ADVERTISEMENT
കുവൈത്ത് സിറ്റി ∙ വർക്ക് പെർമിറ്റും വിദ്യാഭ്യാസ യോഗ്യതയും പൊരുത്തപ്പെടാത്തതിന്റെ പേരിൽ 3 വർഷത്തിനിടെ 20,000 വിദേശികളുടെ താമസാനുമതി രേഖ (ഇഖാമ) റദ്ദാക്കി. വിവിധ ഏജൻസികളെ കം‌പ്യൂട്ടർ ശൃംഖല വഴി ബന്ധിപ്പിച്ചതോടെയാണു രേഖകളിലെ പൊരുത്തമില്ലായ്മ കണ്ടെത്താൻ സാധിച്ചതെന്ന് സാമ്പത്തികാര്യമന്ത്രി മറിയം അൽ അഖീൽ പറഞ്ഞു. ലേബർ വീസയിൽ കുവൈത്തിൽ എത്തിയവർ പിന്നീട് മറ്റു ജോലികൾ സമ്പാദിക്കുന്ന അവസ്ഥയുണ്ട്. ഇത്തരക്കാരുടെ ഇഖാമയാണ് റദ്ദാക്കിയത്. വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ചാകണം തൊഴിൽ എന്നതാണ് നയം. എന്നാൽ പല തസ്തികകളിലും മതിയായ വിദ്യാഭ്യാസ യോഗ്യതയില്ലാത്തവരാണ് തൊഴിലെടുക്കുന്നതെന്നു കണ്ടെത്തിയിരുന്നു. ക്രമക്കേടുകൾ കണ്ടെത്തുന്നതിന് വർക്ക് പെർമിറ്റിലെ വിവരങ്ങളും വിദ്യാഭ്യാസയോഗ്യതയും വിവിധ ഏജൻസികളുടെ നെ‌റ്റ്‌വർക്ക് ശൃംഖലയുമായി ബന്ധിപ്പിക്കുന്ന നടപടി ആരംഭിച്ചിരുന്നു.

194 പേരെ നാടുകടത്തും

നാടുകടത്തൽ കേന്ദ്രത്തിലുള്ള 500 വിദേശികളിൽ 194 പേരെ നാടുകടത്തുന്നതിനുള്ള നടപടികൾ പൂർത്തിയായതായും മന്ത്രി പറഞ്ഞു. ഗാർഹിക തൊഴിലാളി ഓഫീസുകൾക്കെതിരെയുള്ള പരാതിയിന്മേൽ തൊഴിലുടമകൾക്ക് 1,23,000 ദിനാർ ഈടാക്കി നൽകിയതായും മന്ത്രി അറിയിച്ചു.

ഒളിച്ചോടിയവർക്ക് ഇഖാമ സാധുതയുള്ളതാക്കാം

ഒളിച്ചോടിയതായി പരാതിയുള്ള ഗാർഹിക തൊഴിലാളികൾക്ക് ഇഖാമ പദവി സാധുതയുള്ളതാക്കാൻ 3 മാസത്തെ സമയപരിധി അനുവദിച്ചതായും അവർ പറഞ്ഞു. പിഴയടച്ച് ഇഖാമ മാറ്റാനും സൗകര്യമുണ്ടാകും. ഒളിച്ചോടിയ ഗാർഹിക തൊഴിലാളികൾക്ക് തൊഴിൽ നൽകുന്നവർ ശിക്ഷിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കാനാണ് പുതിയ സൗകര്യം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com