ADVERTISEMENT

ദുബായ് ∙ ഗൾഫിലെ കൊടുംചൂട് പ്രവാസികൾ ഇന്നലെ പരിഗണിച്ചതേയില്ല. മാഞ്ചസ്റ്ററിൽ നടന്ന ഇന്ത്യ – പാക്കിസ്ഥാൻ ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യ റൺമഴ പെയ്യിച്ചപ്പോൾ ആർപ്പുവിളിച്ചും താളം പിടിച്ചും നൃത്തം ചെയ്തും ആഘോഷിക്കുകയായിരുന്നു പ്രവാസലോകം. ഇടയ്ക്കു കളി തടസ്സപ്പെടുത്തിയ മഴ പിൻമാറിയതോടെ റൺമഴയുടെ ആരവങ്ങൾക്കൊപ്പമായി പ്രവാസികളും. ഇന്ത്യ വിജയം പ്രഖ്യാപിച്ചതോടെ ആഘോഷം വാനോളമുയർന്നു.

കളി കാണാൻ അബുദാബി ഇന്ത്യാ സോഷ്യൽ ആൻഡ് കൾചറൽ സെന്ററിൽ 7 മീറ്റർ വീതിയും 3 മീറ്റർ ഉയരവുമുള്ള സക്രീൻ ഒരുക്കിയിരുന്നു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ട്സ് ഓഫ് ഇന്ത്യ അബുദാബി ചാപ്റ്റർ നേരത്തേ തന്നെ പകുതിയിലേറെ സീറ്റുകൾ ബുക്ക് ചെയ്തു. കളികാണാനെത്തിയവർക്ക് ഇന്ത്യൻ ടീമിന്റെ ജഴ്സിയും ജ്യൂസും വിതരണം ചെയ്തിരുന്നു. ഐഎസ്‌സി സ്പോർട്സ് സെക്രട്ടറി പ്രകാശൻ തമ്പിയുടെ നേതൃത്വത്തിൽ ഭാരവാഹികളും ജീവനക്കാരുടമടക്കം 350 പേരാണ് കളികാണാനെത്തിയത്. ഇന്ത്യ-പാക്ക് പോലുള്ള പ്രഷർ മത്സരത്തിൽ ബാറ്റ് ചെയ്യുന്നവർക്കാണ് കൂടുതൽ ആധിപത്യമെന്നതിനാലാണ് കളി തുടങ്ങുന്നതിനു മുൻപുതന്നെ ഇന്ത്യയുടെ വിജയമുറപ്പിച്ചിരുന്നെന്ന് എൻഡി പ്രശാന്ത് പറഞ്ഞു.

കളി കാണാൻ സൗകര്യമൊരുക്കിയ ബാർബർ ഷോപ്പുകളിലും കഫ്റ്റീരിയകളിലും ജനം നിറഞ്ഞു. കടുത്തചൂട് വകവയ്ക്കാതെ ആരാധകരുടെ നിര പുറത്തേക്കു നീണ്ടു. കളികാണാൻ അവധിയെടുത്തവരും കുറവല്ല. 

വാശിയേറെയുണ്ടെങ്കിലും ഇന്ത്യക്കാരും പാക്കിസ്ഥാനികളും ഒന്നിച്ചിരുന്ന് കളിയാസ്വദനത്തിൽ ഭായി – ഭായി ആയി. മൊബൈലിൽ ഉൾപ്പെടെ ലക്ഷക്കണക്കിനു പേരാണു യുഎഇയിൽ കളി ആസ്വദിച്ചത്. കളി കാണാൻ ദുബായ് ബോളിവുഡ് പാർക്കിൽ ഉൾപ്പെടെ കൂറ്റൻ സ്ക്രീനുകൾ ഒരുക്കിയിരുന്നു. കളിയുടെ തത്സമയ വിവരങ്ങൾ സമൂഹമാധ്യമങ്ങളിലും നിറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com