ADVERTISEMENT

അബുദാബി∙ നഗരത്തിൽനിന്ന് 80 കിലോമീറ്റർ അകലെ അൽഖാതിം മരുഭൂമിയിൽ മാടുകൾക്കൊപ്പം കഴിയുന്നവർക്കിടയിലേക്ക് ഇഫ്താർ വിഭവങ്ങളുമായി എത്തുമ്പോൾ നൊസ്റ്റാൾജിയ സാംസ്കാരിക സംഘടനയുടെ പ്രവർത്തകർ കണ്ടതു പ്രതീക്ഷയ്ക്കപ്പുറം ദയനീയ കാഴ്ചകൾ. ഒരിടത്ത് ആട്ടിൻകൂട്ടങ്ങളുടെയും ഒട്ടകങ്ങളുടെയും മസറ. മറുവശത്ത് പ്ലൈവുഡും തുണിയും കൊണ്ടു മറച്ച ചെറിയ ഉസ്ബകളിൽ(താമസമുറി) കഴിയുന്ന മനുഷ്യർ.

ഇഴജന്തുക്കളെ പേടിച്ച് മരക്കാൽ നാട്ടി അതിനു മുകളിൽ പലക വിരിച്ചാണു ചിലർ കിടക്കുന്നത്. ഉണങ്ങിയ ഈന്തപ്പഴവും വെള്ളവും റൊട്ടിയും കൊണ്ടാണ് നോമ്പുതുറ. കിലോമീറ്ററുകളോളം മരുഭൂമിയിൽ സഞ്ചരിച്ചു വേണം ആടിനെയും ഒട്ടകങ്ങളെയും നോക്കി ജീവിക്കുന്നവരുടെ ഉസ്ബകളിലെത്താൻ. ഓരോ ഉസ്ബയിലും ഒരു പറ്റം ആടുകളും ഒട്ടകങ്ങളും പശുക്കളും ഇവയെ നോക്കാൻ ഒന്നോ രണ്ടോ മനുഷ്യരും. വാരാന്ത്യത്തിലോ മാസത്തിലോ എത്തുന്ന അർബാബ് നൽകുന്ന ഭക്ഷണമാണു ചിലരുടെ ആശ്രയം. ചിലർ സ്വന്തമായി റൊട്ടിയുണ്ടാക്കി കഴിക്കും. ഇഫ്താർ–പെരുന്നാൾ വിഭവങ്ങളുമായി എത്തുന്ന വിവരം നൊസ്റ്റാൾജിയ പ്രവർത്തകർ നേരത്തെ അറിയിച്ചിരുന്നതിനാൽ വിവിധ മസ്റകളിൽനിന്ന് അൻപതോളം പേർ എത്തിയിരുന്നു.

മണൽപരപ്പിൽ പഴകിയ ഷീറ്റ് വിരിച്ച് അവർ അതിഥികൾക്ക് ഇരിപ്പിടമൊരുക്കി. എല്ലാവരും ഒന്നിച്ചു നോമ്പുതുറന്നു. സംഘമായി മഗ്‌രിബ് നമസ്കരിച്ചു. വിഭവ സമൃദ്ധമായ നോമ്പുതുറ ആദ്യമാണെന്ന് 7 മാസം മുൻപ് ജോലിക്കെത്തിയ പാക്കിസ്ഥാൻ സ്വദേശി മുഹമ്മദ് ഇഖ്ബാൽ മനോരമയോടു പറഞ്ഞു. വേറെ ജോലിയൊന്നും അറിയാത്തതിനാൽ ഒട്ടകങ്ങളെ മേയ്ക്കുന്ന ജോലിക്കായി വന്നു. വീസയ്ക്ക് 2000 ദിർഹം കൊടുത്താണ് എത്തിയത്. ശമ്പളം 800 ദിർഹമേയുള്ളൂവെങ്കിലും കൃത്യമായി കിട്ടും. അതിൽനിന്ന് ഭക്ഷണത്തിനുള്ള വകയെടുത്ത് നാട്ടിലേക്ക് അയയ്ക്കും.  ഗുലാം ആസിഫ്, ഫെയ്സ് മുഹമ്മദ്, അബ്ദുൽ സത്താർ തുടങ്ങിയവരെല്ലാം സമാന അനുഭവമാണു പങ്കുവച്ചത്.

നൊസ്റ്റാൾജിയ പ്രവർത്തകരോടൊപ്പം ദിയ അൻസാദ് ഇഫ്താർ-ഈദ് കിറ്റുകൾ വിതരണം ചെയ്യുന്നു.

ഇവർക്കു പക്ഷേ, അർബാബ് മാസത്തിലൊരിക്കൽ ഭക്ഷണസാധനങ്ങൾ എത്തിച്ചു നൽകും. ഒരു മാസത്തേക്കുള്ള പതിനഞ്ചോളം ഇനം പലചരക്ക് സാധനങ്ങളടങ്ങിയ കിറ്റും വിതരണം ചെയ്താണ് മലയാളി കൂട്ടായ്മ മടങ്ങിയത്. മരുഭൂമിക്കു നടുവിൽ തൊഴിലാളികൾക്കൊപ്പമുള്ള സമൂഹ നോമ്പുതുറ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമായെന്ന് സൺറൈസ് മെറ്റൽസ് എംഡിയും എറണാകുളം സ്വദേശിയുമായ ലൂയിസ് കുര്യാക്കോസ് പറഞ്ഞു. നൊസ്റ്റാൾജിയ രക്ഷാധികാരി അഹദ് വെട്ടൂർ, നൗഷാദ് ബഷീർ, പ്രസിഡന്റ് മോഹനൻ, സെക്രട്ടറി ബെയ്സൽ, രേഖിൻ, സുധീർ കുഞ്ഞ്, നാസർ, നിസാമുദ്ദീൻ, അജയ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. രണ്ടാം തവണയാണ് നൊസ്റ്റാൾജിയ മരുഭൂമിയിൽ ഇഫ്താർ ഒരുക്കുന്നത്.

ഏക ഇന്ത്യക്കാരൻ

imran
മരുഭൂമിയിലെ ഏക ഇന്ത്യക്കാരൻ തമിഴ്നാട് സ്വദേശി ഇംറാൻ.

തമിഴ്നാട് തിരുവാരൂർമാവട്ടം സ്വദേശി ഇമ്രാൻ ആണ് അൽഖാതിം മരുഭൂമിയിലെ ഏക ഇന്ത്യക്കാരൻ. 4 മാസമേ ആയിട്ടുള്ള ഇമ്രാൻ എത്തിയിട്ട്. സ്പോൺസറുടെ വീട്ടിൽ ഹെൽപർ ജോലിയാണു വാഗ്ദാനം ചെയ്തിരുന്നതെങ്കിലും ഏതാനും ദിവസങ്ങൾക്കകം മരുഭൂമിയിൽ എത്തിക്കുകയായിരുന്നു. ആറംഗ കുടുംബത്തിന്റെ പ്രതീക്ഷയായി എത്തിയതാണ്. നാട്ടിൽ കുടുംബം വാടക വീട്ടിലാണ്. വീട്ടുചെലവ്, സഹോദരങ്ങളുടെ പഠനം, സ്വന്തമായൊരു വീട്.. ഒരുപാട് ഉത്തരവാദിത്തങ്ങളുണ്ട്. മറ്റൊരു ജോലി കിട്ടിയാൽ പോകണമെന്നുണ്ട്. പക്ഷേ അർബാബ് വിടില്ല.

സത്യസന്ധത മുഖമുദ്ര

ഒന്നിലേറെ കിറ്റുകൾ നൽകിയപ്പോൾ തൊഴിലാളികൾ സ്നേഹപൂർവം നിരസിച്ചു. തങ്ങൾക്ക് ഒരു കിറ്റ് തന്നെ ധാരാളം. കിട്ടാത്തവർ മരുഭൂമിയിൽ ഒരുപാടുണ്ട്. അവർക്കു നൽകൂ എന്നായിരുന്നു അഭ്യർഥന.

ചികിൽസ സ്വപ്നം മാത്രം

കൊടും ചൂടും കൊടും തണുപ്പും മണൽക്കാറ്റുമെല്ലാം അതിജീവിച്ചാണു കഴിയുന്നത്. എന്തെങ്കിലും രോഗം വന്നാൽ ചികിൽസ അപ്രായോഗികം. കിലോമീറ്ററുകളോളം നടന്നുവേണം ആശുപത്രിയിലെത്താൻ. നാട്ടിലെ കുടുംബക്കാരോട് രോഗ വിവരം വിളിച്ചു പറയും. അവർ ഡോക്ടറോടു ചോദിച്ച് കുറിച്ചു വാങ്ങുന്ന മരുന്ന് ആരെങ്കിലും വരുമ്പോൾ എത്തിച്ചാണു കഴിക്കുന്നത്. ഹൃദ്രോഗം, പ്രമേഹം, രക്ത സമ്മർദം തുടങ്ങിയ രോഗങ്ങൾക്ക് സ്ഥിരമായി മരുന്നു കഴിക്കേണ്ടവരുണ്ട്. മരുഭൂവാസത്തിൽ അതൊന്നും സാധ്യമാകാറില്ല.

ഒട്ടകത്തെയും ആടുകളെയും മേയ്ച്ച് കിലോമീറ്ററുകളോളം നടന്ന് ക്ഷീണിച്ചെത്തുമ്പോൾ തൊണ്ട നനയ്ക്കാൻ ഒരിറ്റ് തണുത്ത വെള്ളം കിട്ടിയാൽ വലിയ പെരുന്നാൾ എത്തിയ പ്രതീതിയാണ്-ഷെഫീക്(പാക്കിസ്ഥാൻ സ്വദേശി).

വിഭവങ്ങൾ ലഭിച്ച സന്തോഷത്തിൽ തൊഴിലാളികൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com