ADVERTISEMENT

ദോഹ ∙ 2022 ഖത്തർ ലോകകപ്പിന് മുൻപായി പൊതു ഗതാഗത സംവിധാനങ്ങൾ 20 മുതൽ 25 % വരെ പരിസ്ഥിതി സൗഹൃദപരമായിരിക്കുമെന്ന് ഗതാഗത വാർത്താവിനിമയ മന്ത്രി ജാസിം സെയ്ഫ് അഹമ്മദ് അൽ സുലൈത്തി. കാർബൺ പ്രസരണം കുറച്ച് അന്തരീക്ഷവായു ശുദ്ധമാക്കി സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര പ്രദാനം ചെയ്യുകയാണ് ലക്ഷ്യം. ഓട്ടോമാറ്റിക് റാപ്പിഡ് ട്രാൻസിറ്റ് (എആർടി) സംവിധാനത്തിന്റെ പരീക്ഷണ ഓട്ടത്തിന്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

അടുത്ത 15-16 മാസത്തിനുള്ളിൽ എആർടി ഗതാഗതസേവനം തുടങ്ങും. ഏതാനും പരിശോധനകൾ കൂടി പൂർത്തിയാക്കാൻ പൊതു ഗതാഗത കമ്പനിയായ മൗസലാത്തിന് കൈമാറും. മുഴുവൻ പരിശോധനകളും പൂർത്തിയാക്കിയ ശേഷമേ മന്ത്രാലയത്തിലെ സുരക്ഷാ വിഭാഗം ഔദ്യോഗിക പ്രവർത്തനത്തിന് അനുമതി നൽകൂ. എആർടിയുടെ സേവനം 2022 ഖത്തർ ലോകകപ്പ് കാണികൾക്ക് പുതിയ അനുഭവം നൽകും.

പരീക്ഷണ ഓട്ടം ആരംഭിച്ച്  എആർടി
 
ദോഹ ∙ അൽഖോർ എക്‌സ്പ്രസ് വേയിൽ ഓട്ടോമാറ്റിക് റാപിഡ് ട്രാൻസിറ്റ് (എആർടി) സംവിധാനത്തിന്റെ പരീക്ഷണ ഓട്ടം തുടങ്ങി. പ്രധാനമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ അൽതാനിയും ഗതാഗത വാർത്താവിനിമയ മന്ത്രി ജാസിം സെയ്ഫ് അഹമ്മദ് അൽ സുലൈത്തിയും ഗതാഗത വകുപ്പ് മേധാവികളും പരീക്ഷണയാത്രയിൽ പങ്കാളികളായി. ബൈ-ഡയറക്‌ഷനൽ ഡ്രൈവിങ് മോഡാണ് എആർടിയുടേത്. സെൻസറുകൾ ഉപയോഗിച്ചാണ് ഡ്രൈവിങ്.  വൈദ്യുതിയിലാണ് പ്രവർത്തനം. മണിക്കൂറിൽ 70 കിലോമീറ്റർ വേഗം. 25 കിലോമീറ്റർ യാത്രയ്ക്ക് 10 മിനിട്ട് വൈദ്യുതി ചാർജ് ചെയ്താൽ മതി. 3 മണിക്കൂർ ഫുൾ ചാർജിൽ 70 കിലോമീറ്റർ സഞ്ചരിക്കും. 32 മീറ്റർ നീളമുള്ള എആർടിക്ക് ബസുകളുടെ വീതിയാണ്.


നൂതനവും ആധുനികവും തികച്ചും പരിസ്ഥിതി സൗഹൃദവുമായ ഗതാഗത സംവിധാനമാണ് എആർടി. ബസിനോടും തീവണ്ടിയോടും രൂപസാദൃശ്യമുള്ള ഇവയെ റെയിൽപാതയില്ലാതെ റോഡിലൂടെ സഞ്ചരിക്കുന്ന തീവണ്ടിയെന്ന് വിശേഷിപ്പിക്കാം. ഇലക്ട്രിക്കൽ-മെക്കാനിക്കൽ സംവിധാനങ്ങൾ കോർത്തിണക്കി പ്രവർത്തിക്കുന്ന എആർടിയുടെ നിർമാതാക്കൾ ചൈനയാണ്. 307 യാത്രക്കാർക്ക് ഒരേസമയം സുഖമായി യാത്ര ചെയ്യാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com