ADVERTISEMENT

ദുബായ് ∙ ഇന്ത്യ – യുഎഇ സഹകരണം കൂടുതൽ മേഖലകളിലേക്കു വ്യാപിപ്പിക്കാനുള്ള ചർച്ചകൾക്കു തുടക്കമിട്ട് യുഎഇ വിദേശകാര്യ-രാജ്യാന്തര സഹകരണമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാന്റെ ഇന്ത്യാ സന്ദർശനം. ഊർജം, വാണിജ്യം തുടങ്ങിയ മേഖലകളിൽ പ്രധാന കരാറുകൾക്കു രൂപമാകുമെന്നാണു സൂചന. ത്രിദിന സന്ദർശനത്തിന് ഷെയ്ഖ് അബ്ദുല്ല ഞായർ വൈകിട്ടാണ് ന്യൂഡൽഹിയിൽ എത്തിയത്. ഉന്നതതല ഉദ്യോഗസ്ഥ സംഘവും അദ്ദേഹത്തോടൊപ്പമുണ്ട്.

ഇറാനിൽ നിന്ന് ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതിക്ക് അമേരിക്കൻ ഉപരോധ ഭീഷണിയുള്ളതിനാൽ യുഎഇയുമായുള്ള ചർച്ചകൾക്ക് ഏറെ പ്രധാന്യമുണ്ട്. ഗൾഫ് മേഖലയിലെ സംഘർഷസാധ്യതകളുടെ പശ്ചാത്തലത്തിൽ റഷ്യൻ േനതാക്കളുമായുള്ള ചർച്ചകൾക്കു ശേഷമാണ് ഷെയ്ഖ് അബ്ദുല്ല ഇന്ത്യയിലെത്തിയത്. ഫുജൈറ തീരത്ത് 4 എണ്ണക്കപ്പലുകൾക്ക് നേർക്കുണ്ടായ ആക്രമണത്തെ തുടർന്നാണ് മേഖലയിൽ അസ്വസ്ഥത പടരുന്നത്. ഭീകരതയ്ക്കെതിരായ പോരാട്ടത്തിലടക്കം യോജിച്ചു മുന്നേറാൻ ഇന്ത്യയും യുഎഇയും തീരുമാനമെടുത്തിരുന്നു.

ഷെയ്ഖ് അബ്ദുല്ല, ഇന്ത്യയുടെ സുഹൃത്ത്

മോദി സർക്കാർ രണ്ടാമത് അധികാരമേറ്റശേഷം ഇന്ത്യയിലെത്തിയ ആദ്യ യുഎഇ മന്ത്രിയാണ് ഷെയ്ഖ് അബ്ദുല്ല. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 4 പ്രാവശ്യം ഇന്ത്യയിലെത്തിയ അദ്ദേഹം സബർമതി ആശ്രമം, ന്യൂഡൽഹിയിലെ അക്ഷർധാം ക്ഷേത്രം എന്നിവിടങ്ങളിലടക്കം സന്ദർശനം നടത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി, വിദേശകാര്യമന്ത്രി ഡോ.എസ്. ജയ്ശങ്കർ, മുൻ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് തുടങ്ങിയവരുമായി വളരെ അടുത്തബന്ധമാണ് ഷെയ്ഖ് അബ്ദുല്ലയ്ക്കുള്ളത്. ഇരുരാജ്യങ്ങളും തമ്മിലുള്ള പല നിർണായക കരാറുകളിലും പങ്കുവഹിച്ചിട്ടുണ്ട്. ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോഓപ്പറേഷൻ (ഒഐസി) സമ്മേളനത്തിൽ ഇന്ത്യയെ വിശിഷ്ടാതിഥിയാക്കിയതിലും പങ്കുവഹിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com