ADVERTISEMENT

അബുദാബി ∙ ഗൾഫ് രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് വാട്ട്സാപ് വഴിയുള്ള തട്ടിപ്പ് കേരളത്തിൽ വ്യാപകമാകുന്നു. ഒരു മാസത്തിനിടെ 19 മലയാളികൾ അടക്കം 29 ഇന്ത്യക്കാരാണ് വ്യാജ തൊഴിൽ വാഗ്ദാനങ്ങൾ വിശ്വസിച്ച് യുഎഇയിലെത്തി കുടുങ്ങിയത്.  ഇതിൽ 10 മലയാളികളെ മനോരമ റിപ്പോർട്ടിനെ തുടർന്ന് അബുദാബി ഇന്ത്യൻ എംബസിയുടെയും സാമൂഹിക പ്രവർത്തകരുടെയും സഹായത്തോടെ നാട്ടിൽ എത്തിച്ചിരുന്നു. ശേഷിച്ച 9 മലയാളികൾ അടക്കം 19 ഇന്ത്യക്കാർ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്.

ഏറ്റവും ഒടുവിൽ കോഴിക്കോട് സ്വദേശികളായ റഫീഖ്, ഐനാസ്,  മണ്ണാർക്കാട് സ്വദേശികളായ നൗഫൽ, അസ്ഹറലി, എടപ്പാൾ സ്വദേശി ഫാസിൽ, പ്രവീൺ കുറ്റിപ്പുറം, അർഷൽ കൊണ്ടോട്ടി, അസീസ് മണ്ണാർക്കാട്, കൊല്ലം സ്വദേശി വിശാഖ് എന്നിവരാണ് തട്ടിപ്പിനിരയായി യുഎഇയിലെത്തിയത്. ബെസ്റ്റ് ലിങ്ക് ട്രാവൽസ് ആൻഡ് എച്ച്ആർ സൊല്യൂഷൻസിന്റെ പേരിൽ കൊപ്പം സ്വദേശി ഷെഫീഖിന്റേതായി വന്ന സന്ദേശം വിശ്വസിച്ചാണു ഇവർ വഞ്ചിക്കപ്പെട്ടത്. മികച്ച ശമ്പളവും ആനുകൂല്യങ്ങളുമുള്ള ജോലി വാഗ്ദാനം ചെയത പരസ്യത്തിൽ താൽപര്യം പ്രകടിപ്പിച്ച 9 ഉൾപ്പെടുത്തി വാട്സാപ്പിൽ ഗ്രൂപ്പുണ്ടാക്കി. ഇതുവഴി മാത്രമായിരുന്നു ഇവരുടെ ആശയവിനിമയം. വീസ നടപടിക്രമങ്ങൾക്കായി 20,000 രൂപയും വീസ നൽകിയ ശേഷം 50,000 രൂപയും ഈടാക്കിയതായി തട്ടിപ്പിനിരയായവർ പറയുന്നു.

ഷെഫീഖിന്റെ കൊപ്പം ശാഖയിലേക്കുള്ള ഫെഡറൽ ബാങ്ക് അക്കൌണ്ടിലാണ് പണം നിക്ഷേപിച്ചത്. തട്ടിപ്പിനിരയായ മാവൂർ സ്വദേശി അയനാസ് മാത്രം 2100 ദിർഹം അബുദാബി വിമാനത്താവളത്തിൽ ഇറങ്ങിയ ശേഷം പ്രാദേശിക ഏജന്റ് ഷെമീറിനാണ് കൈമാറിയത്. ദുബായിലെ ഒരു സ്വകാര്യ ടൂറിസ്റ്റ് കമ്പനിയിൽനിന്ന് 3 മാസത്തെ ടൂറിസ്റ്റ് വീസയാണ് ഇവർക്ക് നൽകിയിരിക്കുന്നത്. അജ്മാനിലെ അൽഹൂത്ത് സൂപ്പർമാർക്കറ്റിൽ ജോലി നൽകുമെന്നായിരുന്നു വാഗ്ദാനം. മറ്റെവിടെയെങ്കിലും ജോലിക്ക് ശ്രമിക്കാം എന്നാണ് പ്രാദേശിക ഏജൻറും ആലപ്പുഴ സ്വദേശിയുമായ ഷമീർ ഇപ്പോൾ പറയുന്നത്. ഓരോ ദിവസവും വ്യത്യസ്ത കമ്പനിയുടെ പേരു പറഞ്ഞ് പറ്റിക്കുകയാണെന്ന് വഞ്ചിക്കപ്പെട്ടവർ പറയുന്നു. വാഗ്ദാനം ചെയ്ത ജോലി ഇല്ലെങ്കിൽ തിരിച്ചുപോകുകയാണെന്നും വീസയ്ക്കായി വാങ്ങിയ 70,000 രൂപ തിരിച്ചുവേണമെന്നും പറഞ്ഞപ്പോൾ 1000 ദിർഹം മാത്രമേ തരൂ എന്നായിരുന്നു മറുപടി.

പറയാൻ കണ്ണീർകഥകൾ മാത്രം

job
തട്ടിപ്പിനിരയായവരിൽ ചിലർ.

നേരിൽ കാണുകയോ സംസാരിക്കുകയോ ചെയ്യാത്ത ഏജന്റിന് പണം കൊടുത്തതെന്തിന് എന്ന ചോദിക്കുമ്പോൾ തട്ടിപ്പിനിരയായവർ പറയുന്നത് കണ്ണീർ കഥകൾ. പ്രാരാബ്ദം നിറഞ്ഞ ജീവിതത്തിൽനിന്ന് കര കയറാനുള്ള ശ്രമമായിരുന്നുവെന്നാണ് അച്ഛൻ ഉപേക്ഷിച്ചുപോയ വിശാഖ് പറഞ്ഞത്. ഹൃദ്രോഗിയായ മാതാവിന്റെ ചികിത്സയ്ക്ക് പണം കണ്ടെത്താനാണ് എടപ്പാൾ സ്വദേശി ഫാസിൽ കടം വാങ്ങി വീസയ്ക്കു പണം നൽകിയത്. വാട്ട്സാപ്പിലൂടെ വരുന്ന വ്യാജ സന്ദേശത്തിൽ വിശ്വസിച്ച് പണം നൽകുമ്പോൾ വീസയുടെ നിജസ്ഥിതി അന്വേഷിക്കാത്തതാണു തട്ടിപ്പുകാർ മുതലാക്കുന്നത്.

പുതിയ തട്ടിപ്പ് വാട്സാപ്പിൽ

whatsapp
വാട്സാപ്പിൽ പ്രചരിക്കുന്ന ജോലി വാഗ്ദാനം.

വ്യാജ വാട്സാപ് പരസ്യം ഒട്ടേറെപേർ ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുമ്പോൾ പുതിയ വ്യാജ പരസ്യവുമായി തട്ടിപ്പുകാർ രംഗത്ത്. സൗദി അറേബ്യയിലേക്ക് ഇന്ത്യൻ ലൈസൻസുള്ള ഡ്രൈവർമാരെ ആവശ്യമുണ്ട് എന്നാണ് പുതിയ പരസ്യം. മികച്ച ശമ്പളവും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്ന പരസ്യത്തിൽ വാട്സാപ് ഗ്രൂപ്പിൽ ചേരാൻ ക്ഷണിച്ചുകൊണ്ടുള്ള ലിങ്കും ഉണ്ട്. ഈ ലിങ്കിൽ ചേരുന്നവരെ വാഗ്ദാനം നൽകി വലയിലാക്കുകയാണ് തട്ടിപ്പുകാർ.

സ്വയം ജോലി കണ്ടെത്തൂ: നാട്ടിലെ ഏജന്റ്

വാഗ്ദാനം ചെയ്ത ജോലി കിട്ടിയില്ലെന്നും തിരികെ പോരുകയാണെന്നും നാട്ടിലെ ഏജൻറ് ഷഫീഖിനെ വാട്ട്സാപ്പിലൂടെ അറിയിച്ചപ്പോൾ ടിക്കറ്റ് തരാനാവില്ലെന്നും യുഎഇയിൽ ഇഷ്ടംപോലെ ഒഴിവുകളുണ്ടെന്നും അത് കണ്ടുപിടിച്ച് ജോലിക്കു കയറാനുമായിരുന്നു ശബ്ദനിർദേശം. നാട്ടിൽ പൊലീസിൽ പരാതി കൊടുക്കുമെന്ന് പറഞ്ഞപ്പോൾ ഒടുവിൽ 1150 ദിർഹം നൽകാമെന്നും അറിയിച്ചു. ജോലിയെക്കുറിച്ച് ചോദിച്ചപ്പോൾ 4 പേരെ അജ്മാനിലേക്കും 5 പേരെ അൽഐനിലേക്കും മാറ്റി ഐക്യം നഷ്ടപ്പെടുത്തിയതായി റീട്ടെയിൽ മാനേജ്മെൻറ് ഡിപ്ലോമ കഴിഞ്ഞ കൊല്ലം ചാത്തനൂർ കൊയ്പ്പാട് സ്വദേശി രാജീവ് ഗാന്ധി കോളനിയിലെ വിഷ്ണുഭവനിൽ വിശാഖ് പറഞ്ഞു.

ഒന്നുമറിയില്ല: ഗൾഫിലെ ഏജന്റ്

ഷെഫീഖ് പറഞ്ഞതനുസരിച്ച് എയർപോർട്ടിൽനിന്ന് എടുത്ത് താമസ സ്ഥലത്ത് എത്തിക്കുക മാത്രമാണ് തന്റെ ജോലിയെന്ന് പ്രാദേശിക ഏജൻറ് ആലപ്പുഴ സ്വദേശി ഷെമീർ മനോരമയോടു പറഞ്ഞു. എന്തെങ്കിലും ജോലിയിൽ കയറ്റിക്കൊടുക്കാൻ ആവശ്യപ്പെട്ടതനുസരിച്ച് ശ്രമിച്ചുവരികയാണ്. ഇവർക്ക് ഷെഫീഖ് എന്തു വാഗ്ദാനം നൽകി എന്ന് എനിക്കറിയില്ല. 4 പേർക്ക് ജോലിക്കായി ശ്രമിച്ചുവരികയാണെന്നും 5 പേർക്ക് 1000 ദിർഹം വീതം തിരിച്ചുകൊടുത്തുവെന്നും ഷെമീർ പറയുന്നു. ഇതേസമയം ഷെഫീഖിന്റെ കുവൈത്തിലെ നമ്പറിൽ വിളിച്ചിട്ട് പ്രതികരണമില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com