ADVERTISEMENT

ദോഹ ∙ ഹമദ്‌ ജനറൽ ആശുപത്രി (എച്ച്ജിഎച്ച്) യിലെ പുതിയ അടിയന്തര, ട്രോമ ചികിൽസാ വിഭാഗം ഇന്നു (ബുധൻ) തുറക്കും. ഹമദ് മെഡിക്കൽ കോർപറേഷൻ (എച്ച്എംസി) ഔദ്യോഗിക ട്വീറ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പുതിയ കെട്ടിടത്തിന്റെ നിർമാണജോലികൾ കഴിഞ്ഞവർഷം പൂർത്തിയായിരുന്നു. ഈ വർഷം ആദ്യംതന്നെ വിവിധ മെഡിക്കൽ ഡിപാർട്‌മെന്റുകൾക്കായി ആധുനിക വൈദ്യോപകരണങ്ങൾ സ്ഥാപിച്ചു തുടങ്ങിയിരുന്നു.

ഹമദ് ജനറൽ ആശുപത്രിയിൽ നിലവിലുള്ള എമർജൻസി വിഭാഗത്തിന്റെ നാലിരട്ടി സൗകര്യങ്ങളാണു പുതിയ എമർജൻസി, ട്രോമ വിഭാഗത്തിലുള്ളത്. കെട്ടിട വലുപ്പവും നാലിരട്ടിയുണ്ട്. 27,000 ചതുരശ്ര മീറ്റർ പുതിയ കെട്ടിടം ഉൾപ്പെടെ 30,000 ചതുരശ്ര മീറ്ററാണ്‌ ആകെ വിസ്‌തൃതി. 3000 ചതുരശ്രമീറ്ററിന്റെ ഒരു കെട്ടിടം നവീകരിച്ച്‌ ഉൾപ്പെടുത്തുകയായിരുന്നു. 4 നിലകളിലായി 297 റൂമുകളുണ്ട്. 14 ഓപ്പറേഷൻ തിയറ്ററും 23 പരിശോധനാ മുറികളും ഉൾപ്പെടെയാണിത്. എക്സ്റേ, സ്കാനിങ് സൗകര്യവുമുണ്ട്. എയർ ആംബുലൻസിനായി ഹെലിപ്പാഡും സജ്ജീകരിച്ചു. മൾട്ടിലെവൽ പാർക്കിങ് കേന്ദ്രത്തിൽ 800 കാറുകൾക്ക്‌ ഇടമുണ്ട്.

ഏതാനും ഡിപാർട്മെന്റുകൾ മാത്രമാണ് ഇന്നു തുറക്കുന്നത്. ഈ വർഷം അവസാനത്തോടെയേ ഔദ്യോഗിക ഉദ്ഘാടനം ഉണ്ടാകൂ എന്ന് ആരോഗ്യമന്ത്രി ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരി ഫെബ്രുവരിയിൽ വ്യക്തമാക്കിയിരുന്നു. പുതിയ ട്രോമ സെന്റർ പ്രവർത്തനം തുടങ്ങുന്നതോടെ അപകടങ്ങളിൽ ഗുരുതര പരുക്കേറ്റെത്തുന്നവർക്ക്‌ ഉടൻ ശസ്‌ത്രക്രിയ ഉൾപ്പെടെയുള്ള വിദഗ്‌ധ പരിചരണം ലഭ്യമാക്കാനാകും. വൻ അപകടങ്ങളും പ്രകൃതി ദുരന്തങ്ങളും ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിൽ വിദഗ്ധ പരിശീലനം ലഭിച്ച പാരാമെഡിക്കൽ ജീവനക്കാരാണു ട്രോമ സെന്ററിൽ ഉണ്ടാവുക.

ഡിസാസ്‌റ്റർ മാനേജ്‌മെന്റ്‌ ട്രെയിനിങ്‌ സംവിധാനവും ഫാർമസി, ലാബ്‌ സൗകര്യങ്ങളും ഇവിടെയുണ്ട്. രോഗികൾ അപകടനില തരണം ചെയ്താലുടൻ ഹമദ്‌ ജനറൽ ആശുപത്രി വാർഡുകളിലേക്ക്‌ മാറ്റും. ഇതിനായി പ്രത്യേക ഇടനാഴിയും നിർമിച്ചു.ഹമദ്‌ ജനറൽ ആശുപത്രിയേയും ബൈസ്റ്റാൻഡർമാരുടെ താമസസ്‌ഥലത്തേയും ബന്ധിപ്പിച്ചാണ്‌ പുതിയ എമർജൻസി വിഭാഗം തുറക്കുന്നത്. ഹമദ് മെഡിക്കൽ കോർപറേഷനു കീഴിൽ കൂടുതൽ രോഗികളെത്തുന്നതും ഏറെ പേർക്ക് ട്രോമ പരിചരണം നൽകുന്നതും ഹമദ്‌ ജനറൽ ആശുപത്രിയാണ്‌.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com