ADVERTISEMENT

അബുദാബി ∙ പ്രവാസി ഇന്ത്യക്കാർക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിനായി അബുദാബി മലയാളി സമാജത്തിൽ കോൺസൽ സേവനങ്ങൾ ആരംഭിക്കുന്നു. ഇന്ത്യൻ എംബസി പ്രതിനിധികൾ സമാജത്തിൽ എത്തിയാണ് സേവനം നൽകുക. ഇതുസംബന്ധിച്ച് ഇന്നലെ ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തിൽ കോൺസൽ എം രാജമുരുകൻ, പാസ്പോർട്ട് കോൺസൽ കെ സുരേഷ് എന്നിവരുമായി മലയാളി സമാജം പ്രസിഡന്റ് ഷിബു വർഗീസ്, സഹിഷ്ണുതാ സെക്രട്ടറി അബ്ദുൽ അസീസ് മൊയ്തീൻ എന്നിവർ നടത്തിയ ചർച്ചയിലാണ് ധാരണയായത്. ഇതോടെ നഗരത്തിന് വെളിയിലുള്ളവർക്ക് പാസ്പോർട്ട് സേവനങ്ങൾക്കായി കിലോമീറ്ററുകൾക്ക് അപ്പുറമുള്ള എംബസിയിലേക്കും ബിഎൽഎസ് കേന്ദ്രങ്ങളിലേക്കും പോകുന്നത് ഒഴിവാക്കാനാകും. മാസാവസാനം പ്രവർത്തനം ആരംഭിക്കുമെന്ന് ഷിബു വർഗീസ് മനോരമയോടു പറഞ്ഞു.

  സേവനത്തിന് ആവശ്യമായ വേദിയും സൗകര്യങ്ങളും സമാജം ഒരുക്കും. ഈ മേഖലയിൽ ജോലി ചെയ്യുന്ന പതിനായിരക്കണക്കിന് ഇന്ത്യക്കാർക്ക് അനുഗ്രഹമാകും ഇതെന്നും അഭിപ്രായപ്പെട്ടു.  ആദ്യഘട്ടത്തിൽ മാസത്തിൽ ഒരിക്കലാണു സേവനം. സ്വീകാര്യതയനുസരിച്ച് പിന്നീട് ആഴ്ചയിൽ ഒരിക്കലാക്കി വർധിപ്പിക്കും. പതിനായിരക്കണക്കിന് ഇന്ത്യക്കാർ താമസിക്കുന്ന മുസഫ, ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് സിറ്റി, ബനിയാസ്, മഫ്റഖ് തുടങ്ങിയ മേഖലളിലുള്ളവർക്ക് കോൺസൽ സേവനം പൂർണ തോതിൽ ലഭിക്കുന്നില്ലെന്ന് എംബസിയെ ബോധ്യപ്പെടുത്തിയിരുന്നു. ഇതേതുടർന്നാണു 50 വർഷം പിന്നിട്ട സമാജത്തിൽ കോൺസൽ സേവനം ആരംഭിക്കാൻ എംബസി അനുമതി നൽകിയത്.

തൊഴിലാളികളുടെ കേന്ദ്രങ്ങൾ, സ്കൂളുകൾ, കുടുംബങ്ങളുടെ താമസ കേന്ദ്രങ്ങൾ, വ്യവസായ മേഖലകൾ തുടങ്ങിയവയെല്ലാം കേന്ദ്രീകരിച്ചിരിക്കുന്നത് മുസഫയിലും പരിസരങ്ങളിലുമാണ്. അബുദാബി ഐകാഡ് സിറ്റി ഉൾപ്പെടെ വ്യവസായ മേഖലകൾ കേന്ദ്രീകരിച്ചിരിക്കുന്നതും മുസഫയിലാണ്. അതുകൊണ്ടുതന്നെ ഈ കേന്ദ്രം പ്രവാസി ഇന്ത്യക്കാർക്ക് പ്രയോജനപ്പെടും.ഒഴിവു ദിവസത്തിൽ സേവനം ലഭ്യമാകുമെന്നതിനാൽ ഇതിനായി അവധിയെടുക്കേണ്ടിവരില്ല. മേഖലകളിലെ പ്രവാസികളുടെ വർഷങ്ങളായുള്ള ആവശ്യത്തിനാണ് ഇതോടെ പരിഹാരമാകുന്നത്.

സഹായം നൽകാൻ കോൺസുലേറ്റ് സംഘം ഖുൻഫുദയിൽ

ജിദ്ദ ∙ നഗരത്തിൽനിന്ന് അകന്നു കഴിയുന്ന പ്രവാസി ഇന്ത്യക്കാർക്കു സേവനം എത്തിക്കാൻ ഇന്ത്യൻ കോൺസുലേറ്റിലെ കമ്യൂണിറ്റി വെൽഫെയർ സംഘം വെള്ളിയാഴ്ച ഖുൻഫുദയിലെത്തും. അറ്റസ്റ്റേഷൻ, പാസ്പോർട്ട് തുടങ്ങിയ കോൺസൽ സേവനങ്ങളാണ് ലഭ്യമാക്കുക.

ഷർഖിയ അൽബെയ്കിനടുത്തുള്ള തഹ്ഫീസ് മദ്രസയ്ക്കു സമീപം പേൾ ഇന്റർനാഷനൽ സ്കൂളിലായിരിക്കും സേവനം. വെള്ളിയാഴ്ച രാവിലെ 8 മുതൽ 12 വരെയും ഉച്ചയ്ക്ക് 1 മുതൽ വൈകിട്ട് 5 വരെയുമാണ് സേവനം. തൊഴിൽ തർക്ക പരാതികൾ ഉൾപ്പെടെ ഇന്ത്യക്കാർ നേരിടുന്ന പ്രശ്നങ്ങളിൽ പരാതി നൽകാനും അവസരമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com