ADVERTISEMENT

അൽഐൻ ∙ വീസ തട്ടിപ്പിനിരയായി രണ്ടര മാസം അൽഐനിൽ ദുരിത ജീവിതം നയിച്ച 5 മലയാളികൾ ഇന്നു വൈകിട്ട് നാട്ടിലേക്ക് തിരിക്കും. അൽഐൻ ഇന്ത്യൻ സോഷ്യൽ സെന്ററിന്റെയും ഇന്ത്യൻ എംബസിയുടെയും ഇടപെടലിനെ തുടർന്നാണ് ഇവർക്ക് നാട്ടിലേക്ക് മടങ്ങാൻ വഴിയൊരുങ്ങിയത്. കൊല്ലം അഞ്ചൽ സ്വദേശികളായ ഹസീം, സൈനുദ്ദീൻ, മകൻ അൽമുബാറക്, തിരുവനന്തപുരം നെടുമങ്ങാട് സ്വദേശികളായ നിഷാദ്, സദ്ദാം ഹുസൈൻ എന്നിവരാണ് തൊഴിൽ തട്ടിപ്പിനിരയായി നാട്ടിലേക്ക് മടങ്ങുന്നത്. അൽഐനിൽ സിറിയക്കാരുടെ ഉടമസ്ഥതയിൽ ആരംഭിക്കുന്ന റസ്റ്ററൻറിൽ കുക്ക്, വെയിറ്റർ ജോലി വാഗ്ദാനം ചെയ്താണ് ഇവരെ കൊണ്ടുവന്നത്.

കുക്കായി എത്തിയ സൈനുദ്ദീനും അൽമുബാറകിനും 1800 ദിർഹമും വെയിറ്റർമാരായ മറ്റുള്ളവർക്ക് 1400 ദിർഹവുമായിരുന്നു വാഗ്ദാനം. പക്ഷേ, റസ്റ്ററന്റ് തുറന്നില്ലെന്നു മാത്രമല്ല ശമ്പളമോ ഭക്ഷണമോ നൽകിയില്ലെന്നും സൈനുദ്ദീൻ മനോരമയോടു പറഞ്ഞു. 4 നില കെട്ടിടത്തിനു മുകളിൽ വൈദ്യുതി പോലുമില്ലാത്ത സ്ഥലത്താണു താമസിപ്പിച്ചിരുന്നത്. ഒരു മാസത്തെ സന്ദർശക വീസയിലാണ് സൈനുദ്ദീനും അൽമുബാറകും ഹസീമും എത്തിയത്. പിന്നീട് തൊഴിൽ വീസയിലേക്ക് മാറിയെങ്കിലും വീസ സ്റ്റാംപ് ചെയ്തിട്ടില്ല. നിഷാദിനും സദ്ദാം ഹുസൈനും തൊഴിൽ വീസ നൽകിയിരുന്നു. ഇതിനിടെ ഹസീമിന്റെ പിതാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ കുറച്ചു പണം ചോദിച്ചപ്പോൾ റസ്റ്ററന്റ് തുറക്കുംവരെ ശമ്പളവും ഭക്ഷണവും ഉണ്ടാകില്ലെന്ന് അറിയിക്കുകയായിരുന്നു. ഈ നിലയിൽ തുടരാൻ താൽപര്യമില്ലെന്നറിയിച്ചതോടെ താമസ സ്ഥലത്തുനിന്ന് ഇറക്കിവിട്ടു.

വീസ റദ്ദാക്കി പാസ്പോർട്ട് തിരികെ നൽകാനാവശ്യപ്പെട്ടപ്പോൾ പണം വേണമെന്നായി റസ്റ്ററന്റ് ഉടമ. ഇതേതുടർന്ന് 5 പേരും തൊഴിൽ മന്ത്രാലയത്തിൽ പരാതി നൽകി. റസ്റ്ററന്റ് തുറക്കാത്തതിനാൽ പണം ഈടാക്കിത്തരാനുള്ള വഴിയില്ലെന്നാണ് അവിടന്ന് അറിയിച്ചതെന്ന് ഇവർ പറയുന്നു. റമസാനിൽ നോമ്പുതുറക്കുന്ന സമയത്ത് പള്ളിയിൽനിന്ന് ലഭിക്കുന്ന ഭക്ഷണമായിരുന്നു വിശപ്പുമാറ്റാനാണുള്ള ആശ്രയം. വിവരം അറിഞ്ഞ അൽഐൻ ഇന്ത്യൻ സോഷ്യൽ സെന്റർ ഭാരവാഹികൾ ഇവർക്ക് അഭയം നൽകുകയും എംബസിയുമായി ബന്ധപ്പെടുകയും ചെയ്തു. എംബസി അധികൃതർ തൃശൂരിലുള്ള ഏജന്റ് റഷീദുമായി ബന്ധപ്പെടുകയും 5 പേർക്കും ടിക്കറ്റെടുത്ത് നൽകാൻ അഭ്യർഥിക്കുകയും ചെയ്തു. ഏജന്റ് നാട്ടിലേക്കുള്ള ടിക്കറ്റ് അയച്ചു കൊടുത്തതിനാൽ ഇവർ ഇന്ന് നാട്ടിലേക്കു തിരിക്കും.  ഇ-മൈഗ്രേഷൻ സംവിധാനം ഉപയോഗപ്പെടുത്താത്തതും വീസയുടെ നിജസ്ഥിതി ഉറപ്പുവരുത്താത്തതുമാണ് ഇത്തരം തട്ടിപ്പിൽ കുടുങ്ങാൻ കാരണമെന്ന് എംബസിയുടെ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com