ADVERTISEMENT

ഷാർജ ∙ തൊഴിൽതട്ടിപ്പിന്റെ കഥകൾ എങ്ങും പരക്കുമ്പോൾ സുതാര്യമായ അവസരമൊരുക്കി തൊഴിൽ അന്വേഷകർക്ക് ആശ്വാസം പകർന്ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ. ഒരു വർഷത്തിനിടെ 1200 പേർക്ക് അസോസിയേഷൻ മുഖേന തൊഴിൽ നൽകി. എല്ലാ ശനിയാഴ്ചയും യുഎഇയിലെ വിവിധ കമ്പനികൾ ഇന്ത്യൻ അസോസിയേഷനിലെത്തി റിക്രൂട്മെൻറ് നടത്തുന്നു. ഷാർജ ഇന്ത്യൻ അസോസിയേഷൻ മറ്റു ഏജൻസികളെപ്പോലെ റിക്രൂട്മെന്റിനു പണം വാങ്ങുന്നില്ല. ജോലി നഷ്ടപ്പെട്ട് യുഎഇയിൽ തുടരുന്നവർക്കും ഫാമിലി വീസയിലും സന്ദർശക വീസയിലും ഇവിടെയെത്തിയവർക്കും അഭിമുഖങ്ങളിൽ പങ്കെടുക്കാനാകുമെന്നു ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഇ.പി.ജോൺസൻ അറിയിച്ചു.

iasjobcell.com എന്ന വെബ്സൈറ്റിലൂടെയും വാട്സാപ് സന്ദേശങ്ങളിലൂടെയുമാണു റിക്രൂട്മെന്റിനെക്കുറിച്ചുള്ള വിവരങ്ങൾ അറിയിക്കുന്നത്. ഷാർജയിലെ ഇന്ത്യൻ അസോസിയേഷൻ ഓഫിസിൽ നേരിട്ടെത്തി കമ്പനികൾ ഉദ്യോഗാർഥികളുമായി അഭിമുഖം നടത്തും. ഇതുമൂലം ഇടനിലക്കാരോ മറ്റു പ്രശ്നങ്ങളോ ഉണ്ടാകാറില്ലെന്ന് ഇ.പി.ജോൺസൺ പറഞ്ഞു. റിക്രൂട്മെന്റ് നടത്താൻ വരുന്ന കമ്പനികളുടെ വിവരങ്ങൾ കൃത്യമായി മനസ്സിലാക്കിയാണ് ജോബ് സെല്ലിൽ പങ്കെടുക്കാൻ അവസരം നൽകുന്നത്. അസോസിയേഷന്റെ ജോബ് സെല്ലിലെ പതിനാലംഗ കമ്മിറ്റിയാണ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.

മെക്കാനിക്കൽ, ഇലക്ട്രോണിക്സ്, സിവിൽ എൻജിനീയറിങ് ജോലികളിലേക്കാണ് കൂടുതൽ അവസരങ്ങൾ. ഓഫിസ് അഡ്മിനിസ്ട്രേഷൻ, അലൂമിനിയം ഫാബ്രിക്കേഷൻ തുടങ്ങിയ ജോലികളിലേക്കും ജോബ് സെൽ വഴി ജോലി ലഭിച്ചു. റിക്രൂട്മെന്റുകളിൽ പങ്കെടുക്കാനെത്തുന്നവർക്ക് യുഎഇയിലെ ജോലി സാധ്യതകളെക്കുറിച്ചും ആശയവിനിമയം, വ്യക്തിത്വ വികസനം തുടങ്ങിയവയെക്കുറിച്ചും സൗജന്യ സെമിനാറുകളും സംഘടിപ്പിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com