ADVERTISEMENT

ദമാം ∙ സൗദിയിലെ വിവിധ കമ്പനികളിൽ തൊഴിൽ നഷ്ടപ്പെട്ട് മാസങ്ങളായി ശമ്പളവും മറ്റു ആനുകൂല്യങ്ങളും ലഭിക്കാതെ ദുരിതത്തിൽ കഴിയുന്ന മലയാളികളുൾപ്പെടെയുള്ള തൊഴിലാളികളുടെ കാത്തിരിപ്പ് അനന്തമായി നീളുന്നു. നിർമാണ കരാർ മേഖലയിൽ പ്രവർത്തിച്ചിരുന്ന കമ്പനികൾ പാപ്പരായതിനെത്തുടർന്നാണ് ഇവരുടെ കഷ്ടകാലം തുടങ്ങിയത്. നാലു വർഷം മുൻപ് ആരംഭിച്ച പ്രതിസന്ധികളിൽ നിന്ന് ഇതുവരെയും കരകയറാനാകാതെ കഴിയുന്നവരുണ്ട്. പ്രവിശ്യയിലെ പ്രമുഖ കമ്പനികളായ അബ്ദുൽ ഹമദ് ദോസരി, നാസർ ബിൻ ഹസ്സ, അസ്മീൽ തുടങ്ങിയ കമ്പനികളിലെ തൊഴിലാളികളാണ് ഭക്ഷണവും മരുന്നും ഇല്ലാതെ നിത്യവൃത്തിക്ക് വേണ്ടി പോലും സാമൂഹ്യ സന്നദ്ധ സംഘടനകളുടെ കനിവ് കാത്ത് കഴിയുന്നത്. 

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ചിലരെങ്കിലും ആനുകൂല്യങ്ങൾ കാത്ത് നിൽക്കാതെ മറ്റു മാർഗങ്ങളിലൂടെ നാട്ടിലേയ്ക്ക് പോകുകയോ സ്‌പോൺസർഷിപ് മാറി വേറെ കമ്പനികളിലേക്ക് ചേക്കേറുകയോ ചെയ്തിരുന്നു. 1988 മുതൽ നാസർ ഹസ കമ്പനിയിൽ ഉള്ള കണ്ണൂർ സ്വദേശി രമേഷ് ബാബു പറയുന്നത്, ഇത്രയും വർഷത്തെ അധ്വാനം വെറുതെ കളഞ്ഞ് ആനുകൂല്യങ്ങളൊന്നുമില്ലാതെ എങ്ങനെ നാടണയാനാകുമെന്നാണ്. ആനുകൂല്യങ്ങൾ മത്രമല്ല  കഴിഞ്ഞ പത്തു മാസമായി തീരെ ശമ്പളവും ലഭിച്ചില്ലെന്ന് ഇദ്ദേഹം പറയുന്നു. ഇങ്ങനെ ഇന്ത്യക്കാരായ ഇരുന്നൂറോളം തൊഴിലാളികൾ ഈ കമ്പനിയിൽ തന്നെ ഉണ്ട്. ഹുഫൂഫ് , അബ്ഖൈഖ്, അൽ ഖോബാർ, അബൂ ഹദ് രിയ എന്നിവിടങ്ങളിലാണ് ഈ കമ്പനിയുടെ ക്യാംപുകൾ. ഹമദ് ദോസരിയുടെ ജുബൈൽ, ദമാം, സെക്കന്റ് ഇന്റസ്ട്രിയൽ, 91 എന്നിവിടങ്ങളിൽ നാന്നൂറോളം തൊഴിലാളികളാണ് ദുരിതം പേറി ജീവിക്കുന്നത്.  

തൊഴിൽ കോടതികളിൽ കേസ് ഫയൽ ചെയ്തിട്ടുണ്ടെങ്കിലും സ്‌പോൺസറുടെ നിസഹകരണം മൂലം വിധിയാകാതെ നീളുകളാണ്. ഇന്ത്യൻ എംബസിയിലും  വിദേശ കാര്യ മന്ത്രാലയത്തിലും തൊഴിലാളികൾ മുഖേന പലതവണ പരാതിപ്പെട്ടെങ്കിലും ഇതുവരെ പരിഹാരമായിട്ടില്ല. അസ്മീൽ ക്യാംപിലേയും സ്ഥിതി വ്യത്യസ്തമല്ല. കാലാവധി തീർന്ന ഇഖാമയും ആരോഗ്യ ഇൻഷ്വറൻസ് കാർഡും കൊണ്ട് തൊഴിലും ഭക്ഷണവും മാത്രമല്ല, ചികിത്സയും നിഷേധിക്കപ്പെട്ടിരിക്കുകയാണ്. താമസിക്കുന്ന ക്യാംപുകളിൽ പലപ്പോഴും വൈദ്യുതിയും ലഭ്യമല്ലാത്ത സ്ഥിതിയാണ്. കിഴക്കൻ പ്രവിശ്യയിലെ സാമൂഹിക സാംസ്കാരിക സംഘടനയായ നവോദയ കഴിഞ്ഞ ആറുമാസമായി ഈ ക്യാംപുകളിൽ ഭക്ഷണവും മറ്റും വിതരണം ചെയ്തുവരുന്നുണ്ട്. വിവിധ ഘട്ടങ്ങളിൽ മെഡിക്കൽ ക്യാംപുകളും സംഘടിപ്പിച്ചിരുന്നു. ചില വാട്സാപ്പ് കൂട്ടായ്മകളും ഇങ്ങനെ സാന്ത്വനവുമായി എത്താറുണ്ടെന്ന് തൊഴിലാളികൾ പറഞ്ഞു. 

നാസർ ബിൻ ഹസ്സ കമ്പനിയിൽ തൊഴിൽ ആനുകൂല്യം ഘടുക്കളായി നൽകാൻ കോടതി വിധി ആയെങ്കിലും ഒന്നോ രണ്ടോ ഘടു മാത്രമാണ് ചിലർക്കെങ്കിലും ലഭിച്ചതെന്ന് തൊഴിലാളികൾ പറയുന്നു. ദമാമിലെ സീഹാത്തിൽ ഭദ്രാണി ഭാഗത്തും ഇങ്ങനെ ദുരിതത്തിൽ കഴിയുന്ന നൂറിലധികം തൊഴിലാളികൾ ഉണ്ട്. കഴിഞ്ഞ മാസം ഇന്ത്യൻ സ്ഥാനപതി കിഴക്കൻ പ്രവിശ്യ സന്ദർശിച്ചപ്പോൾ ഇന്ത്യൻ തൊഴിലാളികൾ അനുഭവിക്കുന്ന പ്രയാസങ്ങളും വിധി തീർപ്പായിട്ടും ആനുകൂല്യം ലഭിക്കാനുള്ള കാലതാമസവും അദ്ദേഹത്തെ ബോധിപ്പിച്ചിട്ടുണ്ട്. കമ്പനികൾ പാപ്പർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ന്യായം പറഞ്ഞ് കാലതാമസം വരുത്തുകയാണ് ഉടമകൾ. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും എംബസിയും ശക്തമായ ഇടപെടൽ നടത്തിയാലല്ലാതെ ഇവരെ രക്ഷപ്പെടുത്തുക സാധ്യമല്ലെന്ന് ഇടപെട്ട സാമൂഹ്യ പ്രവർത്തകർ പറയുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com