ADVERTISEMENT

നാട്ടിൽ നിന്നും 'സന്തോഷ രാജ്യങ്ങളിൽ' എത്തിപ്പെടുന്ന വിദ്യാർഥികൾക്ക് ചിലപ്പോഴൊക്കെ പഠനം പൂർത്തിയാക്കാനാവാതെ നിരാശരായി തിരികെ പോകേണ്ടി വരാറുണ്ട്. അമിത പ്രതീക്ഷയുമായി എത്തിപ്പെടുന്നവർക്ക്, തങ്ങളുടെ പ്രതീക്ഷകൾക്കൊത്തുള്ള അന്തരീക്ഷം ലഭ്യമാകാത്തതാണ്‌ പലപ്പോഴും ഇതിനു കാരണം. ‘സന്തോഷ രാജ്യത്തിന്റെ ടാഗ്‌ലൈനിൽ’  നോർഡിക് രാജ്യങ്ങളിലേക്ക് പ്രത്യാശയോടെ എത്തിച്ചേരുന്നവർക്കാണ് പലപ്പോഴും  ഈ പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനാവാതെ വരുന്നത്. ഭൂരിപക്ഷവും പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കുന്നവരെന്നതിൽ സംശയമില്ല  എന്നാൽ എല്ലാ യുവജനങ്ങളുടെയും മാനസികാവസ്ഥ സമാനമാകണമെന്നില്ല.

കാലാവസ്ഥയിലും സംസ്കാരത്തിലും കേരളത്തിൽ നിന്നും വിഭിന്നമായ നാടുകളാണ് നോർഡിക് രാജ്യങ്ങൾ. തികച്ചും വ്യത്യസ്തമാർന്ന സാമൂഹിക, കുടുംബ ജീവിത രീതികൾ. ചെറുപ്പം മുതൽ പല കാര്യങ്ങളിലും പരാശ്രയം കൂടാതെ വളരുന്ന കുട്ടികളാണ് ഈ രാജ്യങ്ങളിലേത്. വിദ്യാഭ്യാസ സമ്പ്രദായങ്ങൾ, ‘പുസ്തക പുഴുക്കൾ’ എന്നതിലുപരി അവരെ കാര്യപ്രാപ്തിയിലേക്കു നയിക്കുന്നതാണ്‌. മാതാപിതാക്കളുടെ അമിത ലാളനയിൽ, നാട്ടിൽ നിന്നും എത്തിപ്പെടുന്ന കുട്ടികൾ പലപ്പോഴും ഈ യാഥാർഥ്യവുമായി പൊരുത്തപ്പെടാനാവാതെ പോകുന്നുണ്ട്. മറ്റുള്ളവരുടെ സഹായത്തിൽ അധിക കാലം ഈ രാജ്യങ്ങളിൽ തുടരാൻ സാധ്യമല്ല. ഒരു പരിധി വരെ മാത്രമേ പരസഹായം പ്രതീക്ഷിക്കേണ്ടതുള്ളൂ എന്നറിയുക.  

Image Credit: astudio/Shutterstock.com
Image Credit: astudio/Shutterstock.com

∙ പഠനം മാത്രം പേരാ...
ദൈനംദിന ജീവിത ചിലവുകൾക്ക് പലപ്പോഴും (പാർട്ട് ടൈം) തൊഴിലുകളിൽ ഏർപ്പെടേണ്ടതുണ്ട്. ഹോട്ടലുകളിൽ പണിയെടുക്കുക, ശുചീകരണ പണികളിൽ ഏർപ്പെടുക ഇവയൊക്കെ സ്വാഭാവികമാണ് . ഇത് വിദേശ രാജ്യങ്ങളിൽ യുവജനങ്ങൾ സ്വാഭാവികമായും ഏർപ്പെടുന്ന തൊഴിലുകളാണ്. നാട്ടിലുള്ള മാതാപിതാക്കൾ ഇതൊരു അഭിമാനപ്രശ്നമായി കണ്ടു നിരാശരാകുന്ന കാഴ്ചകളും ഇവിടെ കാണാറുണ്ട്. ‘സ്വന്തമായി പണിയെടുത്തു ജീവിക്കുക’ എന്നതാണ് ഇവിടുത്തെ സമ്പ്രദായം. ഫിന്നിഷ് ഭാഷയുടെ അതിപ്രസരം മൂലം ഈ പാർട്ട് ടൈം തൊഴിലുകൾ പോലും അധികം ലഭിക്കാത്ത അവസ്ഥയാണിപ്പോൾ. അതിനാൽ പഠനകാലയളവിലെ മുഴുവൻ ചിലവുകളും സ്വന്തം പോക്കറ്റിൽ നിന്നും എടുക്കേണ്ടതുണ്ട്. താരതമ്യേനെ ജീവിത ചിലവുകൾ ഏറിയ രാജ്യമാണിത്. 

∙ സൗഹൃദം അത്ര ഈസിയല്ല
പഠനം ചെറിയ നഗരങ്ങളിലാണെങ്കിൽ, പ്രാരംഭദശയിൽ താരതമ്യേന പ്രയാസമേറും. പ്രത്യേകിച്ചും സർവകലാശാലകളിൽ അന്താരാഷ്ട്ര വിദ്യാർഥി സമൂഹം ഇല്ലാത്തപക്ഷം, സൗഹൃദങ്ങൾ ഉണ്ടാക്കാൻ ബുദ്ധിമുട്ടാണ്. സൗഹൃദങ്ങളിലും കുടുംബബന്ധങ്ങളിലും അകലം പാലിക്കുന്നവരാണ് ഭൂരിഭാഗം ഫിന്നിഷുകാരും. പ്രത്യേകിച്ച്, വിദേശികളുമായി ചങ്ങാത്തം കൂടുവാൻ പൊതുവെ താല്പര്യപ്പെടാത്തവർ. 

∙ എല്ലാം 'സ്വന്തം'
മനുഷ്യാദ്ധ്വാനത്തിനു വലിയ വേതനം കൊടുക്കുന്ന രാജ്യങ്ങളാണിവ. വീട്ടുജോലികളെല്ലാം സ്വന്തമായി ചെയ്യേണ്ടതുണ്ട്. വീടുകളിലെ അറ്റകുറ്റപണികൾ പോലും സ്വയം ചെയ്യേണ്ടി വരും. ചെറിയ ഇലക്ട്രിക്ക് , പ്ലംബിങ് പണികളുടെ അടിസ്ഥാന അറിവും സഹായകമാകും. എന്തിനു ,സ്വന്തം വീടുപണിയുന്നതുവരെ സാധാരണയായി ഫിന്നിഷുകാർ കുടുംബക്കാരും സുഹൃത്തുക്കളുമൊത്താണ്.

Image Credit: Rittis/Shutterstock.com
Image Credit: Rittis/Shutterstock.com

∙ ഭക്ഷണം 'കഠിനം'
മലയാളിയുടെ ഭക്ഷണശീലങ്ങളിൽ ഒഴിവാക്കാനാവാത്ത മസാലകൾക്ക് ഇവിടെ വലിയ സ്ഥാനമില്ല. ചുരുങ്ങിയത് ഉപ്പും കുരുമുളകും പ്രതീക്ഷിക്കാം. യൂണിവേഴ്സിറ്റികളിൽ നിന്നും സ്കൂളുകളിൽ നിന്നുമെല്ലാം സമാന ഭക്ഷണശീലങ്ങൾ പരിശീലിക്കേണ്ടതുണ്ട് . 

∙ ആരോഗ്യകാര്യങ്ങൾ
തികച്ചും വ്യത്യസ്തമായ ആരോഗ്യമേഖലകളാണ് ഇവിടെ. പ്രധാനമായും പൊതു മേഖലയിലെ ആശുപത്രികളാണ്. മികച്ച ആരോഗ്യസംരക്ഷണ സംവിധാനമുണ്ടെങ്കിലും പ്രത്യേക പരിശീലനം നേടിയ ഡോക്ടർമാരുടെ സേവനങ്ങൾ അനായാസേന ലഭ്യമാവില്ല.

∙ ജീവിതം പഠിക്കാം
കഠിനമായ ശൈത്യവും പോളാർ രാത്രികളും നൽകുന്ന വെല്ലു വിളികൾ, ഇരുട്ടിലും തണുപ്പിലും നിരാശരാകുന്നവും ഏറെയാണ്. ഒറ്റയ്ക്കുള്ള ജീവിതത്തിൽ വിഷാദരോഗങ്ങളിലും അകപ്പെടുന്നർ ഏറെ. ശീതകാലം പലപ്പോഴും രോഗങ്ങൾ കൊണ്ടുവരാറുണ്ട്. മഞ്ഞിലെ 'മായാലോകം' ചിത്രങ്ങളിൽ മാത്രം വർണ്ണശബളമാണ്. എന്നാൽ അതിലെ ജീവിതം ക്ലേശങ്ങൾ നിറഞ്ഞതും. ജീവിതം എന്തെന്നു പഠിക്കാൻ, ഈ പ്രവാസ ജീവിതം സഹായിച്ചുവെന്നാണ് മലയാളി വിദ്യാർഥികളിൽ പലരുടെയും അഭിപ്രായം.

study-in-finland-everything-to-know-before-moving-for-studies

ഇവ കൂടാതെ യൂറോപ്യൻ യൂണിയനും യൂറോപ്യൻ സാമ്പത്തിക മേഖലയ്ക്കും പുറത്തുള്ള രാജ്യങ്ങളിലെ വിദ്ധ്യാർഥികൾക്ക് മുഴുവൻ ട്യൂഷൻ ഫീസും  അപേക്ഷാ ഫീസും അവതരിപ്പിക്കുവാൻ ഫിൻലൻഡ്‌ സർക്കാർ തയാറെടുക്കുകയാണ്. ഫിന്നിഷ് ,സ്വീഡിഷ് ഭാഷകൾ ഒഴികെയുള്ള ഭാഷകളിലെ  ഡിഗ്രി പ്രോഗ്രാമുകൾക്ക് ഈ പുതിയ നിയമങ്ങൾ ബാധകമാകും.  മുഴുവൻ ചിലവിൽ ട്യൂഷൻ ഫീസ് ഈടാക്കുന്നത് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുമെന്നും ഫിൻലൻഡിൽ പഠിക്കുന്ന വിദേശികളെ രാജ്യത്ത് തുടരാൻ പ്രോത്സാഹിപ്പിക്കുമെന്നുമാണ് സർക്കാറിന്റെ വിലയിരുത്തൽ . 

∙ വീഴല്ലേ... പരസ്യങ്ങളിൽ
ഇവിടങ്ങളിലെ തൊഴിൽ, പഠന അവസരങ്ങളുടെ ആകർഷകമായ പരസ്യങ്ങളുമായി സമൂഹമാധ്യമവും വ്ലോഗുകളും മത്സരിച്ചുകൊണ്ട് സജീവമായുണ്ട്. ഫിന്നിഷ് ഭാഷാ പരിജ്ഞാനമില്ലാതെ മാസങ്ങൾക്കുള്ളിൽ കുടുംബത്തോടൊപ്പം പറക്കാമെന്നുള്ള തെറ്റായ തൊഴിൽ പരസ്യങ്ങളിൽ ആകൃഷ്ടരായി ചതിക്കുഴികളിൽ പെട്ട് പണം നഷ്ടപ്പെടുന്നവരുമുണ്ട്. ഈ രാജ്യങ്ങളിലെ ഉത്തരവാദിത്തപ്പെട്ടവരുമായോ  വിശ്വാസയോഗ്യമായവരുമായോ  ബന്ധപ്പെടാനും സ്ഥിതിഗതികൾ വിശദമായി ബോധ്യമായതിനും ശേഷം തീരുമാനങ്ങൾ എടുക്കുക.

സന്തോഷ രാജ്യങ്ങളിലെ കാലാവസ്ഥയും സാമൂഹിക ജീവിതവും തൊഴിലിനു പ്രാദേശിക ഭാഷകളുടെ സ്വീകാര്യതയും മുൻകൂട്ടി ബോധ്യപ്പെട്ടതിന് ശേഷം വണ്ടികയറിയാൽ നിരാശരായി മടങ്ങേണ്ടി വരില്ല.

English Summary:

Study in Finland: You Must Know This Things Before Moving to Finland for Studies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com