാണ് സർക്കാരിന്റെ ശേഷിക്കുന്ന കാലാവധി. ഫിനാഫാള്‍, ഫൈൻ ഗാല്‍, ഗ്രീന്‍ പാര്‍ട്ടി എന്നിങ്ങനെ മൂന്ന് പാർട്ടികൾ ചേർന്നുള്ള മുന്നണിയാണ് അയർലൻഡ് ഭരിക്കുന്നത്. ഇന്ന് പാർലമെന്റ് സമ്മേളനം പൂർത്തിയാകുന്നതോടെ പുതിയ മന്ത്രിമാരെയും തിരഞ്ഞെടുക്കപ്പെടും.