ADVERTISEMENT

ദുബായ് ∙ ദുബായ് - അൽഐൻ റോഡ് വീതികൂട്ടി ആറുവരിയാക്കുന്ന പദ്ധതിക്ക് അംഗീകാരമായി. 200 കോടി ദിർഹം ചെലവു പ്രതീക്ഷിക്കുന്ന പദ്ധതിക്കു യുഎഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകി. റോഡിന്റെ 17 കിലോമീറ്റർ ഭാഗമാണ് ആറു വരിയാക്കി ഉയർത്തുന്നത്. ഇവിടെ ആറ് ഇന്റർചേഞ്ചുകൾ നവീകരിക്കും. ഇതു പൂർത്തിയാകുന്നതോടെ മണിക്കൂറിൽ ഇതുവഴി 12000 വാഹനങ്ങൾക്കു കടന്നുപോകാം. ഇപ്പോഴത്തേതിന്റെ ഇരട്ടിയാകും ഇത്.

ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ റോഡ്, എമിറേറ്റ്സ് റോഡ് എന്നീ പ്രധാന ഹൈവേകളുമായി സുഗമമായി ദുബായ്- അലൈൻ റോഡിനെ ബന്ധിപ്പിക്കാൻ പുതിയ പദ്ധതിയിലൂടെ സാധിക്കും. എമിറേറ്റ്സ് റോഡിൽ നിന്ന് ഊദ് മേത്ത റോഡിലേക്കു യാത്രാ സമയവും നേരെ പകുതിയാകും. മെയ്ദാൻ,ദുബായ് സിലിക്കൺ ഒയാസിസ്, ദുബായ് ലാൻഡ് റസിഡൻഷ്യൽ കോംപ്ലക്സ്, ലിവാൻ, ദുബായ് ഡിസൈൻ ഡിസ്ട്രിക്ട് തുടങ്ങിയ പ്രദേശങ്ങൾക്കു ഈ റോഡ് ഏറെ ഗുണകരമാകുമെന്ന് ആർടിഎ ചെയർമാൻ മാത്തർ അൽ തായർ ചൂണ്ടിക്കാട്ടി.

രണ്ടുഘട്ടങ്ങളായാണു നിർമാണം. 130 കോടി ദിർഹം ചെലവു പ്രതീക്ഷിക്കുന്ന ആദ്യഘട്ടത്തിൽ എമിറേറ്റ്സ് റോഡിലേക്കുള്ള ഇന്റർചേഞ്ചും മുഹമ്മദ് ബിൻ സായിദ് റോഡിലേക്കുള്ള ഇന്റർചേഞ്ചുകളുമാണു  നവീകരിക്കുക. 748 ദശലക്ഷം ദിർഹം ചെലവു വരുന്ന രണ്ടാം ഘട്ടത്തിൽ മുഹമ്മദ് ബിൻ സായിദ് റോഡിലെ ഇന്റർചേഞ്ച് മുതൽ ബു കദ്ര, റാസൽഖോർ എന്നിവിടങ്ങളിലേക്കുള്ള പാതവരെയുള്ള പത്തുകിലോമീറ്റർ വികസിപ്പിക്കും. ആദ്യഘട്ടത്തിൽ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലെ ജംക്‌ഷനിൽ നാലു ദിശകളിലേക്കും റാംപുകൾ നിർമിക്കും. അടുത്തവർഷം നിർമാണം പൂർത്തിയാകും. ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ റോഡിൽ നിന്ന് ഷെയ്ഖ് സായിദ് ബിൻ ഹംദാൻ റോഡിലേക്കുള്ള പാതയിലെ ജംക്‌ഷനും ആദ്യഘട്ടത്തിൽ നവീകരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com