ADVERTISEMENT

അബുദാബി ∙ കെ.എസ്. ഷോജിത്ത് എന്ന പാലക്കാട്ടുകാരന് ഈ ചെറിയ പെരുന്നാൾ മറക്കാൻ സാധിക്കുമെന്ന് തോന്നുന്നില്ല, അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലെ 1.5 കോടി ദിർഹം (ഏകദേശം 28.25 കോടി രൂപ) സ്വന്തം കൈകളിലേക്ക് എത്തിയത് യുഎഇയിലെ പെരുന്നാളിന്റെ തലേദിവസമാണ്. അതോടൊപ്പം മറ്റൊരു ഭാഗ്യം കൂടി ഷോജിത്തിന്റെ കൈകൾക്കുണ്ടായി, ബിഗ് ടിക്കറ്റിന്റെ പുതിയ നറുക്കെടുപ്പിൽ മറ്റൊരു മലയാളിയെ കൂടി കോടീശ്വരനാക്കി. പന്തളം കുടശ്ശനാട് സ്വദേശി സഞ്ജയ് നാഥ് ആയിരുന്നു ആ ഭാഗ്യവാൻ. അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലെ 203 സീരീസിലാണ് ഷോജിത്തിന് ഒന്നാം സമ്മാനം ലഭിച്ചത്. ഈ സമ്മാനം ഏറ്റുവാങ്ങാനാണ് അദ്ദേഹം അബുദാബി വിമാനത്താവളത്തിന് പുറത്ത് തയാറാക്കിയ പ്രത്യേക നറുക്കെടുപ്പ് വേദിയിൽ എത്തിയത്. എല്ലാ തവണയും ഒടുവിലെ നറുക്കെടുപ്പിലെ വിജയി ആണ് പുതിയ ഭാഗ്യവാനെ തെരഞ്ഞെടുക്കുന്നത്. അങ്ങനെ ഷോജിത്ത് പുതിയ ഭാഗ്യവാനെ തെരഞ്ഞെടുക്കുകയായിരുന്നു. 

ഷോജിതും സഹപ്രവർത്തകരായ 12 പേരും ചേർന്നാണു ഭാഗ്യടിക്കറ്റ് എടുത്തത്. ഏഴു വർഷമായി ഷാർജ വൈറ്റ് അലൂമിനിയം കമ്പനിയിൽ സെയിൽസ്മാനാണ് ഇദ്ദേഹം. ‘വളരെയധികം സന്തോഷമുണ്ട്. പ്രതീക്ഷിക്കാതെ കിട്ടിയ സമ്മാനമാണിത്. പെരുന്നാളും ബാക്കി ജീവിതവും സന്തോഷമായിരിക്കും. കുറെയേറെ സ്വപ്നങ്ങളുമായാണ് സുഹൃത്തുക്കളും താനും ഇവിടെ എത്തിയത്. ഇനി അതെല്ലാം യാഥാർഥ്യമാക്കാം’– സമ്മാനം കൈപ്പറ്റാൻ എത്തിയപ്പോൾ ഷോജിത്ത് പറഞ്ഞു. കഴിഞ്ഞ അഞ്ചു വർഷമായി ഷോജിത്തും സഹപ്രവർത്തകരും മുടങ്ങാതെ ബിഗ് ടിക്കറ്റ് എടുക്കാറുണ്ടെങ്കിലും ഇതാദ്യമായാണ് സമ്മാനം ലഭിക്കുന്നത്. അലൂമിനിയം കമ്പനിയിലെ ജോലിക്കു പുറമെ ഷാർജയിൽ സ്വന്തമായി ഹോട്ടലും നടത്തുന്നുണ്ട് ഷോജിത്. മലയാളികളും തമിഴ്നാട്ടുകാരുമായ കൂട്ടുകാർ ചേർന്നാണു ടിക്കറ്റ് എടുത്തത്. 

അബുദാബിയിൽ സ്വകാര്യ കമ്പനിയിൽ ഡിസൈനറായ സഞ്ജയ് നാഥും സഹപ്രവർത്തകരും സുഹൃത്തുക്കളുമായ അഞ്ചു പേർക്കൊപ്പമാണ് ടിക്കറ്റ് (കൂപ്പൺ 211711) എടുത്തത്. സുഹൃത്താണ് ലൈവ് ഷോ കണ്ട് വിവരം അറിയിച്ചപ്പോഴാണ് സമ്മാനം ലഭിച്ചത് അറിഞ്ഞത്. നറുക്കെടുപ്പിൽ ഒപ്പംചേർന്ന എല്ലാവരുടെയും ഭാഗ്യമായാണിതെന്ന് 37കാരൻ പറഞ്ഞു. എട്ടാമത് തവണയെടുത്ത ടിക്കറ്റിനാണ് സമ്മാനം അടിച്ചത്. 12 വർഷമായി യുഎഇയിലുള്ള സഞ്ജയ് നാഥിന് ഇതാദ്യമായാണ് നറുക്കെടുപ്പിൽ സമ്മാനം ലഭിക്കുന്നത്. സമ്മാനത്തുക എന്തു ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ല. കുടുംബവുമായി ആലോചിച്ച് പിന്നീട് തീരുമാനിക്കും. ജോലിയിൽ തുടരും. സാമൂഹിക സേവനത്തിൽ തൽപരനായ താൻ എല്ലാ മാസവും നിശ്ചിത തുക ജീവകാരുണ്യത്തിനായി വിനിയോഗിക്കുക പതിവാണെന്നും പുതിയ സാഹചര്യത്തിലും അത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com