ADVERTISEMENT

ജിദ്ദ ∙ ഇറാൻ പിന്തുണയോടെ യെമനിലെ ഹൂത്തികൾ വിശുദ്ധ നഗരങ്ങളായ മക്കയ്ക്കും ജിദ്ദയ്ക്കും നേരെ തൊടുത്തു വിട്ട രണ്ട് മിസൈലുകൾ സൗദി തകർത്ത പശ്ചാത്തലത്തിൽ ഹൂത്തികളെ നിരായുധീകരിക്കാൻ നടപടി കൈക്കൊള്ളണമെന്ന് യുഎൻ സെക്യൂരിറ്റി കൗൺസിലിനോട് സൗദി ആവശ്യപ്പെട്ടു. ഇന്നലെ അതിരാവിലെ തകർത്ത മിസൈലുകൾ പതിച്ചത് തായിഫിൽ നിന്ന് മക്കയിലേക്ക് നീളുന്ന വാദി ജലീൽ താഴ്‌വരയിലാണെന്ന് അറബ് സഖ്യ സേന വാക്താവ് പറഞ്ഞു. വിശുദ്ധ നഗരത്തിനു നേരെ ഇത് ഹൂത്തികളുടെ ആദ്യ ഡ്രോൺ ആക്രമണമല്ല. 2017 ൽ മക്കയെ ലക്ഷ്യമാക്കി വിട്ട ഡ്രോൺ സേന തകർത്തിരുന്നു. ശേഷം ജിദ്ദ കിങ് അബ്ദുൽ അസീസ് രാജ്യാന്തര വിമാനത്താവളത്തിനു നേരെ വിട്ട ഡ്രോൺ വിഡിയോ ഇന്നും സമുഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

റമസാന്റെ പവിത്രത കാത്ത് സൂക്ഷിക്കാതെ പുണ്യ നഗരത്തിന്‌ നേരെ നടത്തുന്ന ഇറാൻ പിന്തുണയുള്ള ഹൂത്തി ആക്രമണങ്ങൾ ലോക രാഷ്ട്രങ്ങൾ അപലപച്ചിട്ടുണ്ട്. വിശുദ്ധ നഗരത്തെ സംരക്ഷിക്കാൻ ലോക മുസ്‌ലിം രാഷ്ട്രങ്ങൾ രംഗത്ത് വരേണ്ട സമയമാണിതെന്നും സൗദി പറഞ്ഞു. ചുവപ്പ് വര ലംഘിച്ചിരിക്കെ ഇറാൻ, ആക്രമണങ്ങളെ അപലപിക്കുന്നതിൽ കാര്യമില്ല. ഇനിയൊരു പ്രകോപനം ഉണ്ടായാൽ ടെഹ്‌റാനു നേരെ കടുത്ത തിരിച്ചടി ഉണ്ടാകുമെന്നും സൗദി മുന്നറിയിപ്പ് നൽകി. യുഎൻ രക്ഷാസമിതിയുടെ വെടിനിർത്തൽ കരാർ ലംഘിച്ചാണ്‌ രണ്ട് പ്രധാന ഇന്ധന സംഭരണ ശാലക്ക് നേരെ ഹൂത്തികൾ കഴിഞ്ഞ ദിവസം ഡ്രോൺ ആക്രമണം നടത്തിയത്.

കിഴക്കൻ പ്രവിശ്യയിൽ നിന്ന് പശ്ചിമ യാമ്പുവിലേക്ക് പോകുന്ന ഇന്ധന പൈപ് ലൈനിനു നേരെ ദവാത്മിയിലും അഫീഫിലും  ഹൂത്തികൾ നടത്തിയത് ഏഴ് സ്ഫോടനാത്മക ഡ്രോണുകൾ ഉപയോഗിച്ചാണ്. ഇതിനെതിരെ യുഎൻ സെക്യൂരിറ്റി കൗൺസിൽ നിരായൂധീകരണ നടപടികൾ സ്വീകരിക്കണമെന്ന് സൗദി ആവശ്യപ്പെട്ടു.

മധ്യ കിഴക്കൻ മേഖലയിലെ ഭൗമ രാഷ്ട്രീയ പ്രക്ഷുബ്ധാന്തരീക്ഷം ക്രൂഡ് ഓയിൽ നീക്കത്തെ പ്രതികൂലമായി ബാധിക്കുന്നതിനാൽ രാജ്യങ്ങൾ തമ്മിലെ വാണിജ്യ യുദ്ധവും മുറുകുകയാണ്. യുഎഇ സമുദ്രാതിര്‍ത്തിയില്‍ സൗദി കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണവും എണ്ണ വിതരണ ശാലകൾക്ക് നേരെയുള്ള അട്ടിമറിയും പുണ്യ നഗരങ്ങൾ ലക്ഷ്യം വെച്ചുള്ള മിസെയിലും ആഗോള വിപണയില്‍ എണ്ണവില വര്‍ധിപ്പിച്ചു.

മേഖലയിൽ ടെഹ്‌റാൻ ഉയർത്തുന്ന പ്രശ്നങ്ങൾ മുഖ്യ വിഷയമായെടുത്ത് മേയ് 30ന്‌ മക്കയിൽ അറബ് രാഷ്ടങ്ങളുടെ അടിയന്തര ഉച്ചകോടി വിളിച്ചിരിക്കുകയാണ്‌. 2015 മുതൽ ഇറാൻ പിന്തുണയോടെ ഹൂത്തികൾ രാജ്യത്തെക്ക് തൊടുത്ത് വിട്ട‌ 227 ബാലിസ്റ്റിക് മിസൈലുകളാണ് ഇതിനകം സൗദി സുരക്ഷാ സേന തകർത്തിട്ടുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com