ADVERTISEMENT

റിയാദ്∙ സൗദിയിൽ ദീർഘകാല താമസത്തിനുള്ള പ്രിവിലേജ് ഇഖാമയ്ക്കു ചെലവേറും. യുഎഇയിൽ ദീർഘകാല വീസയ്ക്ക് നിശ്ചിത തുകയുടെ നിക്ഷേപമാണു മാനദണ്ഡമെങ്കിൽ സൗദിയിൽ നിശ്ചിത ഫീസാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സ്ഥിരം ഇഖാമയ്ക്ക് 213,333 ഡോളറും (8 ലക്ഷം റിയാൽ) വർഷംതോറും പുതുക്കുന്ന ഇഖാമയ്ക്ക് 26,666 (1 ലക്ഷം റിയാൽ) ഡോളറുമാണു ഫീസ്. ചൊവ്വാഴ്ച മന്ത്രിസഭ അംഗീകരിച്ച ദീർഘകാല താമസ പദ്ധതിയുടെ വിശദാംശങ്ങളാണു ഘട്ടം ഘട്ടമായി പുറത്തുവിടുന്നത്.

സ്വന്തം പേരിൽ വസ്തുവും കെട്ടിടവും വാഹനവും വാങ്ങാനും വാടകയ്ക്കു നൽകാനുമുള്ള അനുമതി, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആശുപത്രികളിലും മുൻഗണന എന്നിവ ഉൾപ്പെടെ ഒട്ടേറെ ആനുകൂല്യങ്ങളാണു പദ്ധതിയിൽ അംഗമാകുന്നവർക്കും കുടുംബത്തിനും സൗദി വാഗ്ദാനം ചെയ്യുന്നത്.  പ്രത്യേക വിഭാഗങ്ങളിലെ അതിവിദഗ്ധർക്കും ദീർഘകാല താമസാനുമതി നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഏതെല്ലാം വിഭാഗം ഇതിൽ ഉൾപ്പെടുമെന്നു വ്യക്തമല്ല.

ഇതിനായി രൂപീകരിക്കുന്ന സ്പെഷ്യൽ പ്രിവിലേജ് ഇഖാമ സെന്ററും മന്ത്രിസഭാ ഉപസമിതിയും ചേർന്നാകും ഇക്കാര്യങ്ങളിൽ തീരുമാനമെടുക്കുക. പരിഷ്കരിച്ച നിയമത്തിന് രൂപം നൽകി 90 ദിവസത്തിനകം പദ്ധതി പ്രാബല്യത്തിൽ വരുത്തും. പദ്ധതിക്കു ശൂറാ കൗൺസിൽ നേരത്തേ അംഗീകാരം നൽകിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com