ADVERTISEMENT

അബുദാബി ∙ കാത്തിരിപ്പിനൊടുവിൽ മലയാളി സമാജത്തിൽ എംബസി സേവനങ്ങൾക്ക് തുടക്കമായി. ഇന്നലെ രാവിലെ സമാജം അങ്കണത്തിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ എംബസി പാസ്പോർട്ട് കോൺസൽ കെ. സുരേഷ് ഉദ്ഘാടനം ചെയ്തു. എംബസി ഉദ്യോഗസ്ഥരായ പി.കെ. ഷാനവാസ്, ഹരീഷ് ചന്ദ്ര ഡൗണ്ടിയാർ,  സമാജം പ്രസിഡന്റ്  ഷിബു വർഗീസ്, ജനറൽ സെക്രട്ടറി ജയരാജ്, ബിഎൽഎസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ നിരവധി പേർ ചടങ്ങിനെത്തി. നവജാത ശിശുവിന്റെ  പാസ്പോർട്ട് അപേക്ഷ സ്വീകരിച്ചാണ് സമാജത്തിൽ എംബസി സേവനങ്ങൾക്ക് തുടക്കമിട്ടത്.

കൊടുങ്ങല്ലൂർ സ്വദേശിയും അബുദാബി എയർപോർട്ടിലെ ഡോക്യുമെന്റേഷൻ വിഭാഗം അഡ്മിനിസ്ട്രേഷൻ മാനേജരുമായ അംജദിന്റെയും കളമശ്ശേരി സ്വദേശി ലതീഷയുടെയും മൂന്നാമത്തെ മകൻ ആദം ജഹീന്റെ പുതിയ പാസ്പോർട്ടിനുള്ള അപേക്ഷ ബിഎൽഎസ് ഉദ്യോഗസ്ഥ രാജുൽ കലാസൊ സ്വീകരിച്ചു. 10 ദിവസത്തിനകം പാസ്പോർട്ട് ലഭിക്കുമെന്നും അറിയിച്ചു. അൽവത്ബയിലും പരിസരങ്ങളിലും താമസിക്കുന്നവർക്ക് വലിയ ആശ്വാസമാണ് സമാജത്തിൽ ലഭിക്കുന്ന എംബസി സേവനങ്ങളെന്ന് അംജദ് പറഞ്ഞു. കുഞ്ഞുമായി പാസ്പോർട്ട് എടുക്കാൻ കിലോമീറ്ററുകളോളം സഞ്ചരിച്ച് നഗരത്തിൽ പോയി ക്യൂ നിൽക്കേണ്ട അവസ്ഥ ഒഴിവാക്കാനായെന്നും അദ്ദേഹം പറഞ്ഞു.

ഉന്നത വിദ്യാഭ്യാസത്തിന് നാട്ടിലേക്ക് മടങ്ങുന്ന കണ്ണൂർ സ്വദേശി സതീശന്റെ മകളും ജെംസ് യൂണൈറ്റഡ് ഇന്ത്യൻ സ്കൂൾ വിദ്യാർഥിയുമായ അന്നപൂർണയുടെ ടിസി പാസ്പോർട്ട് കോൺസൽ കെ.സുരേഷ് അറ്റസ്റ്റ് ചെയ്തു നൽകി അറ്റസ്റ്റേഷൻ സേവനങ്ങൾക്ക് തുടക്കമിട്ടു. ആദ്യ ദിവസം തന്നെ പാസ്പോർട്ട്, അറ്റസ്റ്റേഷൻ സേവനങ്ങൾക്കായി നിരവധി പേർ എത്തിയിരുന്നു. പാസ്പോർട്ടിന് അപേക്ഷിക്കൽ, പുതുക്കൽ, പൊലീസ് ക്ലിയറൻസ്, എൻആർഐ സർട്ടിഫിക്കറ്റ് തുടങ്ങി എല്ലാ സേവനങ്ങളും സമാജത്തിൽ നിന്ന് ലഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

രാവിലെ 9 മുതൽ 3 വരെയാണ് സേവനം. രേഖകളുടെ പകർപ്പും മറ്റും സമാജം സൗജന്യമായി നൽകിയതോടെ സേവനത്തിനുള്ള തുകയിൽ അൽപം ലാഭിക്കാനും പ്രവാസികൾക്ക് കഴിഞ്ഞെന്ന് ഷിബു വർഗീസ് പറഞ്ഞു. സേവന സന്നദ്ധരായി സമാജത്തിലെയും വനിതാ വേദിയുടെയും ബാലവേദിയുടെയും നിരവധി പ്രവർത്തകരും എത്തി. മുസഫ, ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് സിറ്റി, ബനിയാസ്, മഫ്റഖ് തുടങ്ങിയ മേഖലളിലും പരിസരങ്ങളിലും ഉള്ളവർക്ക് അനുഗ്രഹമാണ് സമാജത്തിലെ ഈ സേവനമെന്നും ഷിബു വർഗീസ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com