ADVERTISEMENT

ദുബായ് ∙ ഫെഡറൽ ടാക്സ് അതോറിറ്റി കപ്പൽ പിടിച്ചെടുത്തതിനെ തുടർന്ന് വർഷങ്ങളായി കടലിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ മോചനത്തിനു വഴി തുറന്ന് ദുബായ് ഇന്ത്യൻ കോൺസുലേറ്റ്. 3 വർഷമായി കടലിൽ കുടുങ്ങിയ അസം സ്വദേശി രജിബ് അലിക്കും( 39) രണ്ടുവർഷമായി കുടുങ്ങിയ തമിഴ്നാട് സ്വദേശി ക്യാപ്റ്റൻ അയ്യപ്പൻ സ്വാമിനാഥനുമാണ് നാട്ടിലേക്കു പോകാൻ വഴിയൊരുങ്ങിയത്. അയ്യപ്പൻ സ്വാമിനാഥൻ ക്യാപ്റ്റനും രജിബ് അലി പാചകക്കാരനുമായിരുന്നു. എലൈറ്റ് വേ മറീൻ സർവീസസിന്റെ മൂന്നു കപ്പലുകളിലായാണ് ഇവർ ജോലി ചെയ്തിരുന്നത്.

ഇവർക്കൊപ്പം സുഡാനി ഉദ്യോഗസ്ഥനും മോചിതനായിട്ടുണ്ട്. കപ്പൽ പിടിച്ചെടുത്തതോടെ ഉടമകൾ ശമ്പളവും മറ്റും നൽകാതെ മുങ്ങി.  ഇവരുടെ രേഖകൾ തീരസംരക്ഷണസേന പിടിച്ചെടുക്കുകയും ചെയ്തു. ഇതോടെ കടലിൽ അകപ്പെടുകയായിരുന്നു. വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണു കപ്പൽ ഫെഡറൽ ടാക്സ് അതോറിറ്റി പിടിച്ചെടുത്തത്. 2016 ഏപ്രിൽ ഒൻപതിനാണു രജിബ് കപ്പലിൽ കുടുങ്ങിയത്. രജിബ് ജോലി ചെയ്ത കമ്പനിയുടെ എട്ടോളം കപ്പലുകളാണു ഫെഡറൽ ടാക്സ് അതോറിറ്റി പിടിച്ചെടുത്തത്. രജിബ് കപ്പലിൽ അകപ്പെട്ടു പോയ കാലത്ത് കാൻസർ ബാധിതനായി അദ്ദേഹത്തിന്റെ പിതാവ് മരിച്ചു. വൃക്ക രോഗം മൂലം 2013ൽ ഏക സഹോദരിയും മരിച്ചു.

താൻ മടങ്ങിവരുമെന്ന് ഉറച്ചു വിശ്വസിച്ചത് തന്റെ അമ്മ മാത്രമാണെന്ന് രജിബ് കോൺസുലേറ്റ് അധികൃരോടു പറഞ്ഞു. 80,000 രൂപ ഏജന്റിനു നൽകിയാണ് രജിബ് ഈ ജോലി സമ്പാദിച്ചത്. 2017 ഫെബ്രുവരിയിലാണ് ക്യാപ്റ്റൻ അയ്യപ്പൻ കപ്പലിൽ ജോലിയിൽ പ്രവേശിച്ചത്. കഴിഞ്ഞ കുറേനാളുകളായി കോൺസുലേറ്റിൽ നിന്നാണ് ഇവർക്ക് ഭക്ഷണവും മറ്റും നൽകിയിരുന്നത്. യുഎഇ ഫെഡറൽ ട്രാൻസ്പോർട് അതോറിറ്റിയുടെയും ദുബായ് ഇന്ത്യൻ കോൺസുലേറ്റ് അധികൃതരുടെയും ഇടപെടൽ കൊണ്ടാണ് തങ്ങൾക്ക് രക്ഷപ്പെടാനായതെന്ന് ഇവർ പറഞ്ഞു. കപ്പലിലെത്തി തങ്ങൾക്ക് മരുന്നും ഭക്ഷണവുമെല്ലാം തന്ന വൈസ് കോൺസൽ വിഭാകാന്ത് ശർമയ്ക്കും ഇവർ നന്ദി പറഞ്ഞു. അധികൃതരുടെ ഇടപെടലിലൂടെ കുറച്ചു തുകയും ഇവർക്ക് കമ്പനിയിൽ നിന്നു ലഭിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com