ADVERTISEMENT

അബുദാബി ∙ വേനലവധിക്ക് ഗൾഫിലെ സ്കൂളുകൾ അടയ്ക്കാറായതോടെ നാട്ടിലേക്കുള്ള വിമാന ടിക്കറ്റിന് നിരക്ക് കുതിക്കുന്നു. തിരക്കില്ലാത്ത സമയത്തേക്കാൾ ടിക്കറ്റ് നിരക്കിൽ നാലിരട്ടിയാണ് വർധന. ഇക്കാര്യത്തിൽ ബജറ്റ്-സാധാരണ വിമാന കമ്പനികൾ മൽസരിക്കുകയാണ്. ദുബായിൽ ഈ മാസം 30നും അബുദാബിയിലും വടക്കൻ എമിറേറ്റുകളിലും ജൂലൈ 4നും സ്കൂളുകൾ അടയ്ക്കും. ഇത് മുന്നിൽ കണ്ട് ഈ മാസം 27 മുതൽ ജൂലൈ 15 വരെ നിരക്ക് കൂട്ടിയത്.  നാട്ടിലേക്ക് പോയവർ അവധി കഴിഞ്ഞ് തിരിച്ചുവരുന്ന ഓഗസ്റ്റ് 15 മുതൽ സെപ്റ്റംബർ 10 വരെയും വൻ നിരക്കാണ് ഈടാക്കുന്നത്. ജെറ്റ് എയർവേയ്സ് സർവീസ് നിർത്തിയതോടെ സീറ്റുകൾ കുറഞ്ഞതും നിരക്ക് വർധനയ്ക്ക് കാരണമായി.

അവധി ലഭിച്ചിട്ടും നിരക്കുവർധന കാരണം ഒട്ടേറെ മലയാളി കുടുംബങ്ങളും നാട്ടിൽ പോകുന്നത് ഒഴിവാക്കി. ദുബായിൽനിന്ന് കൊച്ചിയിലേക്ക് ഈ മാസം 30ന് പോയി ഓഗസ്റ്റ് 31ന് തിരിച്ചുവരാൻ  ഒരാൾക്ക് 3100 (58722 രൂപ) മുതൽ 4500 (85241 രൂപ) ദിർഹം വരെ നൽകണം. എയർ ഇന്ത്യ എക്സ്പ്രസ് 3100 ദിർഹം, എയർ അറേബ്യ 3300, സ്പൈസ് ജെറ്റ് 3400, എയർ ഇന്ത്യ 4000, എമിറേറ്റ്സ് 4400, ഇത്തിഹാദ് 4500 എന്നിങ്ങനെയാണ് നിലവിലെ നിരക്ക്. ഓഫ് പീക്ക് സമയത്ത് 800 ദിർഹത്തിന്  മടക്കയാത്ര ടിക്കറ്റ് ലഭിച്ചിരുന്നിടത്തു നിന്നാണ് ഇത്രയും തുക കൂട്ടിയത്.

ഇതനുസരിച്ച് 4 അംഗ കുടുംബത്തിന് നാട്ടിലേക്ക് പോയി വരണമെങ്കിൽ കുറഞ്ഞത് രണ്ടര ലക്ഷം രൂപ മുതൽ മൂന്നര ലക്ഷം  വരെ വേണം. തിരുവനന്തപുരം, കോഴിക്കോട് സെക്ടറിലേക്കും ഇതേ നിരക്കാണ്. അബുദാബി–കണ്ണൂർ യാത്രയ്ക്ക് നിരക്ക് വീണ്ടും കൂടും. ബജറ്റ് വിമാനങ്ങളിൽ മാസങ്ങൾക്കു മുൻപേ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് നിരക്കിൽ ഇളവുണ്ട്. പല ദിവസങ്ങളിലും നേരിട്ടുള്ള വിമാനങ്ങളിൽ സീറ്റു കിട്ടാനില്ല. എമിറേറ്റ്സ്, ഇത്തിഹാദ് വിമാനങ്ങളിൽ ചില ദിവസങ്ങളിൽ ഇക്കോണമി ക്ലാസിൽ ടിക്കറ്റില്ല. വൻ തുക നൽകി ബിസിനസ് ക്ലാസിൽ ടിക്കറ്റ് എടുക്കാൻ നിർബന്ധിതരാവുകയാണ് പലരും.

ഇതേ ദിവസം മറ്റു രാജ്യങ്ങളിലെ  നിരക്ക്

∙ ദുബായ്-കറാച്ചി-ദുബായ് 900 മുതൽ 1200 ദിർഹം വരെ

∙ ദുബായ്-കൊളംബൊ-ദുബായ് 1500 - 2050

∙ ദുബായ്-ധാക്ക-ദുബായ് 2000 - 2400

26 വർഷങ്ങളായി യുഎഇയിലുണ്ട്. സീസൺ സമയത്തെ ടിക്കറ്റ് കൊള്ള ഇന്ത്യയിലേക്ക് മാത്രമാണ്. അയൽ രാജ്യമായ പാക്കിസ്ഥാനിലേക്ക് സഹപ്രവർത്തകർക്ക് മടക്കയാത്രാ ടിക്കറ്റ് ലഭിച്ചത് 900 ദിർഹത്തിനാണ്. കൊള്ളനിരക്ക് ഈടാക്കുന്ന വിമാനക്കമ്പനികൾക്കെതിരെ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നടപടിയെടുക്കണം.-ബീന റാണി രാജ്മോഹൻ
റാസൽഖൈമ ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ, ചെങ്ങന്നൂർ സ്വദേശി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com