ADVERTISEMENT

ലണ്ടൻ ∙ കേരളത്തിന്റെ സ്വന്തം വാദ്യോപകരണമായ ചെണ്ടയുടെ വിവിധ ഭാവങ്ങൾ ആസ്വാദകരിലേക്കു പകരുന്ന മെഗാ സ്റ്റേജ് ഷോ 'മേളപ്പെരുമ' വീണ്ടും ആസ്വാദകർക്കായി അണിയിച്ചൊരുക്കുന്നു. അഞ്ച് വർഷങ്ങൾക്കു മുൻപ് 2019ലായിരുന്നു പ്രശസ്ത സിനിമാ നടനും ചെണ്ടമേള വിദഗ്ധനുമായ ജയറാമിന്റെ നേത്വത്തിൽ മേളപ്പെരുമ ലണ്ടനിൽ ആദ്യമായി അരങ്ങേറിയത്. ജയറാമിന്റെ നേതൃത്വത്തിൽ നടന്ന ചെണ്ടമേളം അന്ന് ബ്രിട്ടനിലെ പ്രവാസികൾക്ക് വേറിട്ടൊരു അനുഭവമായിരുന്നു. വൻവിജയമായിരുന്ന മേളപ്പെരുമയുടെ ചരിത്രമാവർത്തിക്കാൻ വീണ്ടും ഒരുങ്ങുകയാണ് ലണ്ടൻ.

ജൂൺ എട്ട് ശനിയാഴ്ച ലണ്ടൻ ഹാരോയിലെ ക്രൈസ്റ്റ് ചർച്ച് അവന്യൂവിലുള്ള ബൈറോൺ ഹാളിലാണ് (HA3 5BD) നാദ-വാദ്യ വിസ്മയങ്ങളുടെ ഈ കലവറവാതിൽ  യൂറോപ്പിലെ ആസ്വാദകർക്കായി തുറക്കുന്നത്.

ലോകത്തിന്റെ നെറുകയിൽ കേരളത്തിന്റെ അഭിമാനമായി നിലകൊള്ളുന്ന ആഘോഷമാണ് തൃശ്ശൂർ പൂരം. ആ പൂരത്തിന്റെ പെരുമ വാനോളമുയർത്തുന്നതാണ് ഇലഞ്ഞിത്തറമേളം.  അസുരവാദ്യമായ ചെണ്ടയുടെ രൗദ്രഭാവം.  പാണ്ടിമേളവും ചെണ്ടയുടെ ഏല്ലാ ആഢ്യത്വവും വിളിച്ചോതുന്ന പഞ്ചാരിയും മത്സര ഭാവമായ തായമ്പകയും എല്ലാം മേളപ്പെരുമയുടെ സ്റ്റേജിൽ ആസ്വദിക്കാൻ അവസരമുണ്ടാകും.

melaperuma-musical-fiesta-stage-show-in-london1

പ്രവാസികളുടെ കണക്കുപുസ്തകത്തിൽ ഏറ്റവും കൂടുതൽ താളുകൾ മാറ്റിവയ്ക്കുന്നത് നഷ്ടപ്പെടലുകൾ കുറിക്കാനാണ്. ഈ നഷ്ടപ്പെടലുകളൊക്കെ അതിജീവിക്കാൻ, നാടിന്റെ മേളങ്ങളൊക്കെ ഒരൊറ്റ വേദിയിൽ ആസ്വദിക്കാൻ ലണ്ടനിൽ അവസരം ഒരുക്കുകയാണ് മേളപ്പെരുമയുടെ രണ്ടാം എഡിഷൻ.

മേളങ്ങളുടെയെല്ലാം അമരത്ത് ആഢ്യത്വം വിളിച്ചോതി പ്രമാണിയാകുന്നത് മട്ടന്നൂർ ശങ്കരൻകുട്ടി മാരാരാണ്. കൂടെ ചലച്ചിത്ര താരം ജയറാമും. ഇവരുടെ സാന്നിധ്യം കൂടാതെ മറ്റൊരു പ്രത്യേകതകൂടിയുണ്ട് മേളപ്പെരുമ രണ്ടിന്. ഒരു യൂറോപ്യൻ രാജ്യത്ത് ഇതാദ്യമായി ചെണ്ടയുടെ മത്സര ഭാവമായ തായമ്പക അരങ്ങേറുന്നു എന്നതാണിത്. അതും ഒരത്യുഗ്രൻ ട്രിപ്പിൾ തായമ്പക. ലോകത്തുള്ള മുഴുവൻ ചെണ്ട ആസ്വാദകരുടെയും ആരാധനാമൂർത്തികളായ ത്രയങ്ങളാണ് ഇത് അവതരിപ്പിക്കുന്നത്.

മട്ടന്നൂർ ശങ്കരൻകുട്ടി മാരാരും  മക്കളായ ശ്രീകാന്ത്, ശ്രീരാജ് എന്നിവരും ചേർന്നുള്ള ഈ ട്രിപ്പിൾ തായമ്പക ആസ്വാദകർക്ക് നവ്യാനുഭവമാകും, വിവിധ മേളങ്ങളാൽ സമ്പന്നമായ ഒന്നാംപകുതിക്കു ശേഷമാണ്, മലയാളികളുടെ സ്വന്തം കെ.എസ്‌ ചിത്രയും ഒപ്പം പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ മധു ബാലകൃഷ്ണനും നയിക്കുന്ന മലയാളം ലൈവ് ഗാനമേള അരങ്ങേറുന്നത്.

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പഴയതും പുതിയതുമായ, ഗൃഹാതുരത്വമുണർത്തുന്ന കുറെ നല്ല മലയാളം പാട്ടുകളാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കേരളത്തിന്റെ വാനമ്പാടി, മെലഡി ക്വീൻ, കലൈമാമണി, കലൈസെൽവം എന്നിങ്ങിനെ എണ്ണിയാൽ തീരാത്ത വിശേഷണങ്ങൾക്കും പത്മാപുരസ്കാരങ്ങൾക്കും ഉടമയായ കെ എസ് ചിത്രയുടെ 60 വർഷക്കാലത്തെ ഗാനസപര്യയുടെ ഒരാഘോഷം കൂടിയാണ് മേളപ്പെരുമയുടെ രണ്ടാം എഡിഷൻ.

melaperuma-musical-fiesta-stage-show-in-london3

വിശേഷണങ്ങൾക്കും ബഹുമതികൾക്കുമെല്ലാം ഉപരിയായി, മലയാളികളുടെ മനസ്സിനെ തന്റെ മാസ്മരിക ശബ്ദത്തിന്റെ അടിമയാക്കി മാറ്റിയ ചിത്രയുടെ എത്ര കേട്ടാലും ആസ്വദിച്ചാലും മതിവരാത്ത ശബ്ദ മാധുര്യം നേരിട്ടനുഭവിക്കാൻ യുകെയിലെ മലായാളികൾക്ക് വീണ്ടും അവസരമൊരുങ്ങുകയാണ് മേളപ്പെരുമലൂടെ.

പ്രശസ്ത ചെണ്ട കലാകാരനും, നവധാര സ്കൂൾ ഓഫ് മ്യൂസിക് ലണ്ടന്റെ അമരക്കാരനായ വിനോദ് നവധാരയാണ് മേളപ്പെരുമയ്ക്ക് ചുക്കാൻ പിടിക്കുന്നത്. തന്റെ സംഗീത വിദ്യാലയത്തിലൂടെ ചെണ്ടയെന്ന വാദ്യോപകരണത്തിന്റെ പ്രശസ്തി യൂറോപ്പിന്റെ മണ്ണിൽ എത്തിച്ച കലാകാരനാണ്  വിനോദ് നവധാര. യുറോപ്പിലുടനീളം 28 സ്കൂളുകളിലൂടെ, പ്രായഭേദമന്യേ നിരവധി ചെണ്ട കലാകാരന്മാരെയാണ് വിനോദ് വാർത്തെടുക്കുന്നത്. അദ്ദേഹത്തിന്റെ സ്കൂളിലെ 250 ൽ പരം വിദ്യാർത്ഥികളെ അണിനിരത്തിക്കൊണ്ടുള്ള മെഗാ ശിങ്കാരിമേളം, ചെണ്ട ഫ്യൂഷൻ എന്നിവയും മേളപ്പെരുമയുടെ പ്രത്യേകതയാണ്.

മണിക്കൂറുകൾ നീളുന്ന ഈ പരിപാടികൾക്കിടയിൽ എല്ലാവർക്കും മതിയാവോളം ആസ്വദിക്കാൻ നാടൻ കേരള വിഭവങ്ങളുടെ വ്യത്യസ്ത രുചിഭേദങ്ങളുമായി വിശാലമായ ഫുഡ് കോർട്ടുകളും അണിയിച്ചൊരുക്കുന്നുണ്ട്. പ്രൗഢിയുടെ നെറ്റിപ്പട്ടം കെട്ടി, വിസ്മയക്കാഴ്ചകളുമായി എത്തുന്ന മേളപ്പെരുമയുടെ അവസാന ഒരുക്കത്തിലാണ് സംഘാടകർ.

English Summary:

Melaperuma Musical Fiesta Stage Show in London

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com