ADVERTISEMENT

ദുബായ് ∙ നിർമിതബുദ്ധി (എഐ), റോബട്ടിക്സ് സാങ്കേതിക വിദ്യകളിൽ കുതിച്ചുചാട്ടം നടത്താൻ ഉന്നത വിദ്യാഭ്യാസരംഗത്ത് സമഗ്രപദ്ധതികളുമായി യുഎഇ. ഖലീഫ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ 3 സംരംഭങ്ങൾക്കു തുടക്കം കുറിക്കും. എഐ ആൻഡ് ഇന്റലിജന്റ് സിസ്റ്റംസ് ഇൻസ്റ്റിറ്റ്യൂട്ട്, എഐ ഇൻസ്റ്റ്യൂട്ട് എന്നിവ തുടങ്ങാനും മികച്ച പ്രതിഭകളെ കണ്ടെത്താൻ മുഹമ്മദ് ബിൻ സായിദ് ഇന്റർനാഷനൽ റോബട്ടിക്സ് ചാലഞ്ച് സംഘടിപ്പിക്കാനുമാണു പദ്ധതി. 5 വർഷം കൊണ്ടു ഈ രംഗത്തു വൻ മുന്നേറ്റം കൈവരിക്കുകയാണു ലക്ഷ്യം.

ഇൻസ്റ്റിറ്റ്യൂട്ടുകൾക്കും ഗവേഷണപരിപാടികൾക്കുമായി യൂണിവേഴ്സിറ്റി 32 കോടിയിലേറെ ദിർഹം ചെലവഴിക്കും. 

നിലവിൽ പുരോഗമിക്കുന്ന എമിറേറ്റ്സ് ഐസിടി ഇന്നവേഷൻ സെന്ററിനു പുറമേയാണിത്. രാജ്യാന്തര സാമ്പത്തിക ഫോറവുമായി (ഡബ്ല്യുഇഎഫ്) സഹകരിച്ചാണു യുഎഇ എമിറേറ്റ്സ് സെന്റർ എന്ന പ്രത്യേക കേന്ദ്രത്തിനു രൂപം നൽകിയത്. 

നൂതന ആശയങ്ങൾക്കു രൂപം നൽകുക, സാങ്കേതിക വിദ്യകൾ വികസിപ്പിക്കുക, സമഗ്ര വികസന നയം സമയബന്ധിതമായി പൂർത്തിയാക്കുക, ഭാവിതലമുറയെ ഇതിനായി സജ്ജമാക്കുക, ഭാവിയിലെ വെല്ലുവിളികളെ നേരിടുക തുടങ്ങിയ ദൗത്യങ്ങളാണ് എമിറേറ്റ്സ് സെന്ററിനുള്ളത്. 

റോബട്ടിക്സ്, നിർമിതബുദ്ധി, ഡേറ്റ സയൻസ്, വിവരസാങ്കേതിക വിദ്യ എന്നിവയ്ക്കായി ഒരു കുടക്കീഴിൽ  ഗവേഷണ സൗകര്യമൊരുക്കുകയാണെന്നു  ഖലീഫ യൂണിവേഴ്സിറ്റി എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ.ആരിഫ് സുൽത്താൻ അൽ ഹമ്മാദി, സീനിയർ വൈസ് പ്രസിഡന്റ് േഡാ. അഹമ്മദ് അൽ ഷുഐബി എന്നിവർ പറഞ്ഞു.

നേടാം, 50 ലക്ഷം ഡോളർ 

അടുത്തവർഷം ഫെബ്രുവരിയിൽ സംഘടിപ്പിക്കുന്ന റോബട്ടിക്സ് ചാലഞ്ചിൽ 50 ലക്ഷം ഡോളറാണ് സമ്മാനത്തുക. റോബട്ടിക്സ് മത്സര രംഗത്ത് ലോകത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയാണിത്.

ലോകത്തിലെ മികച്ച സർവകലാശാലകളിൽ നിന്നു തിരഞ്ഞെടുക്കുന്ന 34 ടീമുകളാണു പങ്കെടുക്കുക. 3 ദിവസം നീളുന്ന ചാലഞ്ചിൽ നൂതന ആശയങ്ങൾ, ശാസ്ത്ര അവബോധം, എൻജിനീയറിങ് വൈദഗ്ധ്യം എന്നിവയാകും മുഖ്യമായും പരിശോധിക്കുക. ബിരുദ, ബിരുദാനന്തര, ഗവേഷക വിദ്യാർഥികൾക്കു പങ്കെടുക്കാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com