ADVERTISEMENT

ലണ്ടന്‍ • രാജ്യത്തിന്റെ പ്രതിരോധ മേഖലയിൽ കൂടുതൽ പണം വകയിരുത്തി യുകെ. ജിഡിപിയുടെ 2.5% പ്രതിരോധ ചിലവുകൾക്കായി നീക്കിവയ്ക്കുമെന്ന് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു. ഇതനുസരിച്ച് 2030 ഓടെ യുകെയുടെ പ്രതിവർഷ പ്രതിരോധ ചിലവ് 87 മില്യൻ പൗണ്ടായി ഉയരും. പ്രതിരോധ ചിലവ് ഉയർത്തുവാൻ ഡിഫൻസ് സെക്രട്ടറി ഗ്രാൻഡ് ഷാപ്പ്സ് ഉൾപ്പെടെയുള്ള കൺസർവേറ്റീവ് പാർട്ടി എംപിമാർ വളരെ നാളുകളായി സമ്മർദ്ദം ചെലുത്തിയിരുന്നു.

ബ്രിട്ടിഷ് സൈനികരുടെ എണ്ണം കുത്തനെ വര്‍ധിപ്പിക്കാനും കൂടുതല്‍ ടൈഫൂണ്‍ ഫെറ്റര്‍ ജെറ്റുകള്‍ക്കായും അധിക തുക ലഭ്യമാക്കും. അടുത്ത ആറ് വര്‍ഷത്തില്‍ 75 ബില്യൻ പൗണ്ടിന്റെ സഹായം അനുവദിക്കുമെന്നാണ് ഋഷി സുനക് വ്യക്തമാക്കിയത്. റോയൽ ആര്‍മി, റോയല്‍ നേവി, റോയല്‍ എയര്‍ ഫോഴ്സ് എന്നിവയ്ക്ക് കൂടുതൽ കരുത്ത് പകരാൻ പുതിയ തീരുമാനങ്ങൾ കാരണമാകും. പ്രതിരോധ മന്ത്രാലയത്തിന്റെ പത്ത് വര്‍ഷത്തെ എക്വിപ്മെന്റ് പ്ലാനിലുള്ള 29 ബില്യൻ പൗണ്ടിന്റെ കുറവും അധിക തുക വകയിരുത്തുന്നതിലൂടെ പരിഹരിക്കും. അധിക തുക ലഭിക്കുന്ന മുറയ്ക്ക് സൈനികരുടെ എണ്ണം, ആയുധങ്ങളുടെ ശേഖരം എന്നിവ വർധിപ്പിക്കാനും സാഹചര്യം ഒരുങ്ങും.

ഈസ്റ്റേണ്‍ യുക്രെയ്ൻ അതിര്‍ത്തി റഷ്യ തിരികെ പിടിക്കുകയും മിഡില്‍ ഈസ്റ്റിലെ പാശ്ചാത്യ ലക്ഷ്യ കേന്ദ്രങ്ങളില്‍ ഇറാൻ അക്രമം നടത്തുകയും ചെയ്യുന്ന സാഹചര്യത്തിൽ യുകെയുടെ പ്രതിരോധശേഷി വര്‍ധിപ്പിക്കേണ്ടത് അനിവാര്യമാണ്. അടുത്ത വര്‍ഷം ബ്രിട്ടിഷ് സൈനികരുടെ എണ്ണം കേവലം 73,000 ആയി ചുരുങ്ങുമെന്ന് ആശങ്കയില്‍ ഇരിക്കവെയാണ് അധിക തുക പ്രഖ്യാപിക്കുന്നത്. നാറ്റോ സഖ്യ രാജ്യങ്ങളുടെ ഇടയിൽ സൈനിക ശക്തിയിൽ യുഎസും യുകെയും ആണ് മുന്നിട്ടു നിൽക്കുന്നത്. റഷ്യയിൽ നിന്നുള്ള ഭീഷണിക്ക് മറുപടിയായി പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 2022 ജൂണിൽ നടന്ന നാറ്റോ ഉച്ചകോടിയിൽ സൈനിക ശക്തി വർധിപ്പിക്കുമെന്ന് അന്നത്തെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞിരുന്നു.

കഴിഞ്ഞ മാസം കൺസർവേറ്റീവ് പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ സായുധ സേനയുടെ ചിലവ് ജിഡിപിയുടെ 3% ആയി വർധിപ്പിക്കണമെന്ന് മുൻ ഡിഫൻസ്‌ സെക്രട്ടറിമാരായ മൈക്കൽ ഫാലൻ, ഗാവിൻ വില്യംസൺ, ബെൻ വാലസ് എന്നിവർ ഋഷി സുനകിന് മേൽ സമ്മർദ്ദം ചെലുത്തിയിരുന്നു. യുകെയുടെ പ്രതിരോധ വിഷയത്തിൽ കടുത്ത വിമർശനമാണ് മുഖ്യ പ്രതിപക്ഷമായ ലേബർ പാർട്ടിയും നടത്തിയിരുന്നത്. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രധാനമന്ത്രി ഋഷി സുനകിന്റെ പ്രഖ്യാപനം പ്രതിപക്ഷത്തിനുള്ള മറുപടിയായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

English Summary:

UK Allocates More Money to Defence; Rishi Sunak Said that the Number of British Soldiers will be Increased

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com