ADVERTISEMENT

അബുദാബി ∙ യോഗ നിത്യജീവിതത്തിന്റെ ഭാഗമാക്കാൻ അബുദാബിയിൽ ഒട്ടേറെ അവസരങ്ങളുണ്ടെന്ന് ഇന്ത്യൻ സ്ഥാനപതി നവ്ദീപ് സിങ് സൂരി പറഞ്ഞു.  ഒട്ടേറെ സംഘങ്ങൾ യോഗ പരിശീലനം നൽകുന്നുണ്ട്. 20ന് വൈകിട്ട് 7ന് അബുദാബി ഉമ്മൽ ഇമാറാത് പാർക്കിൽ രാജ്യാന്തര യോഗാദിനാചരണം നടക്കുമെന്നും അദ്ദേഹം പറഞ്ഞു.  സഹിഷ്ണുതാ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറഖ് അൽ നഹ്യാൻ മുഖ്യാതിഥിയായിരിക്കും. കഴിഞ്ഞ വർഷം സ്വദേശികളും വിദേശികളുമായ നാലായിരത്തിലേറെ പേർ പങ്കെടുത്തിരുന്നു.

സ്വദേശികൾക്കിടയിൽ കൂടുതൽ പ്രചാരം ലഭിച്ചതിനാൽ ഇത്തവണ കൂടുതൽ ആളുകൾ മുന്നോട്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പറഞ്ഞു. യുഎഇയിലുള്ള വിവിധ രാജ്യക്കാർക്കും പങ്കെടുക്കാം. അബുദാബി സാംസ്കാരിക വകുപ്പിന്റെ സഹകരണത്തോടെയാണ് യോഗാദിനാചരണം. പ്രവേശനം സൗജന്യമാണ്. യോഗാ മാറ്റുകൾ, യോഗ ടീഷർട്ടുകൾ എന്നിവയും നൽകും. പാർക്കിങ് സൗകര്യമുണ്ടാകും.

വാർത്താസമ്മേളനത്തിൽ ഇന്ത്യൻ ബിസിനസ് ഗ്രൂപ്പ് പ്രതിനിധി പത്മനാഭൻ ആചാര്യ, ഡപ്യൂട്ടി ചീഫ് ഓഫ് മിഷൻ സ്മിത പന്ഥ്, ലുലു ഗ്രൂപ്പ് ചീഫ് കമ്യുണികേഷൻ ഓഫിസർ വി. നന്ദകുമാർ, ലുലു എക്സ്ചേഞ്ച് ഹെഡ് ഓഫ് സ്ട്രാറ്റജിക് അജിത് ജോൺസൻ, യുഎഇ എക്സ്ചേഞ്ച് കമ്യൂണിറ്റി ഔട്ട്റീച്ച് മേധാവി വിനോദ് നമ്പ്യാർ, രവി റായ് (എൻഎംസി ഗ്രൂപ്പ്), കമ്യൂണിറ്റി അഫയേഴ്സ് ഫസ്റ്റ് സെക്രട്ടറി പൂജ വെർണേക്കർ എന്നിവർ പങ്കെടുത്തു.

ഷാർജയിൽ യോഗ ദിനാചരണം 21ന്

ദുബായ് ∙ രാജ്യാന്തര യോഗ ദിനാചരണത്തിന്റെ ഭാഗമായി 21ന് ഷാർജയിൽ യോഗാ പ്രദർശനം നടക്കുമെന്ന് പ്രവാസി കൂട്ടായ്മയായ ഏകത അറിയിച്ചു. ഷാർജ രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് പരിപാടി. ഷാർജ സ്പോർട്സ് കൗൺസിലിന്റെ രക്ഷാകർതൃത്വത്തിൽ ദുബായ് ഇന്ത്യൻ കോൺസുലേറ്റിന്റെയും ഷാർജ എഫ്ഒഐ ഇവന്റ്സിന്റെയും സഹകരണത്തോടെയാണ് വൈകുന്നേരം 6.30 മുതൽ രാത്രി 9.30വരെയാണു പരിപാടി. യുഎഇയിലെ പ്രമുഖ യോഗാ ആചാര്യന്മാരും വിദ്യാർഥികളും പ്രവാസി സംഘടനകളും പങ്കെടുക്കും.

ജിദ്ദയിൽ നാളെ യോഗാ ദിനാചരണം

ജിദ്ദ ∙ അറബ് യോഗ ഫൗണ്ടേഷന്റെയും ജനറൽ സ്പോർട്സ് അതോറിറ്റിയുടെയും സഹകരണത്തോടെ ഇന്ത്യൻ കോൺസുലേറ്റ് ജിദ്ദയിൽ സംഘടിപ്പിക്കുന്ന രാജ്യാന്തര യോഗാ ദിനാചരണം നാളെ രാവിലെ 8ന് ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിൽ നടക്കും. പ്രവേശനം സൗജന്യം. താൽപര്യമുള്ളവർ ദിനാചരണത്തിൽ പങ്കെടുക്കണമെന്ന് ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com