ADVERTISEMENT

ദോഹ ∙ ഇന്ത്യയുടെ കലാ പൈതൃകം അടുത്തറിയാൻ ഖത്തറിന്റെ കലാകാരൻ അധികം താമസിയാതെ മുംബൈയിലെ ആർട്ടിസ്‌റ്റ്‌ ഇൻ റസിഡൻസിയിലെത്തും. മുംബൈയിലെ പ്രശസ്ത ആർട്ടിസ്റ്റ് റസിഡൻസിയായ വാട്ട് എബൗട്ട് ആർട്ടിലാണ് (ഡബ്ല്യുഎഎ) ഖത്തറിന്റെ കലാകാരൻ എത്തുന്നത്. ഖത്തർ-ഇന്ത്യ സാംസ്‌കാരിക വർഷാഘോഷത്തിന്റെ ഭാഗമായാണിത്. സ്വദേശി കലാകാരന്മാരിൽ നിന്ന് ഇതിനായി ഖത്തർ മ്യൂസിയം അപേക്ഷ ക്ഷണിച്ചു. മുംബൈയിലെ ഡബ്ല്യുഎഎയിൽ ഒരു മാസം താമസിച്ച് ഇന്ത്യൻ കലയെയും കലാകാരന്മാരെയും അടുത്തറിയാനും ഖത്തറി കലാകാരന് അവസരം ലഭിക്കും.

അത്യാധുനിക സൗകര്യങ്ങൾ നിറഞ്ഞ വ്യക്തിഗത സ്റ്റുഡിയോ, ദൃശ്യകല പരിശീലിക്കാനുള്ള അന്തരീക്ഷം, കലാകാരന്മാരുമായുള്ള സംവാദം, ഓപ്പൺ സ്റ്റുഡിയോ, മ്യൂസിയങ്ങൾ, ഗാലറികൾ, സാംസ്‌കാരിക കേന്ദ്രങ്ങൾ എന്നിവിടങ്ങളിലേക്കുള്ള സന്ദർശനം തുടങ്ങി ഒട്ടേറെ കാര്യങ്ങളാണ് ഖത്തറി കലാകാരനായി ഇന്ത്യ ഒരുക്കിയിരിക്കുന്നത്. ഏപ്രിലിൽ മുതിർന്ന സ്വദേശി കലാകാരനായ ഫരാജ് ദഹാം ആണ് ഡബ്ല്യുഎഎ റസിഡൻസിയിൽ പങ്കെടുത്ത അവസാനത്തെ ഖത്തറി കലാകാരൻ.

ഇന്ത്യ ഉൾപ്പെടെ ഒട്ടേറെ രാജ്യങ്ങളിൽ ദഹാം കലാ പ്രദർശനം നടത്തിയിട്ടുണ്ട്. 2013 ലാണ് മുംബൈയിലെ ബാന്ദ്രയിൽ കലാകാരന്മാരുടെ കഴിവുകൾ പരിപോഷിപ്പിക്കാൻ ലക്ഷ്യമിട്ട് ഡബ്ല്യുഎഎ റസിഡൻസിക്ക് തുടക്കമായത്. ഖത്തർ-ഇന്ത്യ സാംസ്‌കാരിക വർഷാഘോഷത്തിന്റെ ഭാഗമായി ഇന്ത്യയുടെ സൗന്ദര്യം ഖത്തർ മ്യൂസിയത്തിലേക്ക് എത്തിക്കാനായി സ്വദേശി ഫൊട്ടോഗ്രഫർമാരെയും ഇന്ത്യയിലേക്ക് അയയ്ക്കാനുള്ള തയാറെടുപ്പിലാണ് ഖത്തർ മ്യൂസിയം. ലഡാക്കിലെ ഹിമാലയൻ സാനുക്കളിൽ 2 ആഴ്ച പര്യടനം നടത്തി പ്രകൃതി സൗന്ദര്യം ഒപ്പിയെടുക്കുക എന്ന ചുമതലയാണ് സ്വദേശി ഫൊട്ടോഗ്രഫർമാരുടേത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com