ADVERTISEMENT

ദുബായ് ∙ ലോകരാജ്യങ്ങൾ സംഗമിക്കുന്ന 2020 എക്സ്പോയ്ക്കുള്ള പല പദ്ധതികളും അന്തിമഘട്ടത്തിൽ. ദുബായ് സൗത്തിലെ എക്സ്പോ വേദിയുടെ 3 പ്രവേശന കവാടങ്ങൾ, മെട്രോ സ്റ്റേഷൻ എന്നിവയോടനുബന്ധിച്ചു 30,000 വാഹനങ്ങൾ പാർക്ക് ചെയ്യാനാകും. പ്രധാന മെട്രോ സ്റ്റേഷനുകളിൽ നിന്നുൾപ്പെടെ എക്സ്പോ വേദിയിലേക്ക് 15 മിനിറ്റ് ഇടവിട്ട് 724 ബസുകൾ സർവീസ് നടത്തും. ടാക്സികൾ, ട്രെയിനുകൾ എന്നിവയുമുണ്ടാകും.

എക്സ്പോ വേദിക്കു സമീപത്തു കൂടിയുള്ള റൂട്ട് 2020 മെട്രോ പാത ഏറെക്കുറെ പൂർത്തിയായി. ഇതുവഴി മണിക്കൂറിൽ 44,000 പേർക്കു യാത്ര ചെയ്യാനാകും. എക്സ്പോ വേദിയിലേക്കും തിരികെയുമുള്ള യാത്രയ്ക്കും പാർക്കിങ്ങിനുമുള്ള സമഗ്ര രൂപരേഖ തയ്യാറാക്കിയതായി പബ്ലിക് ട്രാൻസ്പോർട് ഏജൻസി സിഇഒ: അഹമ്മദ് ഹാഷിം ബഹ്റൂസിയാൻ പറഞ്ഞു. രാജ്യാന്തര വിമാനത്താവളങ്ങളിൽ നിന്നുള്ള റോഡുകൾ നവീകരിക്കുകയും കൂടുതൽ പാതകളും പാലങ്ങളും നിർമിക്കുകയും ചെയ്തു.

300 കോടി ദിർഹമാണ് ഇതിനു ചെലവഴിച്ചത്. അടുത്തവർഷം ഒക്ടോബർ 20 മുതൽ 2021 ഏപ്രിൽ 10 വരെ നീളുന്ന മേളയിൽ ഇന്ത്യയടക്കം 192 രാജ്യങ്ങളാണ് പങ്കെടുക്കുന്നത്. രണ്ടരക്കോടിയിലേറെ സന്ദർശകർ എത്തുമെന്നാണു പ്രതീക്ഷ. മുഖ്യവേദിക്ക് ഒരേസമയം 3 ലക്ഷം പേരെ ഉൾക്കൊള്ളാനാകും.

വരുന്നു, കാന്തിക ലിഫ്റ്റ്

എക്സ്പോയിൽ ഹൈടെക് ലിഫ്റ്റിൽ കയറാനും സന്ദർശകർക്ക് അവസരം ലഭിക്കും. ഉരുക്കുവടം കൊണ്ടു പ്രവർത്തിക്കുന്ന സാധാരണ ലിഫ്റ്റിൽ നിന്നു തീർത്തും വ്യത്യസ്തമാണിത്. കാന്തിക സാങ്കേതിക വിദ്യ ഉപയോഗിച്ചു പ്രവർത്തിക്കുന്ന ലിഫ്റ്റ് ഉയരങ്ങളിലേക്കും ഇരു വശങ്ങളിലേക്കും യാത്ര ചെയ്യും. അതുകൊണ്ടു തന്നെ മെട്രോ സ്റ്റേഷനുകളിലും ഇതിനു സാധ്യതയേറെയാണ്. റോഡുകളുടെ ഇരുഭാഗത്തുനിന്നു മെട്രോ പ്ലാറ്റ് ഫോമിലേക്കും തിരികെയും യാത്രചെയ്യാൻ ഇതു സഹായകമാകും. കുറഞ്ഞ വൈദ്യുതിച്ചെലവ്, വേഗം, സുരക്ഷിതത്വം എന്നിവയാണ് നേട്ടങ്ങൾ. എക്സ്പോയിലെ ജർമൻ പവിലിയനിലാണ് ഈ ലിഫ്റ്റ് ഉണ്ടാകുക. പിന്നീട് മെട്രോ സ്റ്റേഷനുകളിലടക്കം ഇതു പ്രതീക്ഷിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com