ADVERTISEMENT

ദുബായ് ∙ ഒറ്റയ്ക്കു യാത്ര ചെയ്യുന്ന കുട്ടികൾക്കായി ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ പ്രത്യേക ലോഞ്ച് തുറന്നു. കംപ്യൂട്ടർ ഗെയിമുകളും കാർട്ടൂൺ കൂട്ടുകാരും മറ്റു വിനോദങ്ങളുമാണ് കൊച്ചുകൂട്ടുകാരെ ഇവിടെ കാത്തിരിക്കുന്നത്. ഉറങ്ങാനും സൗകര്യമുണ്ട്. 

 

ടെർമിനിൽ ഒന്നിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ലോഞ്ചിൽ പ്രത്യേക പരിശീലനം ലഭിച്ച ജീവനക്കാരാണുള്ളത്. ടെർമിനൽ മൂന്നിൽ നേരത്തേ ഈ സംവിധാനം ഒരുക്കിയിട്ടുണ്ട്.വേനലവധിക്ക് വിമാന ടിക്കറ്റ് നിരക്ക് കൂടുതലായിരിക്കുമെന്നതിനാൽ കുടുംബത്തിലെ എല്ലാവർക്കും നാട്ടിൽ പോകാനാവില്ല. പലരും കുട്ടികളെ ഒറ്റയ്ക്കു നാട്ടിലേക്ക് അയയ്ക്കുകയാണ്. കുട്ടികൾക്ക് ഉല്ലാസയാത്ര ഉറപ്പാക്കാമെന്നാണു പുതിയ സംവിധാന ത്തിന്റെ മെച്ചം. 

 

എയർപോർട്ട് സേവനദാതാക്കളായ ദുബായ് നാഷനൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷനാണ് (ഡെനാട്ട) ലോഞ്ചിന്റെ ചുമതല. ഒറ്റയ്ക്കു യാത്ര ചെയ്യേണ്ടി വരുന്നവർക്കും ശാരീരിക ബുദ്ധിമുട്ടുള്ളവർക്കും എല്ലാ സൗകര്യങ്ങളും ഉറപ്പാക്കുമെന്നു ഡെനാട്ട ഡിവിഷനൽ സീനിയർ വൈസ് പ്രസിഡന്റ് സ്റ്റീവ് അല്ലൻ പറഞ്ഞു. കുട്ടികൾക്കുള്ള  സേവനകാര്യത്തിൽ 120ൽ ഏറെ വിമാനക്കമ്പനികളുമായി ഡെനാട്ട ധാരണയിലെത്തിയിട്ടുണ്ട്. 

 

ഒറ്റയ്ക്കു യാത്രചെയ്യുന്ന കുട്ടികളുടെ സുരക്ഷിതയാത്ര ഉറപ്പുവരുത്താൻ വിമാനത്താവളത്തിൽ പ്രത്യേക സേവനം നേരത്തേ ലഭ്യമായിരുന്നു. ഒറ്റയ്ക്കു യാത്ര ചെയ്യേണ്ടിവരുന്ന കുട്ടികളുടെ എണ്ണം ഓരോ വർഷവും കൂടിവരുന്ന സാഹചര്യത്തിലാണു ലോഞ്ച് തുറന്നത്.  

 

കൂടെയുണ്ടാകും, യാത്രയിലുടനീളം

കുട്ടികൾ ഒറ്റയ്ക്കാണ് യാത്ര ചെയ്യുന്നതെന്നു ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ തന്നെ ട്രാവൽ ഏജൻസിയിൽ അറിയിക്കണം. ഇതിനായി അൺ അക്കമ്പനീഡ് മൈനർ (യുഎം) ഫോം രക്ഷിതാക്കൾ പൂരിപ്പിച്ചു നൽകണം. നാട്ടിൽ ആരാണ് കുട്ടിയെ ഏറ്റുവാങ്ങുന്നത് എന്നതുൾപ്പെടെയുള്ള വിവരങ്ങൾ രേഖപ്പെടുത്തണം. ചെക്ക് ഇൻ കൗണ്ടറിൽ അതത് വിമാനക്കമ്പനികളുടെ പ്രതിനിധികൾ കുട്ടിയെ ഏറ്റുവാങ്ങി എയർഹോസ്റ്റസിനെ ഏൽപ്പിക്കും. വിമാനത്തിൽ എയർഹോസ്റ്റസുമാരുടെ ശ്രദ്ധ കിട്ടുന്ന സീറ്റുകളിലാണ് കുട്ടികളെ ഇരുത്തുക. നാട്ടിലെത്തിയാൽ ചുമതലപ്പെട്ടയാൾക്ക് കുട്ടികളെ കൈമാറുന്നതു വരെയുള്ള ഉത്തരവാദിത്തം ഇവർക്കാണ്. ഏറ്റുവാങ്ങുന്നയാളെ കുട്ടിക്കും പരിചയമുണ്ടാകണമെന്നാണു നിയമം. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com