ADVERTISEMENT

അബുദാബി ∙ അവധിക്കാലത്തെ തിരക്കും ജെറ്റ് എയർവേയ്സിന്റെ പിന്മാറ്റവും മൂലമുണ്ടായ യാത്രാ പ്രശ്നത്തിനിടെ ആശ്വാസമായി കൂടുതൽ വിമാനങ്ങൾ ഇന്ത്യയിലേക്ക് സർവീസ് നടത്തുന്നു. ഗോ എയർ, എയർ വിസ്താര എന്നീ വിമാനങ്ങളാണ് പുതുതായി അബുദാബി, ദുബായ് എന്നിവിടങ്ങളിൽ നിന്ന് കൊച്ചി അടക്കം സ്ഥലങ്ങളിലേക്ക് സർവീസ് ആരംഭിക്കുന്നത്. ദുബായ്, അബുദാബി, ഷാർജ എന്നിവിടങ്ങളിൽ നിന്നുള്ള കണക്‌ഷൻ വിമാനങ്ങൾ പ്രയോജനപ്പെടുത്തിയാൽ മലയാളികൾക്കും കുറഞ്ഞ ചെലവിൽ നാട്ടിലെത്താം.

എയർവിസ്താരയും ദുബായിലേക്ക്

air-vistara

എയർ വിസ്താരയുടെ രാജ്യാന്തര സർവീസ് ദുബായിലേക്ക്. ഗോവ, ബെംഗളൂരു, ചെന്നൈ സെക്ടറുകളിൽനിന്നാണ് ദുബായിലേക്ക് സർവീസ് ആരംഭിക്കുന്നത്. ഇതുസംബന്ധിച്ച ലൈസൻസ്, സ്ലോട്ട് നടപടികൾ ദുബായിൽ പൂർത്തിയായി. ഓഗസ്റ്റിൽ തന്നെ സർവീസ് ആരംഭിക്കാനുള്ള അന്തിമ നടപടികൾ പുരോഗമിക്കുകയാണ്.

കൂടുതൽ സർവീസുമായി എയർഇന്ത്യയും

air-india-logo

എയർ ഇന്ത്യ ഈ മാസം 15 മുതൽ ദുബായിൽനിന്ന് കൊൽക്കത്തയിലേക്കും ഇൻഡോറിലേക്കും പ്രതിദിന സർവീസ് ആരംഭിക്കുന്നു. ദുബായിൽനിന്ന് ഡൽഹിയിലേക്കും മുംബൈയിലേക്കും പ്രതിദിന സർവീസ് ഇരട്ടിയാക്കി. ഡൽഹിയിലേക്ക് ദിവസേന 2 ഡ്രീംലൈനർ വിമാനമാണ് സർവീസ് നടത്തുന്നത്. മുംബൈയിലേക്ക് ഒരു ഡ്രീംലൈനറും ഒരു സാധാരണ വിമാനവും. കൊച്ചിയിലേക്കുള്ള ഡ്രീംലൈനർ കഴിഞ്ഞ ദിവസം പുനഃസ്ഥാപിച്ചിരുന്നു. സ്പൈസ് ജെറ്റ് മുംബൈയിലേക്ക് പ്രതിദിനം രണ്ടു സർവീസാക്കി വർധിപ്പിച്ചിട്ടുണ്ട്. ജെറ്റ് എയർവെയ്സിന്റെ സീറ്റുകൾ ഉപയോഗപ്പെടുത്താനാണ് അധിക സർവീസുകൾ ആരംഭിച്ചത്.

ദുബായ് – കണ്ണൂർ ഗോ എയർ 25 മുതൽ

go-air

ദുബായിൽനിന്നു കണ്ണൂരിലേക്കുള്ള പ്രതിദിന ഗോ എയർ വിമാനം 25 മുതൽ. കണ്ണൂരിൽനിന്ന് രാവിലെ 8ന് പുറപ്പെട്ട് ദുബായിൽ 11ന് എത്തുന്ന വിമാനം 12ന് തിരിച്ച് കണ്ണൂരിലേക്ക് യാത്ര തിരിക്കും. വൈകിട്ട് 5.15ന് കണ്ണൂരിലെത്തും. കൊച്ചി, തിരുവനന്തപുരം, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിലേക്കു ദുബായിൽനിന്ന് സർവീസ് ആരംഭിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഈ മാസം അവസാനമോ ഓഗസ്റ്റ് ആദ്യവാരമോ സർവീസ് ആരംഭിക്കാനാണ് പദ്ധതി.

അബുദാബി- മുംബൈ ജൂലൈ 19 മുതൽ

ഗോ എയർ ഈ മാസം 19ന് അബുദാബിയിൽനിന്ന് മുംബൈയിലേക്ക് സർവീസ് ആരംഭിക്കും. വൈകിട്ട് 5.45ന് അബുദാബിയിൽനിന്ന് പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം 10.20ന് മുംബൈയിൽ ഇറങ്ങും. ഉച്ചതിരിഞ്ഞ് 3.05ന് മുംബൈയിൽനിന്ന് പുറപ്പെടുന്ന വിമാനം 4.45ന് അബുദാബിയിലെത്തും. അബുദാബിയിൽനിന്ന് ഡൽഹിയിലേക്കുള്ള സ്ലോട്ടും പൂർത്തിയായിട്ടുണ്ട്. ഈ സെക്ടറിൽ ഉടൻ സർവീസ് ആരംഭിക്കും. നിലവിൽ ഗോ എയറിന് മസ്കറ്റ്-അബുദാബി-കണ്ണൂർ സെക്ടറിൽ പ്രതിദിന സർവീസുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com