ഡാനിയൽ കാച്ചപ്പിള്ളി കേളി സൂര്യ ഇന്ത്യാ കലാപ്രതിഭ

Mail This Article
സൂറിക് ∙ പത്തൊമ്പതാമത് രാജ്യാന്തര യുവജനോത്സവത്തിൽ ഒമ്പത് വയസ്സുള്ള ഡാനിയൽ കാച്ചപ്പിള്ളി കലാപ്രതിഭ പട്ടം നേടി ചരിത്രം സൃഷ്ടിച്ചു. കേളി ചരിത്രത്തിൽ ആദ്യമായാണ് പെൺകുട്ടികളെ പിന്നിലാക്കി ഒരു ആൺകുട്ടി ഏറ്റവും കൂടുതൽ പോയിന്‍റ് നേടി കലാപ്രതിഭയായി മാറുന്നത്. കഴിഞ്ഞ പതിനെട്ട് വർഷങ്ങളിലും ഈ പട്ടം (കലാതിലകം) നേടിയിരുന്നത് പെൺകുട്ടികളാണ്.
സബ് ജൂനിയർ വിഭാഗത്തിൽ നിന്നുള്ള ഡാനിയൽ (പങ്കെടുത്ത എല്ലാ ഇനങ്ങളിലും ഒന്നാം സ്ഥാനം നേടി) വിവിധ രാജ്യങ്ങളിൽ നിന്നും വന്ന നിരവധി ജൂനിയർ, സീനിയർ പ്രതിഭകളെ പിന്തള്ളിയാണ് ഈ നേട്ടം കൈവരിച്ചത്. പ്രസംഗം, സോളോ സോങ്, മോണോ ആക്ട്, നാടോടി നൃത്തം എന്നീ വ്യക്തിഗത ഇനങ്ങളിലും ക്ലാസ്സിക്കൽ, സിനിമാറ്റിക് ഗ്രൂപ്പ് നൃത്തയിനങ്ങളിലും ഒന്നാം സമ്മാനം നേടിയാണ് ഡാനിയൽ ചരിത്രമെഴുതിയത്.
ബിൽട്ടൺ സ്കൂളിൽ മൂന്നാം ക്ലാസ്സ് വിദ്യാർഥിയാണ് ഡാനിയൽ. മഞ്ജു കാച്ചപ്പിള്ളിയും ഫൈസൽ കാച്ചപ്പിള്ളിയുമാണ് മാതാപിതാക്കൾ. ഇരുവരും സ്വിറ്റ്സർലൻഡിൽ ജോലി ചെയ്യുന്നു. മലയാളം മിഷന്‍റെ സ്വിറ്റ്സർലൻഡിലെ മലയാളം സ്‌കൂൾ അക്ഷരകേളിയുടെ അധ്യാപിക കൂടിയാണ് മഞ്ജു കാച്ചപ്പിള്ളി. അലക്സ്, ഫെലിക്സ് എന്നിവർ ഡാനിയൽ കാച്ചപ്പിള്ളിയുടെ സഹോദരങ്ങൾ. രണ്ട് ദിനരാത്രങ്ങൾ വിവിധ സ്റ്റേജുകളിലായി മുന്നൂറിലധികം പ്രതിഭകൾ മാറ്റുരച്ച ലോകയുവജന മേളയാണ് സൂറികിൽ അരങ്ങേറിയത്.