ADVERTISEMENT

ദുബായ് ∙ നിർമിത ബുദ്ധി ആരോഗ്യ രംഗത്ത് ഉപയോഗിക്കൊനൊരുങ്ങി സ്മാർട് ദുബായ് അധികൃതർ. രോഗിയുടെ രക്തസമ്മർദം, ശരീര ഊഷ്മാവ്, പൾസ് തുടങ്ങിയ ആറു പ്രധാന വിവരങ്ങൾ ഉപയോഗപ്പെടത്തി രോഗപുരോഗതിയും പ്രതിരോധ നടപടികളും മനസ്സിലാക്കുന്നതിനുള്ള നടപടികളാണൊരുങ്ങുന്നത്. ഇതുവഴി ഒട്ടേറെ ജീവൻ രക്ഷിക്കാനാകുമെന്ന് അധികൃതർ വ്യക്തമാക്കുന്നു.

രോഗികളുടെ ആരോഗ്യസ്ഥിതി എവിടിരുന്നും ഈ സംവിധാനത്തിലൂടെ മനസ്സിലാക്കാം. ഒരു മണിക്കൂർ മുതൽ അടുത്ത 20 മണിക്കൂർ വരെയുള്ള സ്ഥിതി ഏതാണ്ട് 90 മുതൽ 98% കൃത്യതയോടെ കണ്ടെത്താനാകും. തീവ്രപരിചരണ വിഭാഗത്തിൽ നിന്നു മാറ്റിയാലും രോഗിയുടെ ആരോഗ്യസ്ഥിതി എപ്പോൾ വഷളാകുമെന്നു വരെ അറിയാനാകും. നിർമിതബുദ്ധി ഉപയോഗിക്കുന്നതു വഴി 3 കാര്യങ്ങളിൽ നേട്ടമുണ്ടാകുമെന്നു അധികൃതർ പറയുന്നു. രോഗത്തിന്റെ ഗുരുതരാവസ്ഥ അനുസരിച്ച് കരുതൽ നടപടികൾ സ്വീകരിക്കാൻ ആശുപത്രികൾക്ക് സമയം കിട്ടും. ഏതു ഡോക്ടറെ വിളിക്കണം ഏതു സ്റ്റാഫിനെയും നഴ്സിനെയും സജ്ജമാക്കി നിർത്തണം എന്നു മുൻകൂട്ടി തീരുമാനിക്കാം.. ഡേറ്റ കൃത്യമായതിനാൽ നിഗമനങ്ങളും തീരുമാനങ്ങളും കൈക്കൊള്ളാം. പലപ്പോഴും ഡോക്ടർമാർക്ക് വർഷങ്ങളുടെ പരിചയം കൊണ്ടു മാത്രം സാധിക്കുന്ന കാര്യമാണിത്.

medicine
representative image

സ്മാർട് ദുബായിയുടെ നിർമിത ബുദ്ധി വിഭാഗം, ദുബായ് ഹെൽത്ത് അതോറിറ്റി, ഐബിഎം എന്നിവർ ചേർന്നാണു പദ്ധതി നടപ്പാക്കുന്നത്. റാഷിദ് ഹോസ്പിറ്റൽ, ലത്തീഫ ഹോസ്പിറ്റൽ, ദുബായ് ഹോസ്പിറ്റൽ ഹത്ത ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ ഇതിനുള്ള പരിശീലനം നൽകി. എണ്ണമറ്റ ജീവനുകൾ രക്ഷിക്കാൻ സഹായിക്കുന്ന പദ്ധതി സ്വകാര്യ-പൊതുപങ്കാളിത്തത്തോടെയാണു നടപ്പാക്കുകയെന്ന് സ്മാർട് ദുബായ് സിഇഒ വെസാം ലൂത്ത പറഞ്ഞു. പുതിയ സംവിധാനം ഉപയോഗിക്കുന്നതിലൂടെ ആരോഗ്യ പ്രവർത്തകർക്ക് രോഗിയുടെ ജീവൻ രക്ഷിക്കാൻ മതിയായ സമയം ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാവർക്കും ഗുണമേന്മയുള്ള സേവനം നൽകുക വഴി സ്മാർട്ടായ നഗരമായി മാറുക എന്ന ലക്ഷ്യത്തിലേക്ക് ദുബായ് വളരുകയാണെന്ന് ദുബായ് ഹെൽത്ത് കെയർ സിഇഒ ഡോ. യൂനിസ് ഖാസിം വ്യക്തമാക്കി.

രക്തസമ്മർദത്തിനുള്ള 2 ഇനം മരുന്നുകൾ യുഎഇ പിൻവലിച്ചു

അബുദാബി ∙ ആരോഗ്യത്തിന് ഹാനികരമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് രക്തസമ്മർദത്തിനുള്ള 2 ഇനം മരുന്നുകൾ യുഎഇ പിൻവലിച്ചു. അർബുദത്തിന് കാരണമാകുന്ന ഘടകങ്ങൾ അടങ്ങിയതായി കണ്ടെത്തിയ പശ്ചാത്തലത്തിലാണ് തീരുമാനം. ആർബിറ്റെൻസ് 50 എംജി, ആർബിറ്റെൻസ് 100എംജി, ഇർബെസർട്ടൻ 75എംജി, 150എംജി, 300എംജി മരുന്നുകളാണ് പിൻവലിച്ചത്. അബുദാബി ആസ്ഥാനമായുള്ള നിയോ ഫാർമയുടെ ഉൽപന്നമാണ് ആർബിറ്റെൻസ്. മരുന്നിൽ പരിധിയിലധികം രാസവസ്തുക്കൾ (എ-നിട്രോസൊ, എൻ-മീതൈൽ-4-അമിനോബടിറിക് ആസിഡ്) അടങ്ങിയതായി പരിശോധനയിൽ കണ്ടെത്തിയിരുന്നു.

സൗദി ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ നിർദേശത്തെ തുടർന്നാണ് ഇർബെസർട്ടൻ പിൻവലിച്ചത്. ഇതിന്റെ യുഎഇയിലെ റജിസ്ട്രേഷനും റദ്ദാക്കിയിട്ടുണ്ട്. ഈ മരുന്നിലും കാൻസറിന് കാരണമാകുന്ന ഘടകങ്ങൾ ഉൾപെട്ടതായി രാജ്യാന്തര സംഘടനയുടെ റിപ്പോർട്ടുണ്ടായിരുന്നു. മരുന്നുകൾ ഫാർമസികളിൽനിന്നും ആശുപത്രികളിൽനിന്നും തിരിച്ചെടുക്കാൻ നിർമാതാക്കൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com