ADVERTISEMENT

ദുബായ് ∙ പ്രസവ വേദന അനുഭവപ്പെട്ട ഇന്ത്യൻ യുവതിയെ സഹായിച്ചതിനു തന്നെ ആദരിക്കാൻ മനസ്സു കാണിച്ച ദുബായ് പൊലീസിന് നന്ദി പറയുകയാണു കോട്ടയം സ്വദേശിയായ ബിനീഷ് ചാക്കോ (38). ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ പ്രസവ വേദന അനുഭവപ്പെട്ട ഇന്ത്യൻ യുവതിക്ക് സുഖപ്രസവത്തിന് സൗകര്യമൊരുക്കിയതിനു ദുബായ് പൊലീസിലെ കോർപറൽ ഹനാൻ ഹുസൈൻ മുഹമ്മദിനൊപ്പമാണു പൊലീസ് ബിനീഷിനെ ആദരിച്ചത്. ഹനാന് ദുബായ് പൊലീസ് ഉദ്യോഗക്കയറ്റം നൽകി. ഏപ്രിൽ 20ന് രാജ്യാന്തര വിമാനത്താവളത്തിലാണ് സംഭവം. ടെർമിനൽ രണ്ടിൽ എമിഗ്രേഷൻ കഴിഞ്ഞ് ചെക്കിങ്ങിന് ഇടയിലാണ് ആറുമാസം ഗർഭിണിയായ ഇന്ത്യക്കാരിക്ക് പ്രസവവേദന അനുഭവപ്പെട്ടത്.

ജോലി കഴിഞ്ഞ് മടങ്ങനൊരുങ്ങുകയായിരുന്ന ഹനാൻ ഉടൻ യുവതിയെ സ്ത്രീകളുടെ പരിശോധനാ സ്ഥലത്തെത്തിച്ച് ആംബുലൻസ് സർവീസിലേക്ക് വിളിച്ചു. പ്രസവച്ചെലവ് താങ്ങാനാവാത്തതിനാൽ ഇന്ത്യയിലേക്കു പോകുകയായിരുന്നു യുവതിയും ഭർത്താവും. ദുബായ് കോർപറേഷൻ ഫോർ ആംബുലൻസ് സർവീസിലെ (ഡിസിഎഎസ്) പാരാമെഡിക്കൽ സ്റ്റാഫായ ബിനീഷ് ചാക്കോയാണ് ആംബുലൻസിൽ എത്തിയത്. ആശുപത്രിയിലേക്കു കൊണ്ടുപോകാൻ കഴിയും മുൻപേ യുവതി പ്രസവിച്ചു. അപകടരമായ നിലയിലായിരുന്ന കുഞ്ഞിന് ബിനീഷ് ചാക്കോയുടെ സഹായത്തോടെ കൃത്രിമ ശാസ്വോഛ്വാസവും മറ്റ് ശുശ്രൂഷകളും നൽകി. അതോടെ കുഞ്ഞിക്കരച്ചിൽ വിമാനത്താവളത്തിൽ മുഴങ്ങി.

യുവതിയെ സഹായിക്കാൻ കാണിച്ച ഹനാന്റെ മനസ്സും ധൈര്യവും വലുതാണെന്ന് ബിനീഷ് പറഞ്ഞു. ഹനാനും ബിനീഷ് ചാക്കോയ്ക്കും ദുബായ് പൊലീസ് കമാൻഡർ ഇൻ ചീഫ് അബ്ദുല്ല ഖലീഫ അൽ അമറി കഴിഞ്ഞദിവസം പുരസ്കാരം സമ്മാനിച്ചു. 7 വർഷമായി ദുബായ് പൊലീസിലുള്ള ഹനാൻ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമായിട്ടാണ് ആ സംഭവത്തെ കാണുന്നത്. കോട്ടയം തോട്ടയ്ക്കാട് പുതുപ്പള്ളി ചാലിപ്പറമ്പിൽ പരേതനായ സി.ടി ചാക്കോയുടെയും വത്സമ്മയുടെയും മകനാണ് ബിനീഷ്. ആറു വർഷമായി ഡിസിഎഎസിൽ ജോലി ചെയ്യുന്നു. ഭാര്യ ജാസ്മിനും മക്കളായ എവ്‌ലിനും ഏദനും നാട്ടിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com