ADVERTISEMENT

അബുദാബി∙ യുഎഇയിൽ ചെറിയ കുറ്റങ്ങൾക്കു ശിക്ഷിക്കപ്പെട്ട 133 പേരെ ഇലക്ട്രോണിക് ടാഗ് ചെയ്തു വിട്ടയയ്ക്കാൻ തീരുമാനം. ശിക്ഷയ്ക്കു പകരം സാമൂഹിക സേവനത്തിന് അയയ്ക്കുന്ന 28 പേരും ഉൾപ്പെടും. 2018ൽ കേസ് റജിസ്റ്റർ ചെയ്ത് അന്തിമ വിധി വന്ന കേസുകളിലുള്ളവരെയാണു പരിഗണിച്ചത്. ഇവരിൽ നിലവിൽ ജയിലിൽ ഉള്ളവരും തടവിന് വിധിക്കപ്പെട്ടവരുമായ 105 പേരും ഉൾപ്പെടുമെന്ന് അബുദാബി പൊലീസിലെ ഫോളോഅപ് ആൻഡ് സബ്സീക്വന്റ് വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ അഹമ്മദ് മസൂദ് അൽ മസ്റൂയി പറഞ്ഞു.

കുറ്റവാളികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിലൂടെ തെറ്റു തിരുത്താനും വീണ്ടും തെറ്റിലേക്കു പോകുന്നത് തടയാനും അവസരം നൽകുകയാണെന്നു സാമൂഹിക സുരക്ഷാ വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ അഹ്മദ് സെയ്ഫ് ബിൻ സെയ്തൂൻ അൽ മുഹൈരി പറഞ്ഞു. ഇവർക്ക് ജോലിക്കും പ്രാർഥനയ്ക്കുമുൾപ്പെടെ എവിടേക്കും സഞ്ചാര സ്വാതന്ത്ര്യമുണ്ടാകും. വിദ്യാർഥികൾക്കു പഠനം തുടരാനും ചെറിയ സാമ്പത്തിക ബാധ്യത തീർക്കാനുള്ളവർക്ക് അതിനും അവസരം ലഭിക്കും.

ജയിലുകളിൽ തടവുകാരുടെ ആധിക്യം നിയന്ത്രിക്കാനും കുറയ്ക്കാനും വഴിയൊരുങ്ങും. ഇലക്ട്രോണിക് കാൽതള ധരിച്ച കുറ്റവാളി 24 മണിക്കൂറും നിരീക്ഷണത്തിലായിരിക്കും. ടാഗ് ഒഴിവാക്കാനോ കൃത്രിമം കാണിക്കാനോ ശ്രമിച്ചാൽ വിവരം ഉടൻ പൊലീസിന് ലഭിക്കും. ഈ കാലയളവിൽ നല്ലനടപ്പിനു വിധേയരായവരെ ദിവസം 2 മണിക്കൂർ നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കും.

റാസൽഖൈമയിൽ ഇ– ടാഗ് പദ്ധതി തുടങ്ങി

റാസൽഖൈമ∙ ചെറിയ കുറ്റങ്ങൾക്കു തടവുശിക്ഷ അനുഭവിക്കുന്നവരെ ഇലക്ട്രോണിക് ടാഗ് ധരിപ്പിച്ച് വിട്ടയയ്ക്കുന്ന നടപടിക്ക് റാസൽഖൈമയിൽ തുടക്കമായി. കുറ്റകൃത്യ നിയമത്തിലെ പുതിയ ഭേദഗതി അനുസരിച്ച്, പബ്ലിക് പ്രോസിക്യൂഷൻ, കോടതി, ആഭ്യന്തര മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെയാണു പദ്ധതി.നീതിന്യായ മേഖലയിലും സംവിധാനം പ്രയോജനപ്പെടുത്തുന്നതിന് തെളിവാണിതെന്ന് റാസൽഖൈമ ജുഡീഷ്യൽ കൗൺസിൽ സെക്രട്ടറിയും അറ്റോർണി ജനറലുമായ ഹസ്സൻ മുഹമ്മദ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com