ADVERTISEMENT

അബുദാബി∙ ആൻറിബയോട്ടിക്കിന്റെ ഉപയോഗം പരമാവധി കുറയ്ക്കണമെന്ന് ആരോഗ്യവിദഗ്ധർ. സ്ഥിരമായി ഉപയോഗിക്കുന്നത് രോഗപ്രതിരോധ ശേഷി കുറയ്ക്കുമെന്നും മുന്നറിയിപ്പ്. ആന്റിബയോട്ടിക്കുകൾക്കെതിരെ അബുദാബിയിലെ ക്ലീവ് ലാൻഡ് ക്ലിനിക്ക് നടത്തിയ പ്രതിരോധ പ്രവർത്തനങ്ങൾ ഫലം കണ്ട പശ്ചാത്തലത്തിലാണിത്. 2015 മുതൽ തുടങ്ങിയ പ്രവർത്തനങ്ങളുടെ വിജയമാണിതെന്നും ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കാതെ രോഗം മാറ്റാനാകുമെന്ന് തെളിയിച്ചതായും ക്ലീവ് ലാൻഡ് ക്ലിനിക് കോ – ഡയറക്ടർ റാണിയ എൽ ലബാബിദി പറഞ്ഞു.

ചെറിയ അസുഖങ്ങൾക്ക് ആന്റിബയോട്ടിക് ഉപയോഗിച്ചാൽ ബാക്ടീരിയയും വൈറസും ഫംഗസും ഇതിനെതിരെ പ്രതിരോധ ശേഷിയാർജിക്കും. ഈ അവസ്ഥ‍യിൽ മരുന്നുകളൊന്നും ഫലിക്കാതാവുമെന്നും ചെറിയ രോഗം പോലും ഗുരുതരാവസ്ഥയിലേക്ക് നീങ്ങാൻ കാരണമാകുമെന്നും പ്രമുഖ ഡെർമറ്റോളജിസ്റ്റ് ഡോ. ടി.സി സതീഷ് പറഞ്ഞു.  ബാക്ടീരിയയ്ക്ക് എതിരായി പ്രവർത്തിക്കുന്ന ആന്റിബയോട്ടിക് വൈറൽ ഇൻഫക്​ഷൻ കൊണ്ട് ഉണ്ടാകുന്ന പനി, തുമ്മൽ, ജലദോഷം എന്നിവയ്ക്ക് നൽകിയിട്ട് കാര്യമില്ലെന്നും ഡോക്ടർ വിശദീകരിക്കുന്നു.

ആന്റിബയോട്ടിക്കിന്റെ ഉപയോഗം കുറയ്ക്കുന്നതിലൂടെ ചെലവ് കുറയ്ക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും സാധിക്കുമെന്ന് ക്ലിവ് ലാൻഡ് ക്ലിനിക് ഏറ്റെടുത്ത ബോധവൽക്കരണ പരിപാടി ചൂണ്ടിക്കാട്ടുന്നു. ഇതുസംബന്ധിച്ച്  ഡോക്ടർമാർക്കായി 2 ആഴ്ചത്തെ കോഴ്സും  ആരംഭിച്ചിട്ടുണ്ട്.

ഇടയ്ക്ക് നിർത്തരുത്

അത്യാവശ്യ ഘട്ടങ്ങളിൽ ആന്റിബയോട്ടിക് കഴിക്കേണ്ടിവരുമ്പോൾ ഡോക്ടർ നിർദേശിച്ച അളവിൽ കൃത്യമായി ഉപയോഗിക്കണം. ഇടയ്ക്കു നിർത്തുന്നത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. 7 ദിവസത്തേക്കു നൽകുന്ന ആൻറിബയോട്ടിക് 3 ദിവസം കഴിച്ചശേഷം നിർത്താൻ പാടില്ല. നിശ്ചിത അളവിൽ നിശ്ചിത ദിവസം കഴിക്കണം എന്നത് നിർബന്ധമാണെന്നും ഡോ. സതീഷ് പറഞ്ഞു.

ആന്റി ഫംഗൽ അധികമാകേണ്ട

സ്റ്റിറോയ്ഡ് അടങ്ങിയ ആന്റി ഫംഗൽ ക്രീം ഉപയോഗിക്കുന്ന ഇടങ്ങളിൽ ഫംഗസിന് എതിരായ പല മരുന്നുകളും ഫലിക്കുന്നില്ലെന്നു ഡോക്ടർ സൂചിപ്പിച്ചു. വേനൽചൂട് കൂടുന്നതോടെ ഫംഗൽ ഇൻഫക്​ഷനുള്ള സാധ്യത കൂടുതലാണെന്നും പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com