ADVERTISEMENT

റിയാദ്∙ സൗദിയിൽ സ്ഥിര താമസമാക്കാൻ വിദേശികൾക്ക് ആനുകൂല്യം നൽകുന്ന പ്രിവിലേജ് ഇഖാമ സംബന്ധിച്ച കൂടുതൽ വിവരങ്ങളും നിയമാവലിയും പുറത്തിറക്കി. സൗദി ശൂറാ കൗൺസിലിന്റെ ശുപാർശയിൽ പ്രിവിലേജ് ഇഖാമയ്ക്കു  മന്ത്രിസഭാ അംഗീകാരം നൽകിയിരുന്നു. സൗദിയുടെ നയതന്ത്ര ബന്ധത്തിലുള്ള ഏത് രാജ്യക്കാർക്കും ഈ ഇഖാമ അനുവദിക്കും. സ്ഥിരം ഇഖാമ, താൽകാലിക ഇഖാമ എന്നിങ്ങനെ രണ്ടു തരം താമസ രേഖ അനുവദിക്കുന്ന നിയമത്തിൽ 14 വകുപ്പുകളാണ് ഉള്ളത്. ആ ജീവനാന്ത ഇഖാമക്ക് 8 ലക്ഷവും വർഷാവർഷം പുതുക്കുന്നതിന് ലക്ഷം റിയാലും  ആണ് ഫീസെന്ന്  കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. അപേക്ഷ നൽകി 90 ദിവസത്തിനകം ഇഖാമ അനുവദിക്കും 

നിയമാവലി

സ്ഥിരം ഇഖാമ, താൽകാലിക ഇഖാമ എന്നിവയുടെ പേര്, കുടുംബങ്ങളേയും ബന്ധുക്കളെയും കൂടെ താമസിപ്പിക്കുന്നത് സംബന്ധിച്ച്, ഇഖാമയുടെ കാലാവധി സംബന്ധിച്ച്, ഇതു കരസ്ഥമാക്കുന്നതിനുള്ള മാനദണ്ഡങ്ങൾ, ഇഖാമ അനുവദിക്കുന്ന കേന്ദ്രം, ഫീസ്, നിലവിലെ ഇഖാമ റദ്ദ് ആകുന്നത്, സ്വദേശി ആനുകൂല്യങ്ങൾ നൽകപ്പെടുന്ന വിദേശികൾ ആണെന്നത്, നിശ്ചിത ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക്  ഇഖാമ റദ്ദ് ആകുന്നതിനെപ്പറ്റി, വിദേശികൾ തന്നെയാണെന്നത്, സൗദി പൗരത്വത്തിന് അർഹതയുണ്ടാകില്ല, ഇഖാമ സെന്ററിന്റെ അധികാരത്തെക്കുറിച്ച്, ഇഖാമ റദ്ദ് ചെയ്യപ്പെടുമ്പോൾ ആശ്രിതരുടെ അവകാശവും ഇല്ലാതാകും, ഗസറ്റ് വിജ്ഞാപന റഫറൻസുകൾ എന്നിവ അടങ്ങുന്നതാണ് നിയമാവലി. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ നടപ്പാക്കുന്ന പദ്ധതിയാണ് പ്രിവിലേജ് ഇഖാമ എന്ന് സൗദി ശൂറാ കൗൺസിൽ സാമ്പത്തിക കാര്യ ചെയർമാൻ ഫഹദ് ബിൻ ജുമാ  പറഞ്ഞു. 

ഇരുപത്തിയൊന്ന് വയസായിരിക്കുക, കാലാവധിയുള്ള പാസ്പോർട്ട് ഉണ്ടായിരിക്കുക, ക്രിമിനൽ പശ്ചാത്തലമില്ലാതിരിക്കുക, സാംക്രമിക രോഗങ്ങൾ ഇല്ലെന്ന് തെളിയിക്കുന്ന ആരോഗ്യ സാക്ഷ്യ പത്രം ഹാജരാക്കുക, അപേക്ഷകൻ രാജ്യത്ത് താങ്ങുന്നത് നിയമ പരമായ രേഖയോടെ ആയിരിക്കുക എന്നതാണ് പ്രാഥമിക മാനദണ്ഡങ്ങൾ.  വസ്തു, വാഹനം എന്നിവ സ്വന്തമാക്കാനും കൈമാറ്റം ചെയ്യാനും സ്വകാര്യ മേഖലയിൽ നിക്ഷേപിക്കുന്നതിനും തൊഴിലെടുക്കുന്നതിനും വിദേശികളുടെ നൂലാമാലകളില്ലാതെ തൊഴിൽ മാറുന്നതിനും അതിർത്തികളിലും വിമാനത്താവളങ്ങളിലും പ്രത്യേക ക്യൂ ഉപയോഗിക്കുന്നതിനും ഇവർക്ക് ആനുകൂല്യം നൽകുന്നുണ്ട്.

സ്വദേശിവവൽക്കരം ബാധകമാകും

സ്വദേശിവൽക്കരണത്തിന്റെ ഭാഗമായി സ്വദേശികൾക്ക് നിജപ്പെടുത്തിയ മേഖലകളിൽ തൊഴിലെടുക്കുന്നതിനോ ബിസിനസിൽ ഏർപ്പെടുന്നതിനോ പ്രിവിലേജ് ഇഖാമക്കാർക്കും കഴിയില്ല.അനുച്‌ഛേദം 5 അനുസരിച്ച് നിശ്ചയിക്കപ്പെടുന്നു ഫീസ് നൽകുക, സൗദിയിൽ നിയമപരമായി താമസിക്കുന്നതവരായിരിക്കുക, വിദേശികൾ ഒടുക്കുന്ന എല്ലാ തരം ടാക്‌സുകളും നല്കുന്നവരായിരിക്കുക എന്നിവയും നിബന്ധനകളാണ്. എന്നാൽ ആശ്രിത ഫീ ഇത്തരം ഇഖാമക്കാർക്ക് ഉണ്ടായിരിക്കുന്നതല്ല.

സൗദി പൗരത്വത്തിന് അവകാശമില്ല

പ്രിവിലേജ് ഇഖാമക്കാർക്ക് സൗദി പൗരത്വത്തിന് അവകാശം ഉണ്ടായിരിക്കുന്നതല്ല.ബന്ധുക്കളെ കൊണ്ടുവരുന്നതിനും രാജ്യാന്തരവും ആഭ്യന്തരവുമായ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനും വസ്തു, വാഹനം എന്നിവ സ്വന്ത്രമാക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനും മക്ക മദീന അതിർത്തി പ്രദേശങ്ങൾ എന്നിവ ഒഴിച്ചുള്ള ഇടങ്ങളിൽ വാണിജ്യ ലക്ഷ്യങ്ങളോടെ വസ്തുവും കെട്ടിടങ്ങളും സ്വന്തമാക്കുന്നതിനും അധികാരമുണ്ടായിരിക്കും. പുണ്യനഗരങ്ങളിൽ  99 വർഷത്തേയ്ക്ക്  പാട്ട വ്യവസ്ഥയിൽ വസ്തു സ്വന്തമാക്കാനും വ്യവസ്ഥ അനുശാസിക്കുന്നുണ്ട്.

വാണിജ്യ നിയമ നിക്ഷേപ മന്ത്രാലങ്ങൾ ഉടമസ്ഥാവകാശം ഉൾപ്പെടെയുള്ള കാര്യങ്ങളെ സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ അവതരിപ്പിക്കും. സ്വദേശികൾക്ക്  ഉൾപ്പെടെ രാജ്യത്ത് തൊഴിൽ രംഗം ശക്തിപ്പെടുത്തുകയും വൻകിട ചെറുകിട നിക്ഷേപങ്ങളിലൂടെ സാമ്പത്തിക സജീവത ഉറപ്പിക്കുകയുമാണ് പ്രിവിലേജ് ഇഖാമയുടെ ലക്ഷ്യമെന്ന് സാമ്പത്തിക ആസൂത്രണ കാര്യ മന്ത്രി മുഹമ്മദ് അൽ തുവൈരിജി പറഞ്ഞു.

റദ്ദാകുന്നത് ഇങ്ങനെ

നിബന്ധനങ്ങൾ ലംഘിക്കുകയോ മരിക്കുകയോ 60 ദിവസം  തടവ് അല്ലെങ്കിൽ ലക്ഷം റിയാൽ പിഴയോ  ലഭിക്കാവുന്ന കുറ്റകൃത്യത്തിൽ ഏർപ്പെടുകയോ നാടുകടത്തപ്പെടുകയോ ചെയ്യുന്ന പക്ഷം പ്രിവിലേജ് ഇഖാമ സ്വയം റദ്ദ് ആകുകയും ആനുകൂല്യങ്ങൾ നഷ്ടപ്പെടുകയും ചെയ്യും. നല്കപ്പെട്ട വിവരങ്ങൾ സത്യമല്ലെന്ന് തെളിയുകയോ ഇഖാമ അനുവദിക്കുന്ന യോഗ്യതകൾ നഷ്ടമാകുകയോ ചെയ്താലും പ്രിവിലേക് ഇഖാമ ആനുകൂല്യങ്ങൾ  നഷ്ടമാകും.

പ്രിവിലേജ്  ഇഖാമ റദ്ദ് ചെയ്യപ്പെടുന്ന പക്ഷം അത് മൂലമുള്ള മുഴുവൻ  ആനുകൂല്യങ്ങളും കുടുബങ്ങൾക്കും  ബന്ധുക്കക്കും കൂടി നഷ്ടമാകും. ഇത്തരം സന്ദർഭങ്ങളിൽ ആനുകൂല്യങ്ങളും  അവകാശങ്ങൾക്കും  പിന്തുടർച്ചക്കാരിലേക്ക് നീങ്ങുകയില്ലെന്നും നിയമം അനുശാസിക്കുന്നു. ഇഖാമ കേന്ദ്രം മുന്നോട്ട് വെക്കുന്ന  നിബന്ധനകൾക്ക് വിധേയമായി ഉടമക്കോ ആശ്രിതർക്കോ സ്വയം റദ്ദ് ചെയ്യാനും വിരമിക്കാനും ഉള്ള അവകാശം ഉണ്ടായിരിക്കും.

2016 ലാണ് ഗ്രീൻ കാർഡ് സ്വഭാവത്തിലുള്ള പ്രിവിലേജ്  ഇഖാമ സംബന്ധിച്ച ശുപാർശയ്ക്ക്  സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അംഗീകാരം നാക്കുന്നത്. സ്പോൺസർ ഇല്ലാതെ രാജ്യത്ത് സ്ഥിരം തങ്ങുന്നതിനും തൊഴിലെടുക്കുന്നതിനും അനുമതി നൽകുന്ന തരത്തിൽ ഗ്രീൻ കാർഡ് സ്വഭാവത്തിലുള്ള താമസ രേഖ രാജ്യത്ത് ഇത്  ആദ്യമായാണ്.  കൂടുതൽ വ്യക്തതകളും നിയമങ്ങളും വരാനിരിക്കുന്നതേ  ഉള്ളൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com