‘മലങ്കര ഓർത്തഡോക്സ് സംഗമം’: പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ യുകെയിലെത്തി
Mail This Article
ലണ്ടൻ/കവന്ററി ∙ ഓർത്തഡോക്സ് സഭയുടെ യുകെ, യൂറോപ്പ് ആൻഡ് ആഫ്രിക്ക ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘മലങ്കര ഓർത്തഡോക്സ് സംഗമം’ നാളെ യുകെയിലെ കവന്ററിയിൽ നടക്കും. സംഗമത്തോട് അനുബന്ധിച്ചു ഉച്ചയ്ക്ക് 2.30 ന് നടക്കുന്ന പൊതുസമ്മേളനം സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും. ഭദ്രാസന മെത്രാപ്പൊലീത്ത എബ്രഹാം മാർ സ്തേഫാനോസ് അധ്യക്ഷത വഹിക്കും.
സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി കഴിഞ്ഞ ദിവസം കാതോലിക്കാ ബാവാ യുകെയിൽ എത്തിയിരുന്നു. ഭദ്രാസന സെക്രട്ടറി ഫാ. വർഗീസ് ടി മാത്യുവിന്റെ നേതൃത്വത്തിൽ കാതോലിക്കാ ബാവായെ ലണ്ടൻ ഹീത്രൂ എയർപോർട്ടിൽ സ്വീകരിച്ചു. കവന്ററി ലെമിങ്ടൺ റോഡിലെ റൈട്ടൺ ഓൺ ഡൺസ്മോറിൽ നടക്കുന്ന സമ്മേളനത്തിലെ യുകെയിലെ ഏകദേശം 43 ദേവാലയങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും. രാവിലെ 7.30 ന് സംഗമ വേദിയിൽ പ്രത്യേകം ഒരുക്കിയ സ്ഥലത്ത് പ്രഭാത നമസ്കാരവും തുടർന്ന് വിശുദ്ധ കുർബാനയും നടക്കും. തുടർന്ന് 11.30 ന് ആരംഭിക്കുന്ന ഉച്ച ഭക്ഷണത്തിന് ശേഷം 12.30 ന് പ്രദക്ഷിണത്തിനുള്ള ക്രമീകരണങ്ങൾ ആരംഭിക്കും.
ഉച്ചയ്ക്ക് 1.15 മുതൽ 2.15 വരെ നടക്കുന്ന പ്രദക്ഷിണത്തിൽ യുകെയിലെ വിവിധ ദേവാലയങ്ങളിൽ നിന്നുള്ള വിശ്വാസികൾ പങ്കെടുക്കും. തുടർന്ന് 2.30 ന് ആരംഭിക്കുന്ന പൊതുസമ്മേളനത്തിൽ കോപ്റ്റിക് ഓർത്തഡോക്സ് സഭയുടെ അർച്ച് ബിഷപ് ഏഞ്ചലോസ്, അർമേനിയൻ ഓർത്തഡോക്സ് സഭയുടെ ബിഷപ് ഹൊവാക്കീം മനൂഖ്യൻ, ചർച്ച് ഓഫ് ഇംഗ്ലണ്ട് ബിഷപ് റവ. സജു മുതലാളി, റഷ്യൻ ഓർത്തഡോക്സ് സഭയുടെ ബിഷപ് മാത്യു ഓഫ് സൗറോഴ് എന്നിവർ ഉൾപ്പടെ വിവിധ സഭകളിൽ നിന്നുള്ള പ്രതിനിധികൾ സംസാരിക്കും.