ADVERTISEMENT

ദുബായ് ∙ രാജ്യസുരക്ഷ ലക്ഷ്യമിട്ട് യുഎഇ തയ്യാറാക്കിയ അതിനൂതന ഉപഗ്രഹമായ ‘ഫാൽക്കൺ ഐ’ നാളെ ഫ്രഞ്ച് ഗയാനയിൽ നിന്നു വിക്ഷേപിക്കും. യുഎഇ സമയം പുലർച്ചെ 5.53നുള്ള വിക്ഷേപണം എരിയാൻ സ്പേസ് വെബ്സൈറ്റിലും യു ട്യൂബിലും തത്സമയം കാണാം. മുഖ്യമായും സൈനിക ആവശ്യത്തിനു നിർമിച്ച ഉപഗ്രഹത്തിന്റെ സേവന കാലാവധി 10 വർഷമാണ്. യുഎഇ വിക്ഷേപിക്കുന്ന പത്താമത്തെ ഉപഗ്രഹമാണിത്. അടുത്തവർഷം വിക്ഷേപിക്കാൻ 2 ഉപഗ്രഹങ്ങൾ കൂടി ഒരുങ്ങുകയാണ്.

എയർബസ് ഡിഫൻസ് ആൻഡ് സ്പേസും തെയിൽസ് അലീനിയ എയ്റോ സ്പേസ് കമ്പനിയും ചേർന്നാണ് ഉപഗ്രഹം നിർമിച്ചത്. പരീക്ഷണങ്ങൾ പൂർത്തിയാക്കി കഴിഞ്ഞമാസം ഒന്നിനു ഫ്രഞ്ച് ഗയാനയിലേക്കു കൊണ്ടുപോയി. 'പ്രാപ്പിടിയന്റെ കണ്ണ്' എന്നർഥമുള്ള ഉപഗ്രഹത്തിന് ഏതു മേഖലയിലെയും സൂക്ഷ്മ ചിത്രങ്ങൾ പകർത്താനാകും. വിവിധ കോണുകളിലുള്ള ചിത്രങ്ങൾ പകർത്താൻ കഴിയുന്ന ക്യാമറകളും ദൃശ്യങ്ങൾ അയയ്ക്കാനും സ്വീകരിക്കാനും സംവിധാനവുമുണ്ട്.

മാപ്പുകൾ തയ്യാറാക്കൽ, കാർഷിക മേഖലയുടെ നിരീക്ഷണം, നഗരാസൂത്രണം എന്നിവയ്ക്കും ഉപയോഗപ്പെടുത്താം. പ്രകൃതി ക്ഷോഭങ്ങൾ മുൻകൂട്ടിയറിഞ്ഞു വിവരങ്ങൾ കൈമാറും. തീരസുരക്ഷയും ലക്ഷ്യമാണ്. ദുബായ് സാറ്റ്, ഖലീഫ സാറ്റ്, നായിഫ് ശ്രേണിയിൽ പെട്ട ഉപഗ്രഹങ്ങൾ വിജയകരമായി വിക്ഷേപിച്ച യുഎഇ, ചൊവ്വദൌത്യത്തിനും രാജ്യാന്തര ബഹിരാകാശ നിലയത്തിൽ സ്വദേശിയെ എത്തിക്കാനും ഒരുങ്ങുകയാണ്. സെപ്റ്റംബർ 25നാണ് യുഎഇയുടെ ബഹിരാകാശ യാത്രികൻ പുറപ്പെടുക.


മാനം നോക്കി 3 പദ്ധതികൾ

അറബ് രാജ്യങ്ങൾക്കായി യുഎഇ ഉപഗ്രഹം

അറബ് മേഖലയ്ക്കാകെ ഗുണകരമാകുന്ന ഉപഗ്രഹം വികസിപ്പിക്കാനുള്ള പദ്ധതിക്ക് യുഎഇ തുടക്കമിട്ടു കഴിഞ്ഞു. മാർച്ചിൽ പ്രഖ്യാപിച്ച പദ്ധതി 3 വർഷം കൊണ്ടു പൂർത്തിയാക്കാൻ ലക്ഷ്യമിടുന്നു. ദൗത്യത്തിൽ 11 അറബ് രാജ്യങ്ങളിലെ എൻജിനീയർമാർ പങ്കാളികളാകും. ഇതിനായി അറബ് സ്പേസ് കോഓർഡിനേഷൻ ഗ്രൂപ്പിനു രൂപം നൽകി. 5 വർഷമായിരിക്കും പ്രവർത്തന കാലാവധി.

ഉയരങ്ങൾ കീഴടക്കി ഖലീഫസാറ്റ്

പൂർണമായും സ്വദേശി എൻജിനീയർമാർ രൂപകൽപന ചെയ്ത ഖലീഫസാറ്റ് ഉപഗ്രഹം കഴിഞ്ഞവർഷം ഒക്ടോബറിൽ ജപ്പാനിലെ തനെഗഷിമ ബഹിരാകാശ കേന്ദ്രത്തിൽ നിന്നു വിക്ഷേപിച്ചിരുന്നു. കാലാവസ്ഥാ മാറ്റങ്ങളും പ്രകൃതി ദുരന്തങ്ങളും മുൻകൂട്ടി കാണാനും കടലാഴങ്ങൾ നിരീക്ഷിക്കാനും കഴിയുന്ന ഉപഗ്രഹമാണിത്. ത്രിമാന ചിത്രങ്ങൾ ഉൾപ്പെടെ പകർത്താനാകുന്ന ഏറ്റവും നൂതന ക്യാമറകളുണ്ട്.

ഒരുങ്ങുന്നു, മികവുറ്റ ശാസ്ത്രജ്ഞർ

ബഹിരാകാശ രംഗത്ത് മികവുറ്റ ശാസ്ത്രനിരയെ വാർത്തെടുക്കാനും യുഎഇ ലക്ഷ്യമിടുന്നു. അൽഐനിലെ യുഎഇ സർവകലാശാലയോടനുബന്ധിച്ചുള്ള ഗവേഷണകേന്ദ്രത്തിൽ ബഹിരാകാശ ശാസ്ത്രത്തിൽ ബിരുദ കോഴ്‌സുകൾ ആരംഭിച്ചു. ആസ്‌ട്രോ ഫിസിക്‌സ്, ഉപഗ്രഹ രൂപകൽപന, തുടങ്ങിയവയിൽ വിദ്യാർഥികൾക്കു പരിശീലനം നൽകുന്നുണ്ട്. ഉപഗ്രഹങ്ങൾ വികസിപ്പിക്കാൻ സ്വദേശികളെ സജ്ജമാക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com