ADVERTISEMENT

ദമാം∙ കൊടും ചൂടിലും കെട്ടിടത്തിന്റെ പുറംപോക്കിൽ കഴിഞ്ഞിരുന്ന ആന്ധ്ര സ്വദേശി ഭാസ്കര റെഡ്ഢിയെ സാമൂഹിക പ്രവർത്തകരുടെ സഹായത്താൽ നാട്ടിലെത്തിച്ചു. ഒരു  മാസം മുമ്പാണ് ഒരു കെട്ടിടത്തിന്റെ ബേസിൽ താമസിക്കുന്ന 37 കാരനായ ഇദ്ദേഹത്തെ കണ്ടെത്തിയത്. 

രണ്ടു വർഷം മുൻപു ഹൗസ് ഡ്രൈവറായി ദമാമിൽ എത്തിയതാണ്. സ്പോൺസറിന്റെ വീട്ടിലെ താങ്ങാനാവാത്ത ജോലി കാരണം അവിടെ നിന്നു രക്ഷപ്പെട്ടതാണെന്നാണ് ഇദ്ദേഹം പറയുന്നത്. ദിനേന മൂന്നും നാലും വാഹനങ്ങൾ കഴുകുക, സ്പോൺസറുടെ വീട്ടിലെ ഓട്ടത്തിന് പുറമെ അദ്ദേഹത്തിന്റെ സഹോദരിമാരുടെ വീട്ടിലെ വാഹനത്തിൽ കൂടി പോകേണ്ടി വരിക, തോട്ടം തൊഴിൽ എടുപ്പിക്കുക തുടങ്ങി പീഡനങ്ങളുടെ തുടർക്കഥകളാണ് ഇദ്ദേഹത്തിന് പറയാനുള്ളത്. 

സാമൂഹിക സന്നദ്ധ പ്രവർത്തകനായ ഷാജി വയനാടിന്റെ നേതൃത്വത്തിൽ പ്രവാസി സാംസ്കാരിക വേദി പ്രവർത്തകരാണ് ഇദ്ദേഹത്തിന് തുണയായത്. കണ്ടെത്തിയത് മുതൽ താൽക്കാലികമായി  ഭക്ഷണത്തിന് ഏർപ്പാട് ചെയ്‌തും ഇന്ത്യൻ എംബസിയെ വിവരമറിയിച്ചും നടത്തിയ ശ്രമങ്ങൾ വിജയം കാണുകയായിരുന്നു. നാട്ടിൽ പോയാൽ മതി എന്ന ഇദ്ദേഹത്തിന്റെ ആവശ്യത്തിന് മുമ്പിൽ  മറ്റൊരു ജോലി തരപ്പെടുത്തിക്കൊടുക്കാനോ മറ്റോ വിസമ്മതിക്കുകയായിരുന്നു. 

ആരുടെയോ സഹായത്താൽ മുൻപു തൊഴിൽ കോടതിയിൽ ഇദ്ദേഹം നൽകിയ കേസിൽ വിധി തീർപ്പാക്കാൻ കാലതാമസമെടുക്കുമോ എന്നതു മാത്രമായിരുന്നു തടസ്സം. എന്നാൽ  ഒളിച്ചോടിയതായി  സ്പോൺസർ  അധികൃതർക്ക് പരാതി നൽകിയതിനാൽ ഇന്ത്യൻ എംബസിയിൽ നിന്ന് ഔട്ട് പാസ് നേടാൻ എളുപ്പമായി. തുടർന്ന് തർഹീലിൽ(നാടുകടത്തൽ കേന്ദ്രം) എക്സിറ്റ് വാങ്ങി മുംബൈ വിമാനത്തിൽ ഇദ്ദേഹത്തെ യാത്രയയക്കുകയായിരുന്നു. 

തെലുങ്കും മുറി അറബിയും മാത്രം സംസാരിക്കാനറിയുന്ന അദ്ദേഹത്തോട് ആശയവിനിമയം ഒരു പ്രശ്നമായിരുന്നെന്നു  വിഷയത്തിൽ ഇടപെട്ട ഷാജി വയനാട് മനോരമ ഓൺലൈനിനോട് പറഞ്ഞു. ഇദ്ദേഹത്തിനുള്ള അത്യാവശ്യം വസ്ത്രവും ടിക്കറ്റും യാത്രാ ചെലവിനുള്ള ഇന്ത്യൻ രൂപയും നൽകിയാണ് യാത്രയാക്കിയതെന്ന് പ്രവാസി സാംസ്കാരിക വേദി പ്രവർത്തകർ  പറഞ്ഞു. ജംഷാദ് കണ്ണൂർ, ഷബീർചാത്തമംഗലം, ലിയാഖത്ത് സിനാൻ എന്നിവരാണ് സഹായത്തിനുണ്ടായിരുന്നത്. മലയാളികളോടുള്ള കടപ്പാട് മറക്കില്ലെന്നു നിറഞ്ഞ പുഞ്ചിരിയിൽ അറിയിച്ചാണു ഭാസ്കര റെഡ്ഡി യാത്രയായത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com