ADVERTISEMENT

ദോഹ ∙ ബാല്യകാല സുഹൃത്തിന്റെ ചതിയിൽപെട്ട് ജയിലിൽ കഴിയേണ്ടിവന്ന താരിഫ് ഇന്നലെ ആശ്വാസത്തിന്റെ തീരമണിഞ്ഞു. സുഹൃത്തായ യൂനുസിന്റെ ചതിയിൽപ്പെട്ട മലപ്പുറം തിരൂർ താനാളൂർ പകര നന്താണിപ്പറമ്പിൽ മുഹമ്മദിന്റെ മകൻ താരിഫ് (34) ആണ് മലപ്പുറത്തെ വീട്ടിൽ തിരിച്ചെത്തിയത്. ഇതിനിടെ, നഷ്ടമായത് ജീവിതത്തിലെ 2 വർഷങ്ങൾ. 2017 സെപ്റ്റംബർ 23-നാണ് ജോലി വാഗ്ദാനം ചെയ്ത് സുഹൃത്ത് യൂനുസ് താരിഫിനെ ദോഹയിലെത്തിച്ചത്. നാട്ടിൽ പച്ചക്കറി കടയിൽ ജോലി ചെയ്തിരുന്ന യുവാവ് ബാപ്പയുടെ ബിസിനസ് തകർന്നതിനെ തുടർന്നുണ്ടായ കടബാധ്യതകളും കുടുംബത്തിന്റെ ബുദ്ധിമുട്ടുകളും പരിഹരിക്കാനാണ് സുഹൃത്തിന്റെ വാക്ക് വിശ്വസിച്ച് ദോഹയിലെത്തിയത്. 50,000 രൂപ വീസയുടെ പേരിൽ സുഹൃത്തിന് നൽകുകയും ചെയ്തു.

റിയൽ എസ്‌റ്റേറ്റ് മേഖലയിൽ ജോലി തരപ്പെടുത്താമെന്നാണ് യൂനുസ് നൽകിയ വാഗ്ദാനം. താരിഫ് ദോഹയിലെത്തി ഏതാനും ദിവസങ്ങൾക്കുള്ളിൽ യൂനുസ് നാട്ടിലേക്ക് മടങ്ങി. പൊലീസിന്റെ പരിശോധനയിൽ പെട്ടതോടെയാണ് സുഹൃത്തിന്റെ ചതി താരിഫ് അറിയുന്നത്. പൊലീസിന്റെ വീസ പരിശോധനയിൽ താരിഫിന്റെ പാസ്‌പോർട്ടുമായാണ് യൂനുസ് നാട്ടിലേക്ക് മടങ്ങിയതെന്ന് വ്യക്തമായി. തുടർന്ന് താരിഫ് ജയിലിലായി. ഇന്ത്യൻ എംബസി ഇടപെട്ട് ജയിലിൽ നിന്ന് പുറത്തിറങ്ങിയ താരിഫിന് ദോഹയിലുണ്ടായിരുന്ന സുഹൃത്താണ് അഭയം നൽകിയത്. ഭാഷ അറിയാതെ താരിഫ് ഏറെ ബുദ്ധിമുട്ടിയെങ്കിലും എംബസിയുടെ ഇടപെടലോടെ കേസിന്റെ കുരുക്കുകൾ അഴിയുകയായിരുന്നു. എംബസി ലുക്ക് ഔട്ട് നോട്ടിസ് ഇറക്കിയതോടെ യൂനുസിനെ പോലീസ് നാട്ടിൽ അറസ്റ്റ് ചെയ്‌തെങ്കിലും താരിഫിന് നാട്ടിലേക്ക് മടങ്ങാനായില്ല. കേസിന്റെ ഗൗരവത്തെ തുടർന്ന് നടപടികളും നീണ്ടു.

കഴിഞ്ഞ 2 വർഷത്തോളം താരിഫിനെ നാട്ടിലേക്ക് അയയ്ക്കാൻ ഇന്ത്യൻ എംബസി സജീവമായി. ഇന്ത്യൻ എംബസിയുടെ പബ്ലിക് റിലേഷൻ വകുപ്പിലെ ജീവനക്കാരനായ അസ്‌ലം ഈരാറ്റുപേട്ട ആയിരുന്നു താരിഫിനെയും കൊണ്ട് ഓഫീസുകൾ കയറിയിറങ്ങി തുടർ നടപടികളിൽ ഒപ്പമുണ്ടായിരുന്നത്. ദോഹയിലെ മലയാളി സാമൂഹിക പ്രവർത്തകരും താരിഫിന് സഹായമായി. താരിഫിന്റെ പാസ്‌പോർട്ടിൽ യൂനുസ് കടന്നത് നടപടികളും വൈകിച്ചു. എക്‌സിറ്റ് അടിച്ചതിനാൽ രാജ്യത്തിന് പുറത്തുള്ള ഒരു വ്യക്തിക്ക് വീണ്ടും എക്‌സിറ്റ് അടിക്കുന്നതിലെ പ്രശ്‌നങ്ങൾ തുടങ്ങി ഒട്ടേറെ കടമ്പകൾ മറികടന്നു. കഴിഞ്ഞ റമസാനിൽ എമിഗ്രേഷനിൽ നിന്ന് അനുമതി കിട്ടിയെങ്കിലും നടപടികൾ പിന്നെയും ബാക്കിയാകുകയായിരുന്നു. എമിഗ്രേഷൻ, സിഐഡി, പൊലീസ് വകുപ്പുകളുമായി ചേർന്ന് ഇന്ത്യൻ എംബസിയും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും നടത്തിയ കൂട്ടായ പരിശ്രമത്തെ തുടർന്നാണു ബുധനാഴ്ച താരിഫ് നാട്ടിലെത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com