ADVERTISEMENT

ദുബായ് ∙ ദുബായ്–ഷാർജാ യാത്രയുടെ ദൈർഘ്യം കുറയ്ക്കുന്ന ട്രിപൊളി റോഡ് നവീകരണ പദ്ധതി പൂർത്തിയായി. ഇന്ന് മുതൽ ദുബായിൽ നിന്ന് ഷാർജയിലെത്താൻ പതിവിലും കുറഞ്ഞ സമയം മതിയാകുമെന്ന് ദുബായ് റോഡ്സ് ആന്‍ഡ് ട്രാൻസ്പോർട് അതോറിറ്റി (ആർടിഎ) അധികൃതർ അറിയിച്ചു. 12 കിലോ മീറ്റർ ദൂരം വരുന്ന ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിനും എമിറേറ്റ്സ് റോഡിനുമിടയിൽ സഞ്ചരിക്കാൻ എട്ട് മിനിറ്റ് കുറയുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. 

ട്രിപൊളി–ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ് ജംഗ്ഷനിൽ (മിർദിഫ് സിറ്റി സെന്ററിനടുത്ത്) നിന്ന് ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ റോഡ് 6.5 കിലോ മീറ്റർ വ്യാപിപ്പിക്കുകയും എമിറേറ്റ്സ് റോഡിൽ 5.3 കി.മീറ്റർ ദൂരം ഇരുവശത്തും മൂന്ന് വരികളാക്കി നീട്ടിയുമാണ് വികസനപ്രവർത്തനം പൂർത്തിയാക്കിയത്. അൽ അമർദി–അൽ ഖവാനീജ് സ്ട്രീറ്റുകൾക്കും അൽ അവീർ–റാസൽഖോർ റോഡുകൾക്കും സമാന്തരമായി നടവഴിയോടെ ഇന്റർസെക് ഷൻ നവീകരിച്ചിട്ടുണ്ട്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശാനുസരണമാണ് ഇൗ പദ്ധതി ആവിഷക്രിച്ച് പൂർത്തിയാക്കിയതെന്ന് ആർടിഎ ചെയർമാൻ മത്താർ അൽ തായർ പറഞ്ഞു. ആർടിഎയുടെ പഞ്ചവത്സര പദ്ധതിയിലുള്‍പ്പെടുത്തിയായിരുന്നു വികസനം.

ദുബായിക്കും ഷാർജയ്ക്കും ഗുണകരം

പുതിയ വികസന പദ്ധതിയുടെ പൂർത്തീകരണം ദുബായിലും ഷാർജയിലും താമസിക്കുന്നവർക്ക് ഏറെ ഗുണകരമാകുമെന്ന് അൽ തായർ പറഞ്ഞു. ഇരു എമിറേറ്റുകളും തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡുകളിലെ ഗതാഗത പ്രശ്നത്തിനും പരിഹാരമാകും. അൽ വർഖയിലേയ്ക്കും മിർദിഫിലേയ്ക്കുമുള്ള യാത്രയും സുഗമമാക്കും. ഒരു വശത്ത് നിന്ന് 6,000 വാഹനങ്ങളടക്കം ഇരു ഭാഗത്ത് നിന്നും 12,000 വാഹനങ്ങൾ മണിക്കൂറിൽ ഇൗ പാതയിലൂടെ സഞ്ചരിക്കാൻ സാധിക്കും. 

ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ നിന്ന് ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ റോഡിലെത്താനുള്ള യാത്ര 11 മിനിറ്റിൽ നിന്ന് 4.5 മിനിറ്റായി (64%) കുറയ്ക്കുകയും ചെയ്യും. ഷെയ്ഖ് മുഹമ്മദ് സായിദ് റോഡിൽ നിന്ന് എമിറേറ്റ്സ് റോഡിലേയ്ക്ക് തിരക്കേറിയ സമയങ്ങളിൽ മണിക്കൂറിൽ 2,000 വാഹനങ്ങൾക്ക് സഞ്ചരിക്കാം. ‌

കൂടാതെ, ട്രിപൊളി–അൽജിയേഴ്സ് സ്ട്രീറ്റിൽ നിന്ന് ടണലിലേയ്ക്ക് ഇരുഭാഗങ്ങളിലും മൂന്ന് വരികളാക്കി ഉയർത്തി. എമിറേറ്റ്സ് റോഡിന്റെ രണ്ടു ഭൂഗർപാതകളിൽ ഒട്ടകങ്ങൾക്ക് റോഡ്  കടക്കാനുള്ള വഴികള്‍ക്കും വീതികൂട്ടിയിട്ടുണ്ട്. ഷാർജയിലേയ്ക്ക് ട്രിപൊളി സ്ട്രീറ്റിൽ നിന്ന് എമിറേറ്റ്സ് റോഡിലേയ്ക്ക് പോകുന്ന ഭാഗത്ത് മൂന്ന് വരികളുള്ള പാലവും നിർമിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com