ADVERTISEMENT

ദുബായ് ∙ രണ്ടാം മോദി സർക്കാർ അധികാരത്തിൽ വന്ന ശേഷമുള്ള ആദ്യ ബജറ്റ് എല്ലാ മേഖലകളെയും പരിഗണിച്ച മികച്ച ബജറ്റെന്ന് പ്രവാസി ഇന്ത്യൻ ബിസിനസുകാർ. എന്നാൽ, ബജറ്റ് തീർ‌ത്തും നിരാശാജനകമെന്ന് സാധാരണക്കാർ അഭിപ്രായപ്പെട്ടു. പ്രതീക്ഷിച്ച പോലെ ബജറ്റ് ഇന്ത്യയുടെ വളർച്ചയ്ക്ക് ഗുണകരമാകുമെന്ന് പ്രവാസി വ്യവസായി എം.എ.യൂസഫലി പറഞ്ഞു. അഞ്ചു ട്രില്ല്യൻ യുഎസ് ഡോളർ സമ്പദ് വ്യവസ്ഥയിലേയ്ക്കുള്ള ചുവടുവയ്പാണിതെന്നും അദ്ദേഹം വ്യക്തമാക്കി.‌

ഗ്രാമീണ–കാർഷിക മേഖലയുടെ വികസനത്തിൽ ഉൗന്നിയുള്ളതാണ് ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിച്ച കന്നി ബജറ്റ്. വനിതാ സംരംഭകർക്ക് ഗുണകരമായതും ഇന്ത്യയെ ആഗോള വിദ്യാഭ്യാസ കേന്ദ്രമാക്കാനും ബജറ്റ് ഉപകരിക്കും. കരുത്താർന്ന യുവത്വവും ഗവേഷണ–വിദ്യാഭ്യാസ മേഖലകളുടെ ശക്തിയുമാണ് ഇന്ത്യയുടെ ഏറ്റവും വലിയ സമ്പത്ത്. വിവിധ മേഖലകളിൽ പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ ബജറ്റ് വഴികാട്ടിയാകും. ആഭ്യന്തര വ്യാപാരത്തിന്റെ നട്ടെല്ലായ റയില്‍വേ രംഗത്തെ വികസനം പ്രോത്സാഹനജനകമാണ്. നിര്‍മാണ മേഖലയുടെ വളർച്ചയും ഗുണകരമാകും. ഇന്ത്യൻ പാസ്പോർടുള്ള എല്ലാ പ്രവാസികൾക്കും ആധാർ കാർഡ് ഒരു വിദേശ ഇന്ത്യക്കാരൻ എന്ന നിലയിൽ സന്തോഷം പകരുന്നു. വാർഷിക ആഗോള നിക്ഷേപക സമ്മേളനത്തെ ആകാംക്ഷയോടെ ഉറ്റുനോക്കുകയാണെന്നും യൂസഫലി വാർത്താ കുറിപ്പിൽ പറഞ്ഞു.

അതേസമയം, കേന്ദ്ര ബജറ്റ് നിരാശജനകമാണെന്നും ആധാർ കാർഡ് ഒഴിച്ച് മറ്റൊരു ഗുണവും പ്രവാസി ഇന്ത്യക്കാർക്ക് ലഭിക്കില്ലെന്നും സാധാരണക്കാരായ പ്രവാസികൾ അഭിപ്രായപ്പെടുന്നു.

പ്രവാസികൾക്ക് ഗുണകരമായ ഒരു പദ്ധതിയും ഈ ബജറ്റിൽ കാണാനില്ലെന്നും എന്നാൽ വൻകിട മുതലാളിമാർക്ക് ആനുകൂല്യങ്ങൾ നൽകുന്നുണ്ടെന്നും സാധാരണക്കാരായ പ്രവാസികളെ ബജറ്റിൽ പരാമർശിക്കകുക പോലും ചെയ്യ്തില്ലെന്നും കോൺഗ്രസ് പോഷക സംഘടനയായ ഇൻകാസ് യുഎഇ കമ്മിറ്റി ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലി പറഞ്ഞു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി യുഎഇയിൽ വന്ന് നടത്തിയ പ്രഖ്യാപനങ്ങൾ ബജറ്റ് വന്നതോടെ വെറും പ്രസ്താവനകളായി മാറി. പ്രവാസികൾ കേന്ദ്ര സർക്കാറിന്റെ മുന്നിൽ വച്ച ഒറ്റ കാര്യം പരിഗണിച്ചില്ല. എന്നാൽ, എല്ലാ പ്രവാസികൾക്കും ആധാർ കാർഡ് നൽകാനുള്ള ബജറ്റ് പ്രസംഗം സ്വാഗതാർഹമാണെന്നും പുന്നക്കൻ മുഹമ്മദലി പറഞ്ഞു.

budget-comment

ബജറ്റ് നിലവിലെ ഇന്ത്യൻ യാഥാർഥ്യങ്ങളുമായി ഒരു തരത്തിലും പൊരുത്തപ്പെടുന്നില്ലെന്ന് എഴുത്തുകാരൻ കെ.ഗോപിനാഥ് പറഞ്ഞു. യാതൊരു പഠനമോ ആസൂത്രണമോ നടത്താത്ത ബജറ്റ് ധനകാര്യ പരമായി പരാജയമാണ്. ഗ്രാമീണ മേഖലയുടെ വികസനത്തിനോ തൊഴിലില്ലായ്മ പരിഹരിക്കാനോ യാതൊരു പരിഗണനയും നൽകിയിട്ടില്ല. കോർപറേറ്റുകളെ സഹായിക്കാനുള്ളതാണ് ബജറ്റെന്നും കരുതുന്നു. ചില പൊടിക്കൈകൾ ഉപയോഗിച്ച് ജനങ്ങളെ പറ്റിക്കുകയാണ് ചെയ്യുന്നത്. തങ്ങൾക്ക് വേണ്ടപ്പെട്ടവരെ സഹായിക്കാനുള്ള ഹിഡൻ അജണ്ടയാണ് ഇൗ ബജറ്റിന് പിന്നിലെന്നു സംശയിക്കുന്നതായും ഗോപിനാഥ് പറഞ്ഞു.

ആധാർ കാർഡിൽ മാത്രം ഒതുങ്ങുന്നതാകരുത് പ്രവാസികളോടുള്ള കടമയെന്ന് അധികാരികൾ മനസിലാക്കണമെന്ന് സാമൂഹിക പ്രവർത്തകൻ വിപിൻ ജോസ് പറഞ്ഞു. പ്രവാസികള്‍ക്കും അവരുടെ കുടുംബത്തിനും ആരോഗ്യ പരിരക്ഷ, ചുരുങ്ങിയത് 10 വർഷം ജോലി ചെയ്തു തിരിച്ചുപോകുന്ന പ്രവാസികളുടെ പുനരധിവാസം, പെൻഷൻ, വിമാന കൂലി വർധന തുടങ്ങിയ ഒട്ടേറെ ആവശ്യങ്ങൾ വർഷങ്ങളായി നിലനിൽക്കുന്നുണ്ട്. ഇക്കാര്യങ്ങളിൽ എന്തെങ്കിലും പരിഹാരമുണ്ടാക്കിയാലേ ഏതൊരു ബജറ്റും നടപടികളും സാധാരണക്കാരായ പ്രവാസികൾക്ക് ഗുണകരമായി ഭവിക്കുകയുള്ളൂ എന്നും വിപിൻ പറഞ്ഞു.

അഞ്ചു ട്രില്ല്യണ്‍ ഡോളര്‍ സാമ്പത്തിക ശക്തിയായി വളരാന്‍ പരിശ്രമിക്കുകയാണ് നമ്മുടെ രാജ്യമെന്ന കേന്ദ്ര ബജറ്റിലെ പ്രഖ്യാപനം ഏറെ സന്തോഷമുളവാക്കുന്നതാണെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍. ഇത് ഇന്ത്യയെ ലോകത്തിന്റെ നെറുകയിലേക്ക് എത്തിക്കുന്ന നീക്കമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രവാസി സമൂഹത്തെയും ആരോഗ്യപരിചരണ മേഖലയെയും സംബന്ധിച്ച് എടുത്ത പറയാന്‍ അധികമൊന്നും ഈ ബജറ്റിലില്ല.

എന്നാല്‍, പ്രവാസികള്‍ക്കും ആധാര്‍ കാര്‍ഡ് എടുക്കാമെന്ന പ്രഖ്യാപനം ശുഭകരമായ തീരുമാനമാണ്. ഒരു തിരിച്ചറിയല്‍ സംവിധാനം ലഭ്യമാകും എന്ന നിലക്കും, ഇന്ത്യയില്‍ ബിസിനസ് ഇടപാടുകള്‍ നടത്തുന്നതിന് നിലവില്‍ പ്രവാസികള്‍ നേരിടുന്ന പല പ്രശ്‌നങ്ങള്‍ക്കും ഇതിനാല്‍ പരിഹാരമാകും. കേന്ദ്ര ബജറ്റില്‍ ആരോഗ്യ പരിചരണ മേഖലയെ സംബന്ധിക്കുന്ന സുപ്രധാന പ്രഖ്യാപനങ്ങളൊന്നുമില്ല. ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആരോഗ്യമേഖലക്ക് അനുവദിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ഫണ്ടും അനുവദിക്കപ്പെട്ടിട്ടില്ല.

ബജറ്റില്‍ വിദ്യാഭ്യാസ മേഖലയ്ക്ക് നല്‍കിയ പ്രാധാന്യം ശ്രദ്ധേയവും പ്രശംസനീയവുമാണ്. മെഡിക്കല്‍ കോളേജുകള്‍ ആരംഭിക്കുവാനും, നിലവാരമുയര്‍ത്താനും ആവശ്യമായ ഫണ്ട് അനുവദിക്കപ്പെടുമെന്നും പ്രതീക്ഷിക്കുന്നു. ബജറ്റില്‍ മുന്നോട്ടുവെച്ച 'സ്റ്റഡി ഇന്‍ ഇന്ത്യ' പരിപാടിയിലൂടെ സ്വയം ഭരണാവകാശമുളള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൂടുതല്‍ കൊണ്ടുവരാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു.

നിർമാണ മേഖലയിൽ ശ്രദ്ധയൂന്നിയത് എല്ലാ രംഗങ്ങളിലും വികസനം സാധ്യമാക്കുമെന്ന് ഐസിഎഐ ദുബായ് ചാപ്റ്റർ ചെയർമാൻ
മഹ്മൂദ് ബങ്കര പറഞ്ഞു. നഗര–ഗ്രാമീണ വികസനത്തിന് ഒരുപോലെ പ്രധാന്യം നൽകിയത് ശ്രദ്ധേയമാണ്. പ്രവാസികൾക്ക് ആധാർ അനുവദിച്ചതും വലിയ ആശ്വാസമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

budget-comment2

ബജറ്റ് മോദി സർക്കാരിന്റെ ദീർഘകാല കാഴ്ചപ്പാടുകൾ പ്രതിഫലിക്കുന്നത്: ഡോ. ബി.ആർ. ഷെട്ടി
ഭരണത്തിൽ തുടർച്ച ലഭിച്ച നരേന്ദ്ര മോദി സർക്കാരിന്റെ ദീർഘകാല കാഴ്ചപ്പാടുകൾ പ്രതിഫലിക്കുന്നതാണ് പുതിയ കേന്ദ്ര ബജറ്റെന്നും നാലു മാസം മുൻപ് അവതരിപ്പിച്ച ഇടക്കാല ബജറ്റിലെ മുൻഗണനകൾ നിലനിർത്തിക്കൊണ്ട് സുസ്ഥിര സാമ്പത്തിക വളർച്ചയാണ് ധനമന്ത്രി ലക്ഷ്യമാക്കുന്നതെന്നും പ്രവാസി ഇന്ത്യൻ ബിസിനസുകാരൻ ഡോ. ബി.ആർ. ഷെട്ടി അഭിപ്രായപ്പെട്ടു. അഞ്ച് വർഷങ്ങൾക്കകം അഞ്ച് ട്രില്യൺ സമ്പദ് ശക്തിയെന്ന വലിയ സ്വപ്നം സാധിക്കണമെങ്കിൽ സമഗ്രവും സമയബന്ധിതവുമായ ധീര നീക്കങ്ങൾ ഉണ്ടായേ പറ്റൂ. ബജറ്റിൽ അടിസ്ഥാനസൗകര്യ വികസനത്തിനും സ്വകാര്യ നിക്ഷേപത്തിനും വലിയ ഊന്നൽ തന്നെയുണ്ട്. ഇന്ത്യയുടെ ആത്മാവ് കുടികൊള്ളുന്ന ഗ്രാമങ്ങൾക്കും അവിടുത്തെ സാധാരണ ജനങ്ങൾക്കും മുഖ്യധാരയിൽ സ്ഥാനമുറപ്പിക്കാൻ കഴിഞ്ഞാൽ നമ്മുടെ സമ്പദ് ഘടനയ്ക്ക് സുസ്ഥിരത ലഭിക്കും. ഗ്രാമീണരെയും ദരിദ്രരെയും കർഷകരെയും ഈ ബജറ്റ് പലയിടത്തുംഅഭിസംബോധന ചെയ്യുന്നുണ്ടെന്നും ഷെട്ടി പറഞ്ഞു.

ഗ്രാമീണ ഇന്ത്യയുടെ പുരോഗതിക്ക് ഗുണമാകും: ഷംലാല്‍ അഹമ്മദ്
കേന്ദ്ര ബജറ്റ് 2019 ലെ പ്രഖ്യാപനങ്ങള്‍ ഗ്രാമീണ ഇന്ത്യയുടെ പുരോഗതിക്ക് അനുഗുണമാകുമെന്നു മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ്, ഇന്റര്‍നാഷനല്‍ ഓപറേഷന്‍സ് മാനേജിങ്ങ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ് അഭിപ്രായപ്പെട്ടു. എന്നാല്‍, സ്വര്‍ണത്തിന് അധിക ഇറക്കുമതി ചുങ്കം ഏര്‍പ്പെടുത്തിയത് ആഭ്യന്തര സ്വര്‍ണാഭരണ വിപണിക്ക് ദോഷകരമാകാനും അതുവഴി സാമ്പത്തിക മേഖലയെ പ്രതികൂലമായി ബാധിക്കുന്ന നിയമവിരുദ്ധമായ സ്വര്‍ണ വ്യാപാരം ശക്തിപ്പടാനും വഴിവയ്ക്കും. ഇത് മറ്റ് പ്രമുഖ ജ്വല്ലറി വിപണികളായ ജിസിസി, സിംഗപ്പൂര്‍, മലേഷ്യ, ശ്രീലങ്ക എന്നിവിടങ്ങളില്‍ താരതമ്യേന ഉപയോക്താക്കള്‍ക്ക് സ്വര്‍ണ വിലയില്‍ നേട്ടം സ്വന്തമാക്കാനും സാധ്യമാകും. ജിസിസിയിലും സിംഗപ്പൂരിലും സ്വര്‍ണം വാങ്ങുന്ന വിനോദ സഞ്ചാരികള്‍ക്ക് മൂല്യ വര്‍ദ്ധിത നികുതി തിരികെ നല്‍കുന്ന സൗകര്യം നിലവിലുളളതും ഈ വിപണികളില്‍ ജ്വല്ലറി ടൂറിസം കുടുതല്‍ വളര്‍ച്ച കൈവരിക്കാന്‍ ഇടയാക്കുന്നതുമാണെന്നും ഷംലാൽ പറഞ്ഞു.

സാമ്പത്തിക വളർച്ചയ്ക്ക് പുതിയ കുതിപ്പ് നൽകും: പ്രമോദ് മങ്ങാട്ട്
വിദേശ തദ്ദേശ നിക്ഷേപങ്ങളോടുള്ള ഉദാരസമീപനവും പൊതുമേഖലാ സ്ഥാപനങ്ങളിലേക്കുള്ള സ്വകാര്യനിക്ഷേപ ക്ഷണവും വഴി രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് പുതിയ കുതിപ്പ് നൽകാനാണ് ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റിൽ ഊന്നൽ നൽകുന്നതെന്ന് ഫിനാബ്ലർ, യൂനിമണി - യുഎഇ എക്സ്ചേഞ്ച് ഗ്രൂപ്പ് സിഇഒ പ്രമോദ് മങ്ങാട്ട് പറഞ്ഞു. സ്വകാര്യ -പൊതുമേഖലാ സഹകരണം ശക്തിപ്പെടുത്തുന്നതോടൊപ്പം ഡിജിറ്റൽ ഇന്ത്യ സംരംഭങ്ങൾക്ക് നൽകിയ പ്രാധാന്യവും ക്യാഷ്‌ലെസ്സ് ഡിജിറ്റൽ പേയ്മെൻറ്സ് സുഗമമാക്കുന്നതും സ്വാഗതാർഹമാണ്. ഒരു കോടി രൂപയ്ക്കു മേൽ പണം പിൻവലിക്കുമ്പോൾ രണ്ടു ശതമാനം ലെവി ഏർപ്പെടുത്താനുള്ള തീരുമാനം കറൻസി നോട്ടിടപാടുകൾ കുറക്കാനും അതുവഴി ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിഹിപ്പിക്കാനും ഇടയാക്കും. ഉപയോക്താക്കൾക്കും കച്ചവടക്കാർക്കും ബാധ്യതകൾ വരാത്ത വിധം പെയ്മെന്റ് ഇൻഫ്രാ സ്ട്രക്ച്ചർനവീകരിക്കാനും ഇത് സഹായിക്കും. ഭാരത് നെറ്റ് പോലുള്ള പദ്ധതികളിലൂടെ ഇന്ത്യയിലെ ഗ്രാമങ്ങൾ അടക്കം എല്ലായിടത്തും ഇന്റർനെറ്റ് സാർവത്രികമാക്കാനുള്ള നീക്കവും നല്ല ഫലങ്ങളുണ്ടാക്കും. രാജ്യത്തെ സ്റ്റാർട്ടപ്പ് സംരംഭക മേഖലയ്ക്ക് ആക്കം കൂട്ടുന്ന വിധത്തിൽ എയ്ഞ്ചൽ ടാക്സ് ഉപാധികൾ മാറ്റം വരുത്തുമെന്ന പ്രഖ്യാപനവുംപ്രതീക്ഷക്കു വകനൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ വിഭാഗങ്ങളെയും പങ്കെടുപ്പിക്കുന്ന ബജറ്റ്: പ്രശാന്ത് മങ്ങാട്ട്
അഞ്ച് വർഷങ്ങൾക്കുള്ളിൽ അഞ്ച് ട്രില്യൺ ഡോളർ എന്ന സ്വപ്നസംഖ്യ ലക്‌ഷ്യം വെക്കുമ്പോൾ വൻ സമ്പന്നരിൽ നിന്ന് സൂപ്പർ റിച്ച് ടാക്സ്, സാധാരണക്കാരിൽ നിന്ന് ഇന്ധന സെസ് വരെ ഏർപ്പെടുത്തിക്കൊണ്ട് എല്ലാ വിഭാഗങ്ങളെയും പങ്കെടുപ്പിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചതെന്ന് എൻഎംസി ഹെൽത്ത് എക്സിക്യൂട്ടീവ് ഡയറക്ടർ പ്രശാന്ത് മങ്ങാട്ട് അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ ബഹിരാകാശ ശാസ്ത്ര നേട്ടങ്ങളെ ലോകകമ്പോളത്തിൽ ഉപയോഗപ്പെടുത്താനുംസാങ്കേതിക മാനേജ്‌മന്റ് വൈദഗ്ധ്യമുള്ള യുവസംരംഭകരെ സ്റ്റാർട്ടപ്പ് സംവിധാനങ്ങൾ വഴി പ്രോത്സാഹിപ്പിക്കാനും നിർദ്ദേശിക്കുന്ന ബജറ്റ്, കാർഷിക മേഖലയെ പുനരുജ്ജീവിപ്പിക്കാൻ വേണ്ടത്ര ഊന്നൽ നൽകിയില്ലെങ്കിലും ഗ്രാമീണരടക്കം മുഴുവൻ പേർക്കും വീട്, ജലം, വൈദുതി എന്നിവ വാഗ്‌ദാനം ചെയ്യുന്നു. ത്രിതല പഞ്ചായത്ത് കാര്യാലയങ്ങളത്രയും ഇന്റർനെറ്റ് കണക്‌ഷൻ എത്തിക്കുകയെന്നതും നല്ല സാധ്യതയാണ്. ആയുഷ്‌മാൻ ഭാരത് ഉൾപ്പെടെ ആരോഗ്യരംഗത്തെ ഊന്നലും സ്ത്രീകൾക്ക് നൽകിയ പ്രത്യേക പരിഗണനകളും ആശാവഹം. വിലക്കയറ്റം തടയാനും സാധാരണക്കാരുടെ ജീവിതച്ചിലവുകൾ അനായാസമാക്കാനുംസാധിക്കുന്നോ എന്നതും സുപ്രധാനമാണ്. പൊതുവെ ഓഹരിവിപണിയിലും മറ്റും ഗുണപരമായ ഉണർവുണ്ടാക്കുന്ന ബജറ്റാണിതെന്നും പ്രശാന്ത് മങ്ങാട്ട് അഭിപ്രായപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com