ADVERTISEMENT

ദുബായ് ∙ ലോകത്തിന് ആരോഗ്യ ജീവിതത്തിന്റെ സന്ദേശം നൽകി രാജ്യാന്തര യോഗ ദിനാചരണം ദുബായ് ആഘോഷമാക്കി. ദുബായിലെ ഇന്ത്യൻ കോൺസൽ ജനറൽ നേതൃത്വം നൽകിയ പരിപാടി പ്രമുഖരുടെ സാന്നിധ്യംകൊണ്ടും ശ്രദ്ധേയമായി. മനസ് ഏകാഗ്രമാക്കി ശ്വാസത്തിന്റെ താളത്തിൽ കുട്ടികൾ മുതൽ വയോധികർ വരെ സബീൽ പാർക്കിലെ സായാഹ്നത്തെ ഊർജസ്വലമാക്കി. ആയിരങ്ങളാണ് അണിനിരന്നത്. ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ദാവൂദ് അൽ ഹജ്‌രി, നോളജ് ആൻഡ് ഹ്യൂമൻ ഡവലപ്മെന്റ് അതോറിറ്റി ചെയർമാൻ ഡോ.അബ്ദുല്ല അൽ കരം, ഇന്തൊനീഷ്യൻ കോൺസൽ ജനറൽ റിദ്വാൻ ഹസൻ തുടങ്ങിയവർ മുഖ്യാതിഥികളായി. മുൻ എംപി എ.പി.അബ്ദുല്ലക്കുട്ടിയും പങ്കെടുത്തു. 6.30 നാണ് തുടങ്ങിയതെങ്കിലും അതിനും മുൻപേ ജനം എത്തിത്തുടങ്ങി.

vipul
ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ദാവൂദ് അൽ ഹജ് രി, ഇന്ത്യൻ കോൺസൽ ജനറൽ വിപുൽ തുടങ്ങിയവർ യോഗാദിനാചരണ പരിപാടിയിൽ.

പാർക്കിലേക്ക് ഗേറ്റ് 3 വഴിയും 2 വഴിയും പ്രവേശനം അനുവദിച്ചു. കോൺസൽ ജനറൽ വിപുൽ കുടുംബസമേതമാണ് എത്തിയത്. രാജ്യാന്തര പരിശീലകർ നേതൃത്വം നൽകി. പ്രധാനമന്ത്രി നരേന്ദ്രമോദി, സദ്ഗുരു എന്നിവരുടെ സന്ദേശങ്ങളുടെ വിഡിയോയും ഉണ്ടായിരുന്നു. യോഗയെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രദർശനവും ഉൾപ്പെടുത്തി. രാജ്യം സഹിഷ്ണുതാ വർഷം ആചരിക്കുമ്പോൾ മനസിനും ശരീരത്തിനും ഊർജം പകരുന്ന ഇത്തരം പരിപാടികൾക്ക് ഏറെ പ്രധാന്യമുണ്ടെന്ന് ദാവൂദ് അൽ ഹജ്‌രി പറഞ്ഞു. യുഎഇയുമായി ഇന്ത്യയ്ക്ക് സുദൃഢ ബന്ധമാണുള്ളത്. യോഗ പോലുള്ള പരിശീലന പരിപാടികൾ സഹിഷ്ണുത വളർത്താൻ സഹായകമാകുമെന്നും ചൂണ്ടിക്കാട്ടി.

yoga2
യോഗ ദിനാചരണത്തോട് അനുബന്ധിച്ചു ഷാർജ ജുവൈസയിലെ ഇന്ത്യൻ സ്കൂളിൽ ഉഷാകുമാരി സോമസുന്ദരത്തിന്റെ നേതൃത്വത്തിൽ നടന്ന യോഗാഭ്യാസം.

യോഗയിൽ പങ്കെടുത്തവരെ നാലു വിഭാഗമായി തിരിച്ച് മത്സരങ്ങൾ നടത്തി. കുട്ടികൾ, വനിതകൾ, വയോധികർ, പൊതുവിഭാഗം എന്നിങ്ങനെ തിരിച്ചു നടത്തിയ മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ നൽകി. സ്വദേശികൾ ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യവും ശ്രദ്ധേയമായി. മലയാളികളുടെയും വൻനിരയുണ്ടായിരുന്നു. റജിസ്റ്റർ ചെയ്തവർക്ക് ടീ ഷർട്ടുകൾ നൽകി. ശീതളപാനീയങ്ങളും മറ്റും വിതരണം ചെയ്യാൻ പ്രത്യേക സംവിധാനം ഒരുക്കിയിരുന്നു. ദുബായ് മുനിസിപ്പാലിറ്റിയും സ്പോർട്സ് കൗൺസിലും പരിപാടിയുമായി സഹകരിച്ചു. ഷാർജയിലും അജ്മാനിലും യോഗ ദിനാചരണം നടന്നു. ഉമ്മുൽഖുവൈൻ, ഫുജൈറ, റാസൽഖൈമ എന്നിവിടങ്ങളിൽ ഇന്നാണ് പരിപാടി.

യോഗയുടെ വിജയം മോദിയുടെ നേട്ടം: അബ്ദുല്ലക്കുട്ടി

ദുബായ് ∙ യോഗയെ ലോകം ഏറ്റെടുത്തത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണനേട്ടമാണെന്നു എ.പി.അബ്ദുല്ലക്കുട്ടി. യോഗയ്ക്ക് കിട്ടിയ സ്വീകാര്യത കേന്ദ്രസർക്കാരിന്റെയും പ്രധാനമന്ത്രിയുടെയും കിരീടത്തിലെ പൊൻതൂവലാണ്. അതേസമയം, യോഗ പരിപാടിയിൽ പങ്കെടുത്തത്തിനു പിന്നിൽ രാഷ്ട്രീയമില്ലെന്നും വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്രസർക്കാരിനെയും പ്രകീർത്തിച്ചതിന് അബ്ദുല്ലക്കുട്ടിയെ കോൺഗ്രസിൽ നിന്നു പുറത്താക്കിയിരുന്നു. സ്വകാര്യസന്ദർശനത്തിനായി ദുബായിലെത്തിയ അബ്ദുല്ലക്കുട്ടി ഇന്നു ഡൽഹിയിലേക്ക് തിരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com