ADVERTISEMENT

ഗ്ലാസ്‌ഗോ∙ ജപ്പാനിൽ  നടന്ന രാജ്യന്തര കരാട്ടെ മത്സരത്തിൽ യുകെയ്ക്ക് ചാംപ്യൻ പട്ടം. മലയാളി ടോം ജേക്കബാണ് സ്വർണമെഡൽ കരസ്ഥമാക്കി. ജപ്പാനിലെ മിനാമിബോസോ സിറ്റിയിൽ ചിബാ-കെനിൽ നടന്ന ഇന്‍റർനാഷനൽ കരാട്ടെ ചാംപ്യൻഷിപ്പിൽ രണ്ട് ദിവസത്തെ പോരാട്ടത്തിലൂടെയാണ് ടോം ജേക്കബ് ഈ നേട്ടം കൈവരിച്ചത്.

japan-international-karate-competition-tom-jacob-wins-gold

ഇന്ത്യയിൽ നിന്ന് ഏകദേശം 20 വർഷം മുമ്പ് സ്കോട്​ലൻഡിലെ ഇൻവർക്ലൈഡിലേക്ക് എത്തിയ ടോം പഠനത്തോടൊപ്പം ആയോധന കലകളും അഭ്യാസം തുടർന്നു. രാജ്യന്തര മത്സരത്തിൽ തന്‍റെ പ്രിയപ്പെട്ട ഇനമായ കരാട്ടെയിൽ വിജയം നേടാൻ കഴിഞ്ഞതിൽ ടോം അതിയായ സന്തോഷം പ്രകടിപ്പിച്ചു. ലോകത്തിലെ ഏറ്റവും മികച്ചവരോടൊപ്പം മത്സരിക്കാൻ സാധിച്ചത് വളരെ മികച്ച അനുഭവമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജപ്പാൻ സന്ദർശനം ഏറെ ആസ്വാദ്യകരവും മനോഹരവുമായിരുന്നുവെന്നും അവിടുത്തെ ജനങ്ങൾ വളരെ അച്ചടക്കമുള്ളവരും നിശ്ചയദാർഢ്യമുള്ളവരുമാണെന്നും ചാംപ്യൻ അഭിപ്രായപ്പെട്ടു.

japan-international-karate-competition-tom-jacob-wins-gold

ഗ്ലാസ്‌ഗോയിലെ കിങ്ഗ്സ്റ്റൺ ഡോക്കിൽ ഭാര്യ ജിഷ ഗ്രിഗോറിക്കും 15 വയസ്സുള്ള മകൻ ലിയോണിനുമൊപ്പം കുടുംബസമേതം താമസിക്കുന്ന ടോം, തന്‍റെ വിജയത്തിന് പിന്നിൽ ശക്തമായ പിന്തുണയും പ്രോത്സാഹനവും നൽകിയ ഭാര്യയെയും മകനെയും അഭിനന്ദിച്ചു. അർപ്പണബോധത്തോടെ പരിശീലനം നടത്തുന്ന ടോം ഇനിയും ആഗോളതലത്തിൽ കരാട്ടെയിൽ അജയ്യനായി തുടരാനുള്ള ലക്ഷ്യത്തോടെ കഠിനമായ പരിശീലനം തുടരുകയാണ്.

japan-international-karate-competition-tom-jacob-wins-gold

2019-ൽ ജപ്പാനിലെ ഒകിനാവ കരാട്ടെ ഇന്‍റർനാഷണൽ സെമിനാറിൽ പങ്കെടുത്തതിന് ശേഷം യുകെയിൽ ഏറെ പ്രശസ്തനായ ടോം ജേക്കബ്, ആയോധന കലയിൽ യുകെയുടെ അംബാസഡറും, ഇന്‍റർനാഷണൽ ഷോറിൻ റ്യൂ റൈഹോക്കൻ അസോസിയേഷന്‍റെ ചീഫ് ഇൻസ്ട്രക്ടറുമായി നിരവധി അംഗീകാരങ്ങളും പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. 

ദക്ഷിണേന്ത്യയിൽ ജനിച്ച ടോം ജേക്കബ്, ഒൻപതാം വയസ്സിലാണ് ആയോധനകല അഭ്യസിച്ചു തുടങ്ങിയത്. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം, കേരള സർവ്വകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയതിനു പിന്നാലെയാണ് യു കെയിലേക്ക് എത്തിയത്. യു കെയിൽ നിന്നും മാർക്കറ്റിങിൽ എംബിഎ വിജയകരമായി പൂർത്തിയാക്കിയ ടോം, ബ്രിട്ടിഷ് പൗരത്വം സ്വീകരിച്ചിട്ടു 17 വർഷം കഴിഞ്ഞിരിക്കുകയാണ്. 2018-ൽ തന്‍റെ അഞ്ചാമത്തെ ഡാൻ ബ്ലാക്ക് ബെൽറ്റ് നേടിയ ടോം കരാട്ടെയിൽ എക്സലന്‍റ് സർട്ടിഫിക്കറ്റുള്ള പരിശീലകനും കൂടിയാണ്. അതുപോലെ താന്നെ യു കെയിലെ സർട്ടിഫൈഡ് ബോക്സിങ് കോച്ച് കൂടിയാണ് താരം. 

japan-international-karate-competition-tom-jacob-wins-gold

മിക്സഡ് ആയോധന കലകൾ (എംഎംഎ), കിക്ക്ബോക്സിങ്, മുവായ് തായ്, യോഗ, ഇന്ത്യൻ ആയോധന കലയായ കളരിപ്പയറ്റ് എന്നിവയിൽ പരിശീലനം നൽകുകയും ചെയ്യുന്നുണ്ട്. വിക്ടോറിയ ബോക്സിങ് ക്ലബിലെ യുവാക്കളെ ആയോധനകലകളിൽ സഹായിക്കുകയും, അതോടൊപ്പം തന്‍റെ കായിക ഇനത്തിൽ രാജ്യന്തര തലത്തിൽ മത്സരിക്കുവാൻ തുടർ പദ്ധതിയിടുകയും ചെയ്യുന്ന ടോം, അടുത്ത വർഷം ജപ്പാനിൽ വെച്ച് നടത്തപ്പെടുന്ന രാജ്യാന്തര കരാട്ടെ മത്സരത്തിൽ വീണ്ടും മാറ്റുരക്കുവാനുള്ള തയ്യാറെടുപ്പിലാണ്.  

English Summary:

Japan International Karate Competition – Tom Jacob wins Gold

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com