ADVERTISEMENT

ലണ്ടൻ ∙ ബ്രിട്ടിഷ് നഗരമായ ഹാക്ക്നിയിൽ ഉണ്ടായ വെടിവയ്പ്പിൽ മലയാളി പെൺകുട്ടി അടക്കം നാല് പേർക്ക് പരുക്കേറ്റ സംഭവത്തിൽ പ്രതി ഇപ്പോഴും ഇരുട്ടിന്റെ മറവിൽ. പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്നാണ് മെട്രോപോളിറ്റൻ പൊലീസിന്റെ അറിയിപ്പ്. വെടിവയ്‌പ്പിൽ പരുക്കേറ്റ മറ്റ് മൂന്നു പേർ 26, 37, 42 വയസ്സ് വീതം പ്രായം ഉള്ളവർ ആണെന്നും ഇവർക്ക്‌ പരുക്കേറ്റ പെൺകുട്ടിയുടെ കുടുംബവുമായി ബന്ധമില്ലെന്നും റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. പെൺകുട്ടി ഇപ്പോഴും ജീവനുവേണ്ടി പോരാടുകയാണെന്ന് പൊലീസ് അറിയിപ്പ് പുറത്തു വന്നതോടെ രാജ്യം മുഴുവനും യുകെയിലെ മലയാളി സമൂഹവും, കുട്ടിയുടെ തിരിച്ചു വരവിനായുള്ള പ്രാർഥനകളിലാണ്. 

ആഴ്ചകള്‍ക്ക് മുന്‍പ് പിറന്നാള്‍ ആഘോഷിച്ച ശേഷം ഒരാഴ്ചത്തെ സ്‌കൂള്‍ അവധിക്ക് ലണ്ടൻ സന്ദർശനത്തിന് വന്നതായിരുന്നു ബർമിങ്ങാമിൽ താമസിച്ചിരുന്ന എറണാകുളം പറവൂർ ഗോതുരുത്ത് സ്വദേശിയായ ആനത്താഴത്ത് വിനയ, അജീഷ് ദമ്പതികളുടെ മകളായ ലിസ്സെൽ മരിയ. വെടിയേൽക്കുമ്പോൾ ലിസ്സെൽ മരിയ കുടുംബത്തോടൊപ്പം ഡാൽസ്റ്റണിലെ കിങ്സ് ലാൻഡ് ഹൈ സ്ട്രീറ്റിലെ എവിൻ റസ്റ്ററന്റിൽ ആഹാരം കഴിക്കുക ആയിരുന്നുവെന്ന് ‌ദൃക്‌സാക്ഷികൾ പറഞ്ഞു. പരുക്കേറ്റ മറ്റു മൂന്നു പേർ റസ്റ്ററന്റിന് വെളിയിൽ ആഹാരം കഴിക്കുകയായിരുന്നു. പുറത്ത് ഇരുന്നവരെ ലക്ഷ്യം വച്ച് എത്തിയ അക്രമി വെടിഉതിർത്തപ്പോൾ പെൺകുട്ടിക്ക് നേരെ അബദ്ധത്തിൽ കൊണ്ടുവെന്നാണ് കരുതപ്പെടുന്നത്. 

ബുധനാഴ്ച ഏകദേശം രാത്രി 9.20 നായിരുന്നു സംഭവമെന്ന് മെട്രോപൊളിറ്റൻ പൊലീസ് സൂപ്രണ്ട് ജെയിംസ് കോൺവേ പറഞ്ഞു. ‘പെൺകുട്ടിയും പരുക്കേറ്റ പുരുഷന്മാരും പരസ്പരം അറിയുന്നവരാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നില്ലന്നും, കുട്ടി നിരപരാധിയായിരുന്നുവെന്നും' ജെയിംസ് കോൺവേ കൂട്ടിച്ചേർത്തു. ഇതിനിടയിൽ വെടിവയ്പ്പ് നടന്നിട്ട് 48 മണിക്കൂറിലധികമായിട്ടും പ്രതിയെ കണ്ടെത്താൻ കഴിയാത്തത്തിൽ പ്രതിഷേധം ഉയരുന്നുണ്ട്. ബ്രിട്ടിഷ് മാധ്യമങ്ങളിൽ ഉൾപ്പടെ ഇതിനെ തുടർന്ന് പ്രതിഷേധ വാർത്തകൾ വന്നു കഴിഞ്ഞു. സംഭവത്തിൽ ലണ്ടൻ മേയർ സാദിഖ് ഖാൻ ഉൾപ്പടെയുള്ള പ്രമുഖർ നടുക്കം രേഖപ്പെടുത്തി. 

വെടിവയ്പ്പ് നടക്കുന്ന സമയത്ത്  സംഭവസ്ഥലത്ത് ഉണ്ടായിരുന്ന സാക്ഷികളെ തിരിച്ചറിയാൻ പൊലീസിന് താൽപ്പര്യമുണ്ടെന്നും വെടിവയ്പ്പ് സമയത്ത് കിങ്സ് ലാൻഡ് ഹൈ സ്ട്രീറ്റ് ഏരിയയിൽ ഉണ്ടായിരുന്നവർ വിവരങ്ങൾ കൈമാറണമെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. 101 എന്ന നമ്പറിൽ വിളിച്ചോ അല്ലെങ്കിൽ 0800 555 111 എന്ന നമ്പറിൽ ക്രൈംസ്റ്റോപ്പേഴ്‌സ് മുഖേന അജ്ഞാതമായോ വിവരങ്ങൾ പങ്കുവയ്ക്കാം. അന്വേഷണ സംഘത്തോട് നേരിട്ട് സംസാരിക്കാൻ 020 8345 3865 എന്ന നമ്പരിൽ വിളിക്കാമെന്നും അന്വേഷണത്തെ സഹായിക്കുന്ന ഫൂട്ടേജുകളോ ചിത്രങ്ങളോ ഉള്ള ആർക്കും ഓപ്പറേഷൻ ബേർഡ്‌ഫോർത്ത് ഓൺലൈൻ പോർട്ടൽ വഴി അവ നേരിട്ട് അപ്‌ലോഡ് ചെയ്യാൻ കഴിയുമെന്നും പൊലീസ് പറഞ്ഞു.

English Summary:

Malayali Girl Shot in London Fighting for Life, no Arrest Made

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com