ADVERTISEMENT
ദോഹ ∙ അവധിക്കാല യാത്രയുടെ ദുരിതങ്ങൾ നേരിടാനുള്ള തയാറെടുപ്പിലാണ് പ്രവാസി മലയാളികൾ. ദോഹയിൽ ജൂലൈ 4 മുതൽ സ്‌കൂൾ അവധി തുടങ്ങും. ഒപ്പം മലയാളികളുടെ യാത്രാ ക്ലേശങ്ങളും. ഓഗസ്റ്റ് 27 നാണ് സ്‌കൂൾ തുറക്കുക. വിമാന ടിക്കറ്റ് നിരക്ക് വർധന, സർവീസ് റദ്ദാക്കൽ, കണക്‌ഷൻ വിമാനങ്ങളിലെ സമയ നഷ്ടം, ബാഗേജ് പരിധി കുറവ് തുടങ്ങി പ്രവാസികളുടെ ദുരിതപ്പട്ടിക നീളുകയാണ്. സീറ്റ് ദൗർലഭ്യമാണ് യാത്രാ നിരക്ക് വർധനയിലെ പ്രധാന കാരണം. . ശരാശരി മലയാളികളുടെ കുടുംബ ബജറ്റിന്റെ താളം തെറ്റിച്ചുള്ളതാണ് അവധിക്കാല യാത്ര. തിരിച്ചെത്തിയാൽ പിന്നെ പോക്കറ്റ് പഴയ നിലയിലാക്കാനുള്ള പെടാപാടാണ്. അപ്പോഴേക്കും അടുത്ത അവധിക്കാലവുമെത്തും. മാസങ്ങൾക്ക് മുമ്പേ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് മാത്രമാണ് അൽപം ആശ്വാസം.

സർവീസ് റദ്ദാക്കൽ

സർവീസ് റദ്ദാക്കലും വെട്ടികുറയ്ക്കലുമാണ് പ്രവാസികളുടെ യാത്രകളെ തകിടം മറിക്കുന്നത്. ഇന്ത്യൻ വിമാനക്കമ്പനിയായ ജെറ്റ് എയർവേയ്സ് നിർത്തലാക്കിയതോടെ മലയാളികളുടെ യാത്രയാണ് പരുങ്ങലിലായത്. .നിലവിൽ ദോഹയിൽ നിന്നുള്ള യാത്രയ്ക്ക് ശരാശരി മലയാളി കുടുംബങ്ങൾക്ക് ബജറ്റ് എയർലൈനുകളായ എയർ ഇന്ത്യ എക്സ്പ്രസ്സും ഇൻഡിഗോയും തന്നെയാണ് ശരണം. ഇൻഡിഗോ തിരുവനന്തപുരം, അഹമ്മദാബാദ് സർവീസുകൾ പുനരാരംഭിക്കുന്നത് ഒക്ടോബറിലേക്ക് നീട്ടിയത് തലസ്ഥാന നഗരിയിലേക്കുള്ള മലയാളികളുടെ യാത്ര ദുരിതത്തിലാക്കി. ഓഗസ്റ്റ് 1 മുതൽ പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ച സർവീസുകളാണ് ഒക്ടോബറിലേക്ക് നീട്ടിയത്.

നിരക്ക് വർധന

ജൂലൈ ആദ്യ വാരത്തിൽ നാട്ടിലേക്കും ഓഗസ്റ്റ് അവസാനത്തിൽ തിരികെയുമുള്ള യാത്രയ്ക്ക് പൊള്ളുന്ന ടിക്കറ്റ് നിരക്കാണ്. വർധന താങ്ങാനാകില്ലെങ്കിലും നാട്ടിൽ കാത്തിരിക്കുന്ന പ്രിയപ്പെട്ടവരെക്കുറിച്ചുള്ള പ്രവാസിയുടെ ദൗർബല്യമാണ് വിമാനകമ്പനികളുടെ ലാഭം. ദോഹയിൽ നിന്നു കേരളത്തിലേക്ക് ബജറ്റ് എയർലൈനുകളിൽ ഇക്കോണമി ക്ലാസിൽ യാത്രാനിരക്ക് 27,000-33,000 രൂപയ്ക്കും ഇടയിലാണ്. അങ്ങോട്ടും ഇങ്ങോട്ടുമുള്ള നിരക്ക് ഒരാൾക്ക് മാത്രം 62,000 രൂപയോളം വരും. 4പേരടങ്ങുന്ന കുടുംബത്തിന്റെ യാത്രയ്ക്കായി 2,50,000 രൂപയോളം വരും. തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങളിലേക്കുള്ള യാത്രാനിരക്കിലാണ് കൂടുതൽ വർധന. കൊച്ചിയിലേക്കുള്ള യാത്രാനിരക്കിൽ നേരിയ കുറവുണ്ട്.

സമയ നഷ്ടം

കണക്‌ഷൻ ഫ്ലൈറ്റിൽ യാത്ര ചെയ്യുന്നവർക്ക് നിരക്കിന്റെ കാര്യത്തിൽ ചെറിയ ആശ്വാസമുണ്ടെങ്കിലും മണിക്കൂറുകൾ നീണ്ട യാത്രയാണ് ഇവരെ വലയ്ക്കുന്നത് .പ്രത്യേകിച്ചും കുട്ടികളുള്ള കുടുംബങ്ങൾക്ക്. ദോഹയിൽ നിന്നു ശ്രീലങ്ക വഴിയാണ് മിക്കവാറും നാട്ടിലേക്കുള്ള യാത്ര. തുടർ യാത്രയ്ക്കായി 5 മുതൽ 15 മണിക്കൂറിലധികം വിമാനത്താവളത്തിൽ കുത്തിയിരിക്കേണ്ട അവസ്ഥ ആരോഗ്യ, സമയ നഷ്ടമുണ്ടാക്കും.

കുറഞ്ഞ ബാഗേജ്

അവധിക്ക് നാട്ടിലെത്തുന്ന പ്രവാസി മലയാളികളുടെ സമ്മാനപാക്കറ്റുകൾക്കായി കണ്ണുംനട്ടിരിക്കുന്നവരിൽ കുട്ടികൾ മുതൽ മുതിർന്നവർ വരെയുണ്ട്. ഗൾഫിലെ സാധനങ്ങൾ കേരളത്തിലും സുലഭമാണെങ്കിലും 'ഗൾഫിന്റെ സുഗന്ധം' നൽകുന്ന സന്തോഷം ഒന്നു വേറെ തന്നെ. ബജറ്റ് എയർലൈനുകളിൽ ചെക്ക് ഇൻ ബാഗേജിന് 30 കിലോയാണ് പരിധി. ഹാൻഡ് ബാഗേജിന് 7 കിലോയും. 4പേരുള്ള കുടുംബമാണെങ്കിൽ 80-100 കിലോയോളം കൊണ്ടുപോകാം. 8 ദിവസം മുതൽ 2 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് 10 കിലോയാണ് പരിധി. ഒറ്റയ്ക്ക് പോകുന്നവർക്കാണ് പ്രിയപ്പെട്ടവർക്കുള്ള സമ്മാനങ്ങളുടെ എണ്ണം കുറയ്ക്കേണ്ടി വരുന്നത്. മക്കൾക്കും മാതാപിതാക്കൾക്കുമെല്ലാം ഇഷ്ടപ്പെട്ട സാധനങ്ങൾ വാങ്ങിച്ചാലും പെട്ടി പായ്ക്ക് ചെയ്യുമ്പോൾ തൂക്കം കൂടുതൽ കാരണം പലതും ഇവിടെ ഉപേക്ഷിച്ചു പോകുന്നവർ ധാരാളം.

നടപടി വേണം

ജെറ്റിന്റെ വിമാനങ്ങൾ കൂടി ഏറ്റെടുത്ത് എയർ ഇന്ത്യ സർവീസ് വർധിപ്പിക്കുമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചെങ്കിലും നടപടിയായില്ല. പ്രവാസികളുടെ യാത്രാ ദുരിതം പരിഹരിക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുമെന്ന് സംസ്ഥാന സർക്കാർ ഈയിടെ പ്രഖ്യാപിച്ചിരുന്നു. പ്രവാസികളുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. പക്ഷേ, ചുവപ്പുനാടയിൽ തന്നെ കുരുങ്ങി കിടക്കുന്നതല്ലാതെ ഇനിയും പരിഹാരമായിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com