ADVERTISEMENT

ദോഹ ∙ ആംബുലൻസുകളുടെ വരവ്‌ സംബന്ധിച്ചു മുന്നിലുള്ള വാഹന ഡ്രൈവർമാർക്കു മുന്നറിയിപ്പ്‌ നൽകുന്ന ഇഡബ്ല്യുഎസ്‌ (എമർജൻസി വാണിങ്‌ സിസ്‌റ്റം) സംവിധാനം പരീക്ഷണാടിസ്‌ഥാനത്തിൽ ഹമദ്‌ മെഡിക്കൽ കോർപറേഷന്റെ ആംബുലൻസുകളിൽ സ്‌ഥാപിക്കാൻ അനുമതി. ടെലികോം കമ്യുണിക്കേഷൻ അതോറിറ്റി (സിആർഎ) ആണ്‌ എച്ച്‌എംസി ആംബുലൻസുകളിൽ ഇഡബ്ല്യുഎസ്‌ സ്‌ഥാപിക്കാനും പരീക്ഷണാടിസ്‌ഥാനത്തിൽ പ്രവർത്തിപ്പിക്കാനും അനുമതി നൽകിയത്‌.ഗൾഫ്‌ മേഖലയിൽ ഇഡബ്ല്യുഎസ്‌ ആദ്യം ഉപയോഗിക്കുന്ന രാജ്യമായി ഖത്തർ മാറുകയാണ്‌. ആംബുലൻസിന്‌ 300 മീറ്റർ വരെ മുൻപിലുള്ള ഏതെങ്കിലും വാഹനങ്ങളിൽ ഏതെങ്കിലും എഫ്‌എം റേഡിയോകൾ ഓൺ ആണെങ്കിൽ ആംബുലൻസ്‌ വരുന്നു എന്ന സന്ദേശം റേഡിയോ സ്‌ക്രീനിലൂടെ ഡ്രൈവർക്കു നൽകാൻ ഇഡബ്ല്യുഎസിനു കഴിയും.ആംബുലൻസ്‌ വാഹനത്തെ മറികടക്കുംവരെ എഫ്‌എം പ്രക്ഷേപണം വിച്‌ഛേദിക്കപ്പെടുകയും തുടർന്ന്‌ ആംബുലൻസ്‌ സമീപിക്കുന്നു, വഴിയൊരുക്കുക എന്ന ശബ്‌ദസന്ദേശം പ്രക്ഷേപണം ചെയ്യുകയും ചെയ്യും. 

മറ്റു ഡ്രൈവർമാർ ഇതോടെ ജാഗ്രതയിലാവുകയും ആംബുലൻസിന്‌ സുരക്ഷിതമായി മുന്നിലുള്ള വാഹനങ്ങളെ മറികടന്നു പോകാനുമാവും.അടുത്തെത്തും മുൻപെ അറിയിപ്പ്‌ ലഭിക്കുന്നതിനാൽ ആംബുലൻസിനു കടന്നുപോകാൻ കഴിയുംവിധം ഒതുക്കിമാറ്റാൻ മുന്നിലുള്ള വാഹനങ്ങളുടെ ഡ്രൈവർമാർക്കാവും. അത്യാസന്ന നിലയിലുള്ള രോഗികളേയുംകൊണ്ടു പായുന്ന ആംബുലൻസുകൾക്കാണ്‌ ഇതുകൊണ്ടുള്ള മെച്ചം ഏറ്റവും കൂടുതൽ ലഭിക്കുക.

രോഗിയേയും കൊണ്ട്‌ അടിയന്തര ചികിൽസാ വിഭാഗത്തിലെത്താനെടുക്കുന്ന സമയത്തിൽ(ആംബുലൻസ്‌ റെസ്‌പോൺസ്‌ ടൈം) വലിയ കുറവുണ്ടാക്കാനും ഇതിലൂടെ കഴിയും.എഫ്‌എം റേഡിയോകളിലൂടെ മുന്നറിയിപ്പ്‌ നൽകുന്ന ഇഡബ്ല്യുഎസ്‌ നിലവിൽ ഓസ്‌ട്രേലിയയിലും ഏതാനും യൂറോപ്യൻ രാജ്യങ്ങളിലും മാത്രമാണ്‌ ഉപയോഗിക്കുന്നതെന്ന്‌ സിആർഎ അറിയിച്ചു. ആധുനിക സാങ്കേതിക വിദ്യകൾ ഖത്തറിലും പ്രയോജനപ്പെടുത്താനാണ്‌ ഇഡബ്ല്യുഎസിന്‌ പരീക്ഷണാടിസ്‌ഥാനത്തിൽ അനുമതി നൽകിയത്‌. 

രാജ്യത്തെ ആതുരശുശ്രൂഷാ സേവന പുരോഗതിക്കും ഇതു വഴിയൊരുക്കുമെന്ന്‌ സിആർഎ കൂട്ടിച്ചേർത്തു.ആവശ്യമായ മുന്നൊരുക്കങ്ങളും പഠനങ്ങളും നടത്തിയാണ്‌ ഇഡബ്ല്യുഎസിന്‌ പ്രാഥമികാനുമതി നൽകിയത്‌. എച്ച്‌എംസി ആംബുലൻസ്‌ സർവീസാണ്‌ ഇഡബ്ല്യുഎസ്‌ ആംബുലൻസുകളിൽ സ്‌ഥാപിക്കുക. ഇവയുടെ ഉപയോഗം എത്രമാത്രം ഫലപ്രദമാണെന്നതു സംബന്ധിച്ച്‌ അടുത്ത മൂന്നുമാസം സിആർഎ പരിശോധിക്കും. ഫലപ്രദമെന്നു തെളിഞ്ഞാൽ എല്ലാ ആംബുലൻസുകളിലും ഉപയോഗിക്കാൻ അന്തിമാനുമതി നൽകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com