ADVERTISEMENT

അബുദാബി ∙ ഹജ് തീർഥാടകർ യാത്രയ്ക്ക് 2 ആഴ്ച മുൻപ് പ്രതിരോധ കുത്തിവയ്പ് എടുക്കണമെന്ന് ആരോഗ്യമന്ത്രാലയം. ഓഗസ്റ്റ് ആദ്യവാരമാണ് യുഎഇയിൽ നിന്നുള്ള തീർഥാടകർ ഹജ്ജിന് പുറപ്പെടുക. ഒരു മാസം മുൻപ് ആരോഗ്യകേന്ദ്രങ്ങൾ സന്ദർശിച്ച് പരിശോധന നടത്തണമെന്നും  2 ആഴ്ച മുൻപ് പ്രതിരോധ കുത്തിവയ്പ് എടുക്കണമെന്നും പ്രതിരോധ മരുന്ന് വിഭാഗം ഡയറക്ടർ ഡോ. നദ അൽ മർസൂഖി പറഞ്ഞു. സ്വദേശി തീർഥാടകർക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽനിന്നു പ്രതിരോധ കുത്തിവയ്പ് സൗജന്യമായി ലഭിക്കും. വിദേശികൾ അതതു രാജ്യം വഴിയാണ് പോകുന്നതെന്നതിനാൽ അവിടെ നിന്നാണ് കുത്തിവയ്പ് എടുക്കേണ്ടത്.

തീർഥാടകരുടെ സേവനത്തിനായി 24 മണിക്കൂറും ലഭ്യമാകുന്ന ഹോട്ട് ലൈനും ഏർപ്പെടുത്തിയിട്ടുണ്ട്. മെനഞ്ജൈറ്റിസ് രോഗത്തിനുള്ള പ്രതിരോധ കുത്തിവയ്പ് സർട്ടിഫിക്കറ്റ് സൂക്ഷിക്കണമെന്ന് ആരോഗ്യമന്ത്രാലയത്തിലെ കുത്തിവയ്പ് വിഭാഗം മേധാവി ഡോ. ലൈല അൽ ജാസ്മി പറഞ്ഞു. ചില രാജ്യങ്ങളിൽനിന്നുള്ള തീർഥാടകർ മഞ്ഞപ്പിത്തം, പോളിയോ വാക്സിനുകൾ എടുക്കണം. സീസണൽ വൈറസുകളെ അകറ്റാനുള്ള ഇൻഫ്ലൂവൻസ, ന്യൂമോണിയ വാക്സിനുകൾ നിർബന്ധമല്ലെങ്കിലും എടുക്കുന്നത് നല്ലതാണെന്നും അവർ പറഞ്ഞു.

തീർഥാടകരുടെ സുരക്ഷ മുന്നിൽകണ്ടാണ് തീരുമാനമെന്നും  ബോധവൽകരണത്തിന് ആരോഗ്യമന്ത്രാലയം തുടക്കം കുറിച്ചു. സൗദി അറേബ്യ-യുഎഇ ആരോഗ്യമന്ത്രാലയങ്ങൾ നിഷ്കർഷിക്കുന്ന പ്രതിരോധ കുത്തിവയ്പാണ് എടുക്കേണ്ടത്. പ്രമേഹം, ഹൃദ്രോഗം, ശ്വാസകോശ രോഗങ്ങൾ തുടങ്ങിയവ അലട്ടുന്ന തീർഥാടകർ എടുക്കേണ്ട മുൻകരുതലുകളെക്കുറിച്ചും ബോധവൽക്കരണം നടത്തുന്നുണ്ട്. 35 അംഗ ആരോഗ്യ വിദഗ്ധരുടെ സേവനം മക്കയിലും മദീനയിലും ലഭിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com