ADVERTISEMENT

ഷാർജ ∙ മുപ്പത്തിയെട്ടാമത് ഷാർജ രാജ്യാന്തര പുസ്തകമേള (എസ്ഐബിഎഫ്) ഇൗ വർഷം ഒക്ടോബർ 30 മുതൽ നവംബർ ഒൻപത് വരെ. ഷാർജ അൽതാവൂനിലെ എക്സ്പോ സെന്ററിലാണ് മേള. ഇതോടനുബന്ധിച്ചുള്ള പ്രസാധകരുടെ സമ്മേളനം ഒക്ടോബർ 27 മുതൽ 29 വരെയും നടക്കും. ഇത്തവണ വിപുലമായ രീതിയിലാണ് പ്രസാധകരുടെ സമ്മേളനം അരങ്ങേറുക. മലയാളത്തിൽ നിന്നടക്കം ഒട്ടേറെ ഭാഷകളിൽ നിന്നുള്ള പുസ്തകങ്ങൾ അറബിക്കിലേയ്ക്കും ലോകത്തെ ഇതര ഭാഷകളിലേയ്ക്കും വിവർത്തനം ചെയ്യാനുള്ള അവകാശ കൈമാറ്റമാണ് ഇൗ സമ്മേളനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.

SBF-1

മേളയിൽ ഇന്ത്യയിൽ നിന്നുൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രസാധകരും എഴുത്തുകാരും ചിന്തകരും കലാകാരന്മാരും പങ്കെടുക്കും. ഇന്ത്യയിൽ നിന്ന് പ്രമുഖ ക്രിക്കറ്റ് താരം സചിൻ തെൻഡുൽക്കർ, ബോളിവുഡ് താരം അമിതാഭ് ബച്ചൻ എന്നിവരെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ ഇപ്രാവശ്യവും നടന്നുവരുന്നുണ്ട്. ചെയർമാൻ അഹമദ് റക്കാദ് അൽ അംരിയുടെ നേതൃത്വത്തിലുള്ള ഷാർജ ബുക്ക് അതോറിറ്റിയാണ് മേളയുടെ സംഘാടകർ. കഴിഞ്ഞ വർഷം സാംസ്കാരിക വ്യക്തിത്വമായി തിരഞ്ഞെടുക്കപ്പെട്ടത് അൾജീരിയൻ സാംസ്കാരിക മന്ത്രി അസ്സെൽദിൻ മിഹൂബിയെയായിരുന്നു. അക്ഷരങ്ങളുടെ കഥ എന്ന പ്രമേയത്തിൽ 11 ദിവസം നീണ്ടുനിന്ന മേളയിൽ ഇന്ത്യയുൾപ്പെടെ 77 രാജ്യങ്ങളിൽ നിന്ന് 16 ലക്ഷം തലക്കെട്ടുകളിലുള്ള 20 ദശലക്ഷം പുസ്തകങ്ങളുമായി 1874 പ്രസാധകർ സാന്നിധ്യമറിയിച്ചു. ഇതിൽ 80,000 പുസ്തകങ്ങൾ പുതിയതായിരുന്നു. മലയാളത്തിൽ നിന്നുള്ള എഴുത്തുകാരടക്കം 472 സാഹിത്യകാരന്മാരും കലാകാരന്മാരും പങ്കെടുത്ത 1800 പരിപാടികൾ അരങ്ങേറി.19 രാജ്യങ്ങളിൽ നിന്നുള്ള എഴുത്തുകാർ പുസ്തകങ്ങളിൽ ഒപ്പുവയ്ക്കുന്ന 200 പരിപാടികളുമുണ്ടായിരുന്നു. 

SBA
അഹമ്മദ് റക്കാദ് അൽ അംരി

ഇതിനിടെ, ഷാർജ ബുക്ക് അതോറിറ്റി (എസ്ബിഎ) അമേരിക്കയിലെ ന്യൂയോർക്ക് നഗരത്തിൽ നടന്ന ഇന്റർനാഷനൽ ത്രില്ലർ റൈറ്റേഴ്സ് വാർഷിക സമ്മേളനമായ ത്രില്ലർ ഫെസ്റ്റിൽ പങ്കെടുത്തു. എഴുത്തുകാരും ബുദ്ധിജീവികളും ഇൗ മേഖലയിലെ വ്യവസായികളും മറ്റും പങ്കെടുത്ത പരിപാടിയിൽ ഷാർജയുടെ കഴിഞ്ഞ 40 വർഷത്തെ സാംസ്കാരിക ചരിത്രം അനാവരണം ചെയ്യപ്പെട്ടു. ഇൗ വർഷത്തെ ഷാർജ രാജ്യാന്തര പുസ്തകമേളയിലേയ്ക്കും 2020ലെ ഷാർജ കുട്ടികളുടെ പുസ്തകോത്സവത്തിലേയ്ക്കും ത്രില്ലർ ഫെസ്റ്റിനെ ക്ഷണിച്ചു. 2019ലെ ലോക പുസ്തക തലസ്ഥാനമായി ഷാർജയെ യുനെസ്കോ തിരഞ്ഞെടുത്തിരുന്നു. യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുല്‍ത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിലാണ് ഷാർജ രാജ്യാന്തര പുസ്തകമേള ഒാരോ വർഷവും അരങ്ങേറുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com