ADVERTISEMENT

അബുദാബി ∙ ഉണർവിന്റെ ശാന്തഭാവവുമായി വിവിധ രാജ്യക്കാരും മതക്കാരുമായ ആയിരങ്ങളെ അണിനിരത്തി അബുദാബി ഉം അൽ ഇമാറാത് പാർക്കിൽ യോഗാദിനാചരണം. ‘വസുദൈവ കുടുംബകം’ എന്നതുപോലെ യോഗയിൽ ലോകം ഒന്നാവുകയാണെന്നും രാജ്യാന്തര യോഗാ ദിനാചരണത്തിന് യുഎഇ എല്ലാവിധ പിന്തുണയും നൽകുന്നുവെന്നും യുഎഇ സഹിഷ്ണുതാ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ പറഞ്ഞു. ഇന്ത്യയും യുഎഇയും തമ്മിൽ നൂറ്റാണ്ട് പഴക്കമുള്ള ബന്ധം കൂടുതൽ അരക്കിട്ടുറപ്പിക്കുന്നതായി യോഗയുമായുള്ള യുഎഇയുടെ സഹകരണമെന്നും പറഞ്ഞു.

yoga-1
യോഗാഭ്യാസത്തിൽ നിന്ന്.

യോഗാമാറ്റിൽ ഇരുന്ന മന്ത്രിയോടൊപ്പം സെൽഫിയെടുക്കാനും കുശലം പറയാനും ഒട്ടേറെ കുട്ടികളും എത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദേശത്തോടെയാണ് പരിപാടിക്ക് ഔദ്യോഗിക തുടക്കമായത്. തുടർന്ന് ദൃഷ്ടി യോഗ, ധ്യാനം, സംസ്കൃത ശ്ലോക പാരായണം, ഡോക്യുമെന്ററി പ്രദർശനം എന്നിവയുമുണ്ടായിരുന്നു. അബുദാബി സാംസ്കാരിക വകുപ്പിന്റെ സഹകരണത്തോടെ 3 ഭാഗങ്ങളായി നടന്ന പരിപാടിയിൽ ഹാസ്യ യോഗയിലൂടെയായിരുന്നു തുടക്കം. യോഗാ മാറ്റുകൾ, യോഗ ടീഷർട്ടുകൾ എന്നിവയും സൗജന്യമായി വിതരണം ചെയ്തു.

വിവിധ കലാപരിപാടികളും നടന്നു. ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ സ്മിത പന്ഥ്, കോൺസൽമാരായ രാജമുരുകൻ, കെ. സുരേഷ്, കമ്യൂണിറ്റി അഫയേഴ്സ് ഫസ്റ്റ് സെക്രട്ടറി പൂജ വെർണേക്കർ, വ്യവസായ പ്രമുഖൻ ബിആർ ഷെട്ടി, ഇന്ത്യൻ ബിസിനസ് ഗ്രൂപ്പ് പ്രതിനിധി പത്മനാഭൻ ആചാര്യ,  ലുലു ഗ്രൂപ്പ് അബുദാബി റീജനൽ ഡയറക്ടർ അബൂബക്കർ തുടങ്ങിയവരും പങ്കെടുത്തു.

ദുബായ്

ദുബായ് ∙ ഇന്ത്യൻ കോൺസുലേറ്റിന്റെ ആഭിമുഖ്യത്തിൽ രാജ്യാന്തര യോഗാദിനാചരണം ദുബായ് സബീൽ പാർക്കിൽ ഇന്നു വൈകിട്ട് 6.30ന് നടക്കും. ദുബായ് മുനിസിപ്പാലിറ്റിയുടെയും സ്പോർട്സ് കൗൺസിലിന്റെയും സഹകരണത്തോടെയാണു പരിപാടി. അജ്മാനിൽ ഇന്ത്യൻ അസോസിയേഷനുമായും ഷാർജയിൽ ഏകതയുമായും സഹകരിച്ചാണ് യോഗ ദിനാചരണം സംഘടിപ്പിക്കും. ഉമ്മുൽഖുവൈൻ, ഫുജൈറ, റാസൽഖൈമ എന്നിവിടങ്ങളിൽ നാളെ യോഗാദിനാചരണം നടക്കും. അജ്മാൻ ജർഫിലെ ഇന്ത്യൻ  അസോസിയേഷനിൽ യോഗ ദിനാചരണത്തോടനുബന്ധിച്ച് നാളെ വൈകിട്ട്  5.30ന് സൗജന്യ മെഡിക്കൽ ക്യാംപ് സംഘടിപ്പിക്കും.

ഫുജൈറ

ഫുജൈറ ∙ ഇന്ത്യൻ സോഷ്യൽ ക്ലബ് യോഗ ദിനാചരണം 22ന് വൈകിട്ട് 6ന് ഖലീഫ ഹാളിൽ നടക്കും. റജിസ്ട്രേഷന്: 054 4041412.

ഷാർജ

ഷാർജ ∙ ഷാർജ ഫ്ലാഗ് ഐലൻഡിൽ നാളെ വൈകിട്ട് 5.30ന് യോഗ പരിശീലന പരിപാടി സംഘടിപ്പിക്കും.

ഒമാൻ

മസ്‌കത്ത് ∙ ഇന്ത്യൻ എംബസി ഒമാൻ കൺവൻഷൻ ആൻഡ് എക്‌സിബിഷൻ സെന്ററിൽ സംഘടിപ്പിക്കുന്ന യോഗാദിനാചരണം ഇന്ന്. വൈകിട്ട് 7.30ന് ആരംഭിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com