ADVERTISEMENT

അബുദാബി ∙ മലയാളി ഉദ്യോഗാർഥികളെ ലക്ഷ്യമാക്കി ഓൺലൈൻ റിക്രൂട്ടിങ് തട്ടിപ്പുകാർ. വൻ ശമ്പളവും വാർഷിക ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്താണ് ഇവർ ഉദ്യോഗാർഥികളെ വലയിലാക്കുന്നത്. നിയമന ഉത്തരവിനൊപ്പം വീസ നടപടികൾക്കായി നിശ്ചിത തുക നൽകണമെന്ന് ഇവർ ആവശ്യപ്പെട്ടതോടെ തട്ടിപ്പുകാരുടെ കള്ളി പുറത്തായി. ഷിപ്പിങ്, ഓയിൽ കമ്പനികളിലും സ്കൂൾ,  ആശുപത്രി എന്നിവിടങ്ങളിലും മികച്ച ജോലിയും ശമ്പളവും വാഗ്ദാനം ചെയ്ത് നിയമന ഉത്തരവ് മുഖേനയാണ് വൻ തട്ടിപ്പ് നടത്തുന്നത്.

കാക്കനാട് സ്വദേശി മനോജ് വർഗീസിന് അബുദാബിയിൽ ഇല്ലാത്ത സ്കൂളിന്റെ  പേരിലാണ് അധ്യാപകനായി നിയമനം നൽകിയത്. ദുബായ്, ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ എമിറേറ്റുകളിൽ ശാഖകളുള്ള അൽഅമിൻ ഇന്റനാഷണൽ സ്കൂളിന്റെ പേരും ലോഗോയും ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. ഓഫർ ലെറ്ററിൽ 25,500 ദിർഹമാണ് പ്രതിമാസ ശമ്പളം. ഇതിന് പുറമേ കാർ അറ്റകുറ്റപ്പണിക്ക് മാസം 3800 ദിർഹം, വിനോദത്തിന് 3789, യാത്രയ്ക്ക് 3800 ഉൾപ്പെടെ മൊത്തം ഒരു മാസം 36189 ദിർഹമാണ് (6.8 ലക്ഷം രൂപ) വാഗ്ദാനം ചെയ്തത്. വിദേശ യാത്രയ്ക്ക് ഫസ്റ്റ് ക്ലാസ് വിമാന ടിക്കറ്റിന് പുറമേ 13,974.50 ദിർഹം അലവൻസും നൽകുമെന്നും ഓഫർ ലെറ്ററിലുണ്ട്. വീസ കാര്യങ്ങൾക്ക് അബുദാബിയിലെ ഒമൈർ ട്രാവൽസിലെ പാട്രിക് സാമിനെ ബന്ധപ്പെടാനാണ് നിർദേശം.  ട്രാവൽസുമായി ബന്ധപ്പെട്ടപ്പോൾ പാട്രിക് സാം എന്നൊരാൾ അവിടെ ജോലി ചെയ്യുന്നില്ലെന്നും ഈ ഇടപാടിൽ സ്കൂളിന് പങ്കില്ലെന്നും അധികൃതർ വ്യക്തമാക്കി. സ്കൂളിന്റെയോ ട്രാവൽസിന്റെയോ ലാൻഡ് ഫോൺ നമ്പർ വയ്ക്കാതെ മൊബൈൽ നമ്പറാണ് നൽകിയിരിക്കുന്നത്.

എറണാകുളം സ്വദേശി പി.എച്ച്. രഞ്ജിത്തിന് അബുദാബിയിലെ അലി യഫൂർ ഓയിൽ ആൻഡ് ഗ്യാസ് സർവീസ് എന്ന കമ്പനിയിൽ മെക്കാനിക്കൽ എൻജിനീയറായാണ് നിയമന ഉത്തരവ് ലഭിച്ചത്. ശമ്പളം 30,400 ദിർഹം. രഞ്ജിത് കമ്പനിയുമായി ബന്ധപ്പെട്ടപ്പോൾ വീസ നടപടികൾക്കായി ഒരു ലക്ഷത്തിലേറെ രൂപ അക്കൗണ്ടിലേക്ക് അയയ്ക്കാനായിരുന്നു മറുപടി. യാത്രാ-വീസ നടപടികൾക്ക് ദുബായിലെ ട്രാവൽസിന്റെ  പേരാണ് പറഞ്ഞിരുന്നത്. കൂടുതൽ അന്വേഷണത്തിൽ  ഇത്തരമൊരു റിക്രൂട്മെന്റ്  നടത്തിയിട്ടില്ലെന്ന് തെളിഞ്ഞു. ഓഫർ ലെറ്ററിൽ ഒപ്പിട്ട വ്യക്തിയുമായി സംസാരിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ വർഷങ്ങൾക്ക് മുൻപ് ജോലി രാജിവച്ചു പോയെന്നായിരുന്നു മറുപടി.

ഒരു മാസം മുൻപ് പത്തനംതിട്ട നരിയാപുരം സ്വദേശി ജിയോ തോമസിന് അബുദാബിയിലെ പ്രമുഖ ഷിപ്പിങ് കമ്പനിയിലേക്ക് സമാന ഓഫർ ലഭിച്ചിരുന്നു. അന്വേഷണത്തിൽ മികച്ച കമ്പനിയായിരുന്നെങ്കിലും റിക്രൂട്മെന്റ് വ്യാജമായിരുന്നു.  രവി പ്രകാശ് വർമയ്ക്ക് അബുദാബിയിലെ അൽ എരിത്ര ആശുപത്രിയിൽ ജനറൽ സർജനായിട്ടാണ് വ്യാജ നിയമന ഉത്തരവ് ലഭിച്ചത്. പ്രമുഖ കമ്പനികളുടെ പേരിൽ നടത്തുന്ന വ്യാജ റൂക്രൂട്ട്മെന്റിന് ആഭ്യന്തര മന്ത്രാലയത്തിന്റെ വ്യാജ സ്റ്റാംപും മുദ്രയും ഉപയോഗിക്കുന്നു. പരാതി ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

തട്ടിപ്പിനിരയായ 4 ഇന്ത്യൻ യുവതികൾ നാട്ടിലേക്ക്

ദുബായ്∙ വ്യാജ ജോലി വാഗ്ദാനം ചെയ്ത് ദുബായിലെ  ഡാൻസ് ബാറിലെത്തിച്ച 4 ഇന്ത്യൻ യുവതികൾ വിദേശകാര്യ മന്ത്രാലയത്തിന്റെയും ഇന്ത്യൻ കോൺസുലേറ്റിന്റെയും ഇടപെടലിലൂടെ ഇന്നു നാട്ടിലേക്ക് തിരിക്കും. ജോലി വാഗ്ദാനം ചെയ്ത് നാട്ടിലെ ഏജന്റ് സന്ദർശക വീസയിലെത്തിച്ച കോയമ്പത്തൂർ സ്വദേശിനികളെ ഡാൻസ് ബാറിൽ നിയമിക്കുകയായിരുന്നു. വീസയ്ക്ക് 65000 രൂപ ഈടാക്കിയതായും ഇവർ പറഞ്ഞു. ഈ മാസം 23ന് ദുബായിൽ എത്തിയതോടെ തട്ടിപ്പ് തിരിച്ചറിഞ്ഞ യുവതികൾ ബന്ധുക്കൾ വഴി വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെസഹായം തേടുകയായിരുന്നു. മന്ത്രിയുടെ നിർദേശത്തെ തുടർന്ന് ഇന്ത്യൻ കോൺസുലേറ്റ് അധികൃതർ ദുബായ് പൊലീസിന്റെയും സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളിയുടെ സഹായത്തോടെ യുവതികളെ കണ്ടെത്ത്തി മോചിപ്പിക്കുകയായിരുന്നു.

വ്യാജന്മാരെ അറിയാൻ

എംബസി ഹെൽപ് ലൈൻ

ഓഫർ ലെറ്റർ വ്യാജമാണോ എന്നറിയാൻ എംബസിയുടെ കീഴിലുള്ള പ്രവാസി ഭാരതീയ സഹായക കേന്ദ്രവുമായി (help@abudhabi@mea.gov.in) ബന്ധപ്പെടണം.  വാഗ്ദാനങ്ങൾ അവഗണിക്കുക. പണം നൽകിയിട്ടുണ്ടെങ്കിൽ ഏറ്റവും അടുത്തുള്ള പൊലീസ് സ്റ്റേഷനിലെ സൈബർ ക്രൈം വിഭാഗത്തിൽ പരാതി നൽകുക.

യുഎഇ നിയമം

യുഎഇ തൊഴിൽ നിയമം അനുസരിച്ച് ഉദ്യോഗാർഥികളുടെ വീസ ചെലവ് തൊഴിലുടമ വഹിക്കണം. ഇത് ഉദ്യോഗാർഥികളിൽ നിന്ന് ഈടാക്കാറില്ല. സ്വന്തം സ്ഥാപനത്തിന് തൊഴിൽ വീസ എടുക്കുന്നതിനായി കമ്പനികൾ ട്രാവൽ ഏജൻസികളെ ചുമതലപ്പെടുത്താറില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com